Featured Sports

ആര്യനായിരുന്നപ്പോള്‍ ഇന്ത്യയിൽ പുരുഷന്മാർക്കൊപ്പം കളിച്ചു, ഇനി അനയ ഓസ്‌ട്രേലിയയിൽ വനിതാ ബിഗ് ബാഷ് ലീഗിൽ

മുംബൈ : മുൻ ഇന്ത്യൻ ക്രിക്കറ്റ് താരവും ബാറ്റിങ് പരിശീലകനുമായിരുന്ന സഞ്ജയ് ബംഗാറിന്റെ മകൾ അനായ ബംഗാറിന് ഓസ്‌ട്രേലിയയിൽ വനിതകളുടെ കമ്യൂണിറ്റി ക്രിക്കറ്റിൽ കളിക്കാൻ അനുമതി ലഭിച്ചു. ഈ വർഷം മാർച്ചിലായിരുന്നു അനായ ലിംഗമാറ്റ ശസ്ത്രക്രിയ പൂർത്തിയാക്കിയത്. തനിക്ക് ഇനി ഒരിക്കലും ക്രിക്കറ്റിലേക്ക് തിരിച്ചെത്താൻ കഴിയില്ലെന്ന് ഭയന്നിരുന്ന ഘട്ടത്തിൽ വീണ്ടുമൊരു അവസരം നൽകിയ ക്രിക്കറ്റ് ഓസ്‌ട്രേലിയയോട് വലിയ നന്ദിയുണ്ടെന്ന് സന്തോഷം പങ്കുവെച്ച് അനായ ‘ദി ഇന്ത്യൻ എക്സ്പ്രസിനോട്’ വ്യക്തമാക്കി.

മുൻപ് പുരുഷനായിരുന്നപ്പോള്‍ ആര്യൻ ബംഗാർ എന്ന പേരിൽ മുംബൈയ്ക്കായി സർഫറാസ് ഖാൻ, മുഷീർ ഖാൻ എന്നിവർക്കൊപ്പം അനായ ആഭ്യന്തര മത്സരങ്ങളിൽ കളിച്ചിരുന്നു. എന്നാൽ വിമൻസ് ബിഗ് ബാഷ് ലീഗ് (ഡബ്ല്യുബിബിഎൽ) പോലുള്ള ഉയർന്ന തലത്തിലുള്ള മത്സരങ്ങളിൽ പങ്കെടുക്കണമെങ്കിൽ ഇനി ടെസ്റ്റോസ്റ്റിറോൺ നിലയുമായി ബന്ധപ്പെട്ട കർശന മാനദണ്ഡങ്ങൾ പാലിക്കേണ്ടതുണ്ട്. പ്രായപൂർത്തിയാകുന്ന സമയത്ത് പുരുഷന്മാരായിരുന്ന ട്രാൻസ്‌ജെൻഡർ താരങ്ങൾക്ക് അന്താരാഷ്ട്ര വനിതാ ക്രിക്കറ്റിൽ ഐസിസി വിലക്കേർപ്പെടുത്തിയിട്ടുള്ള കാര്യവും ശ്രദ്ധേയമാണ്.

ഓസ്‌ട്രേലിയയിലെ എലൈറ്റ് ക്രിക്കറ്റ് നയമനുസരിച്ച് രക്തത്തിലെ ടെസ്റ്റോസ്റ്റിറോണിന്റെ അളവ് തുടർച്ചയായി 12 മാസം 10 നാനോമോൾസ് പെർ ലീറ്ററിൽ താഴെയായി നിലനിർത്തേണ്ടതുണ്ട്. 2027 മാർച്ച് മുതൽ നടത്തുന്ന രക്തപരിശോധനകളുടെ ഫലവും യോഗ്യതാ മാനദണ്ഡങ്ങളും അടിസ്ഥാനമാക്കിയായിരിക്കും എലൈറ്റ് തലത്തിലുള്ള മത്സരങ്ങളിലെ പങ്കാളിത്തമെന്ന് ക്രിക്കറ്റ് ഓസ്‌ട്രേലിയയുടെ ഹെഡ് ഓഫ് ഇന്റഗ്രിറ്റി ജാക്വി പാർട്രിഡ്ജ് അനായയ്ക്ക് അയച്ച കത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.