മുംബൈ: ബോളിവുഡ് നടൻ ടൈഗർ ഷ്രോഫിന് നേരെ വെടിയുതിർത്ത കേസിൽ പിടിയിലായ ഷൂട്ടർമാർ യഥാർത്ഥത്തിൽ ആക്രമിക്കാൻ പദ്ധതിയിട്ടിരുന്നത് നടൻ സൽമാൻ ഖാനെയാണെന്ന് പുതിയ വെളിപ്പെടുത്തൽ. പ്രതികൾ ലക്ഷ്യമിട്ടിരുന്നത് മറ്റൊരു വിഐപിയെയാണെന്ന് നേരത്തെ വാർത്തകൾ ഉണ്ടായിരുന്നുവെങ്കിലും, അത് സൽമാൻ ഖാനായിരുന്നുവെന്ന് മുംബൈ പോലീസിനെ ഉദ്ധരിച്ച് ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്യുന്നു.
മുംബൈയിലെത്തിയ പ്രതികൾ ആദ്യം സൽമാൻ ഖാന്റെ വീടിന്റെ പരിസരം നിരീക്ഷിച്ചെങ്കിലും ശക്തമായ പോലീസ് സുരക്ഷ കാരണം ആ ശ്രമം ഉപേക്ഷിക്കുകയായിരുന്നു. 2024-ൽ സൽമാന്റെ വീടിന് നേരെ വെടിവെയ്പ്പുണ്ടായതിനെ തുടർന്ന് വൈ-പ്ലസ് സുരക്ഷയിലുള്ള അദ്ദേഹത്തിന്റെ വസതിക്ക് ചുറ്റും 24 മണിക്കൂറും പോലീസ് നിരീക്ഷണമുണ്ട്. കൂടാതെ അദ്ദേഹം യാത്ര ചെയ്യുമ്പോഴെല്ലാം സായുധരായ പോലീസുകാരും കൂടെയുണ്ടാകും. എന്നാൽ ടൈഗർ ഷ്രോഫ് എല്ലാ ഞായറാഴ്ചയും ജുഹുവിലെ ഫുട്ബോൾ ഗ്രൗണ്ടിലെത്താറുണ്ടെന്നും അവിടെ സുരക്ഷ കുറവാണെന്നും മനസ്സിലാക്കിയാണ് പ്രതികൾ അങ്ങോട്ടേക്ക് നീങ്ങിയത്. ആക്രമണത്തിന് പിന്നാലെ ലോറൻസ് ബിഷ്ണോയി സംഘം ഉത്തരവാദിത്തമേറ്റെടുക്കുകയും സൽമാനുമായി സഹകരിക്കുന്നവരെ ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു.
അതേസമയം, സംഭവവുമായി ബന്ധപ്പെട്ട് രണ്ട് സ്ത്രീകളടക്കം നാല് പേരെ ഡൽഹി പോലീസ് സ്പെഷ്യൽ സെൽ ഹരിയാനയിലെ സോണിപത്തിൽ നിന്ന് അറസ്റ്റ് ചെയ്തു. കുനാൽ (21), സുമിത് (19), രാധ (23), ബബിത (23) എന്നിവരാണ് പിടിയിലായത്. ലോറൻസ് ബിഷ്ണോയി സംഘത്തിന് വേണ്ടി ആയുധങ്ങൾ കൈമാറ്റം ചെയ്യാൻ നിയോഗിക്കപ്പെട്ടവരായിരുന്നു ഈ സ്ത്രീകൾ. ഇവരാണ് ഹരിയാനയിൽ നിന്ന് മുംബൈയിലേക്ക് ആയുധങ്ങൾ എത്തിച്ചു നൽകിയത്. സംഭവവുമായി നേരിട്ട് ബന്ധമുള്ള മറ്റ് മൂന്ന് ഷൂട്ടർമാരെ ഇന്നലെ രാജസ്ഥാൻ പോലീസ് കോട്ടയിൽ നിന്ന് പിടികൂടി മുംബൈ പോലീസിന് കൈമാറിയിരുന്നു.




