തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയെ പരസ്യമായി വെല്ലുവിളിച്ച് അദ്ദേഹത്തിന്റെ മന്ത്രിസഭാംഗത്തിന്റെ മകള്‍ രംഗത്തെത്തിയതോടെ കോൺഗ്രസിലെ പടലപ്പിണക്കങ്ങൾ വീണ്ടും മറനീക്കി പുറത്തുവന്നിരിക്കുകയാണ്. മുതിര്‍ന്ന കോൺഗ്രസ് നേതാവും മന്ത്രിയുമായ കൊണ്ട സുരേഖയുടെ മകള്‍ കൊണ്ട സുഷ്മിതയാണ് പൊതുവേദിയില്‍ മുഖ്യമന്ത്രിക്കെതിരെ രൂക്ഷമായ വിമർശനങ്ങൾ ഉന്നയിച്ചത്. പര്ക്കല് മണ്ഡലത്തിൽ നിന്നും മത്സരിക്കാനുള്ള ആഗ്രഹം സുഷ്മിത നേരത്തെ പ്രകടിപ്പിച്ചിരുന്നു. എന്നാൽ സിറ്റിങ് എംഎല്‍എയായ രേവൂരി പ്രകാശ് റെഡ്ഡിക്ക് രേവന്ത് റെഡ്ഡിയുടെ പിന്തുണ ലഭിച്ചതാണ് സുഷ്മിതയെ ചൊടിപ്പിച്ചതും കലാപക്കൊടി ഉയർത്താൻ ഇടയാക്കിയതും.
രേവൂരിയെ പരസ്യമായി പിന്തുണയ്ക്കാനുള്ള മുഖ്യമന്ത്രിയുടെ നിലപാട് തെറ്റാണെന്ന് ചൂണ്ടിക്കാട്ടിയ സുഷ്മിത, രണ്ട് വര്‍ഷം കാത്തിരിക്കാതെ ഇപ്പോഴേ രാജി വച്ച് തിരഞ്ഞെടുപ്പിനെ നേരിടാൻ അദ്ദേഹത്തെ വെല്ലുവിളിച്ചു. ‘രണ്ട് വര്‍ഷം കാത്തിരിക്കുന്നതെന്തിന്? ഇപ്പോ തന്നെ രാജി വയ്ക്കാന്‍ പറയൂ, എന്നിട്ട് തിരഞ്ഞെടുപ്പിനെ നേരിടാന്‍ പറ, നിങ്ങളോ,നിങ്ങളുടെ അച്ഛനോ, ഇനി അപ്പൂപ്പനോ നിന്നാലും പര്‍ക്കലിലെ എംഎല്‍എ ഞാന്‍ തന്നെയാകും’ – എന്നാണ് തുറന്നടിച്ചത്.
ആര് എതിർത്തു നിന്നാലും പര്‍ക്കലിലെ അടുത്ത എംഎല്‍എ താൻ തന്നെയായിരിക്കുമെന്നും കോൺഗ്രസ് ടിക്കറ്റ് നൽകിയില്ലെങ്കിൽ സ്വതന്ത്രയായി മൽസരിക്കുമെന്നും അവർ തുറന്നടിച്ചു. തന്റെ സ്ഥാനാർത്ഥിത്വം തീരുമാനിക്കാൻ രേവന്ത് റെഡ്ഡിക്ക് അവകാശമില്ലെന്ന് വ്യക്തമാക്കിയ സുഷ്മിത, അദ്ദേഹത്തിന്റെ കുടുംബത്തിനെതിരെയുള്ള അഴിമതി ആരോപണങ്ങൾ പുറത്തുവിടുമെന്നും മുന്നറിയിപ്പ് നൽകി.
സംഭവം വിവാദമായതോടെ വിഷയത്തിൽ അടിയന്തരമായി ഇടപെട്ട് പടലപ്പിണക്കങ്ങൾ പരിഹരിക്കാനുള്ള ശ്രമങ്ങളിലാണ് കോൺഗ്രസ് നേതൃത്വം. മുഖ്യമന്ത്രിക്കെതിരെ മകൾ നടത്തിയ പരാമർശങ്ങളിൽ മൂന്ന് ദിവസത്തിനകം വിശദീകരണം നൽകണമെന്ന് മന്ത്രി കൊണ്ട സുരേഖയോട് പാർട്ടി അച്ചടക്ക സമിതി ആവശ്യപ്പെട്ടിട്ടുണ്ട്. വിഭാഗീയ പ്രവർത്തനങ്ങളുടെ പേരിൽ മുതിർന്ന നേതാവ് ജക്കിഡി പ്രഭാകർ റെഡ്ഡിയെ പാർട്ടിയിൽ നിന്ന് സസ്പെൻഡ് ചെയ്യുകയും മറ്റു മുതിർന്ന നേതാക്കളോട് വിശദീകരണം തേടുകയും ചെയ്തിട്ടുണ്ട്.
നേരത്തെ മുൻനിര നേതാക്കളിൽ ചിലരും രേവന്ത് റെഡ്ഡിയുടെ ഭരണരീതിക്കും അഴിമതിക്കുമെതിരെ രംഗത്തുവന്നിരുന്നു. തെലങ്കാന കോൺഗ്രസിലെ മുതിർന്ന നേതാക്കളും മന്ത്രിമാരും ഉൾപ്പെടുന്ന ഒരു വിഭാഗം വരും ദിവസങ്ങളിൽ രേവന്ത് റെഡ്ഡിക്കെതിരെ നീക്കങ്ങൾ ശക്തമാക്കുമെന്നാണ് സൂചന. അതേസമയം, തെലങ്കാന പ്രദേശ് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റും ചില പ്രമുഖ എംപിമാരും മന്ത്രിമാരും നിലവിൽ മുഖ്യമന്ത്രിക്ക് പൂർണ്ണ പിന്തുണയുമായി ഒപ്പമുണ്ട്. നേതാക്കൾ തമ്മിലുള്ള ഈ കടുത്ത ഭിന്നതയിൽ ഹൈക്കാമാൻഡ് എന്ത് നിലപാട് സ്വീകരിക്കുമെന്നാണ് ഏവരും ഉറ്റുനോക്കുന്നത്.




