Crime

‘അവളുടെ സമ്മതമില്ലാതെ തന്നെ പ്രസവം നിർത്തണം മാഡം……രണ്ട് വയസുകാരന്റെ മരണത്തില്‍ അമ്മയ്‌ക്കെതിരെ നാട്ടുകാര്‍ മന്ത്രിയോട്

ആലപ്പുഴ കാർത്തികപ്പള്ളിയിൽ രണ്ട് വയസുകാരൻ പോഷകാഹാരക്കുറവ് മൂലം മരിച്ച സംഭവത്തിൽ ശക്തമായ നടപടി സ്വീകരിക്കുമെന്ന് മന്ത്രി ബിന്ദു കൃഷ്ണ അറിയിച്ചു. പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ കുട്ടിയുടെ വയറ്റിൽ ഒന്നുമില്ലായിരുന്നുവെന്നത് ഒരു അമ്മയെന്ന നിലയിൽ സഹിക്കാനാവാത്ത കാര്യമാണെന്ന് മന്ത്രി പറഞ്ഞു. മാതാപിതാക്കൾ മക്കളുടെ സംരക്ഷണം ഉറപ്പാക്കുമെന്ന് വിശ്വസിക്കുമെങ്കിലും ഈ അനുഭവം നമ്മളെ മറിച്ചാണ് പഠിപ്പിക്കുന്നത്. ശേഷിക്കുന്ന കുട്ടികളെ വനിതാ ശിശുവികസന വകുപ്പ് ഏറ്റെടുക്കുമെന്നും അമ്മയ്ക്ക് ആവശ്യമായ കൗൺസിലിംഗും സഹായങ്ങളും ലഭ്യമാക്കുമെന്നും മന്ത്രി വ്യക്തമാക്കി.

അതേസമയം രണ്ട് വയസുകാരന്റെ മരണത്തിൽ രാജേഷിനും താരയ്ക്കുമെതിരെ ഗുരുതര ആരോപണങ്ങളാണ് നാട്ടുകാരും പൊതുപ്രവർത്തകരും ഉന്നയിക്കുന്നത്. ദമ്പതികളുടെ ഏഴ് മക്കളിൽ രണ്ട് പേർ പട്ടിണി കിടന്നാണ് മരിച്ചതെന്ന് നാട്ടുകാർ മന്ത്രിയെ അറിയിച്ചു. കുട്ടികൾക്ക് താരയും രാജേഷും മതിയായ ഭക്ഷണം നൽകിയിരുന്നില്ലെന്നും വിശന്നിരിക്കുന്ന കുട്ടികൾക്ക് അയൽപക്കക്കാരാണ് പലപ്പോഴും ആഹാരം നൽകിയിരുന്നതെന്നും അവർ പറഞ്ഞു. അങ്കണവാടികൾ വഴി ഗർഭിണികൾക്കും മുലയൂട്ടുന്ന അമ്മമാർക്കും കുഞ്ഞുങ്ങൾക്കും ധാരാളം പോഷകാഹാരം വിതരണം ചെയ്യുന്നുണ്ടെങ്കിലും, ഇവ മക്കൾക്ക് കൊടുക്കാതെ മാതാപിതാക്കൾ തന്നെയാണ് കഴിച്ചിരുന്നതെന്നും പൊതുപ്രവർത്തകർ ആരോപിക്കുന്നു.

വളരെ മലിനമായ അന്തരീക്ഷത്തിൽ പൊടിയും അഴുക്കും നിറഞ്ഞ ചുറ്റുപാടിലാണ് കൈക്കുഞ്ഞടക്കമുള്ള കുട്ടികൾ കഴിഞ്ഞിരുന്നത്. വാതിലുകൾ പോലുമില്ലാത്ത വീടും വൃത്തിഹീനമായ കിടക്കകളുമായിരുന്നു അവിടെയുണ്ടായിരുന്നത്. ഇവർക്ക് ലൈഫ് പദ്ധതി പ്രകാരം വീട് നിർമിച്ചു നൽകാൻ ശ്രമിച്ചെങ്കിലും വസ്തു തർക്കം തടസമാവുകയായിരുന്നു. കുട്ടികളുടെ അച്ഛന്റെ അമ്മയും മക്കളുമായുള്ള കേസും മൂത്ത സഹോദരന്റെ ഭാര്യയുമായി ബന്ധപ്പെട്ട തർക്കങ്ങളുമാണ് വീട് നിർമാണത്തിന് തടസമായതെന്ന് പഞ്ചായത്ത് അധികൃതർ വിശദീകരിച്ചു.

ഇവരുടെ മോശം ജീവിതാവസ്ഥ കണ്ട് പൊതുപ്രവർത്തകർ ഇടപെട്ട് കുട്ടികളെ ഗാന്ധിഭവനിൽ പ്രവേശിപ്പിച്ചിരുന്നെങ്കിലും, അവിടെച്ചെന്ന് ജീവനൊടുക്കുമെന്ന് ഭീഷണിപ്പെടുത്തി അമ്മ കുട്ടികളെ തിരികെ കൊണ്ടുവരികയാണുണ്ടായത്. ഒക്ടോബർ ആറിന് ശിശുക്ഷേമസമിതി ഉദ്യോഗസ്ഥരും പഞ്ചായത്ത് അധികൃതരും ഡോക്ടറും പോലീസും അടങ്ങുന്ന സംഘം കുട്ടികളെ ഏറ്റെടുക്കാൻ വീട്ടിലെത്തിയപ്പോൾ, പൂർണ ഗർഭിണിയായിരുന്ന അമ്മ സ്വന്തം വയറ്റിലടിച്ച് കുഞ്ഞിനെ കൊല്ലുമെന്നും താനും ചാകുമെന്നും പറഞ്ഞ് ആത്മഹത്യാ ഭീഷണി മുഴക്കിയതായി വാർഡ് മെമ്പർ പറഞ്ഞു. ഇതോടെ ഉദ്യോഗസ്ഥർക്ക് പിന്തിരിയേണ്ടി വരികയായിരുന്നു.

കുട്ടികളെ ശരിയായി വളർത്താൻ സാധിക്കാത്തതിനാൽ പ്രസവം നിർത്തണമെന്ന് പൊതുപ്രവർത്തകർ ആവശ്യപ്പെട്ടെങ്കിലും താര അതിന് തയ്യാറായില്ല. യുവതിയുടെ സമ്മതമില്ലാതെ പ്രസവം നിർത്താൻ കഴിയില്ലെന്ന് ഡോക്ടറും വ്യക്തമാക്കുകയായിരുന്നു. സ്വന്തം കുട്ടികളെ സ്കൂളിൽ വിടാനോ കുളിപ്പിക്കാനോ ഭക്ഷണം നൽകാനോ പോലും യുവതി തയ്യാറായിരുന്നില്ലെന്നും, ഒമ്പത് വയസുള്ള മൂത്ത കുട്ടിയെക്കൊണ്ടാണ് ഇളയ കുട്ടികളുടെ കാര്യങ്ങൾ ചെയ്യിപ്പിച്ചിരുന്നതെന്നും നാട്ടുകാർ ആരോപിക്കുന്നു. പൊതുപ്രവർത്തകരും അധികൃതരും ചേർന്ന് കുട്ടികളെ സ്കൂളിലാക്കാൻ ശ്രമിച്ചെങ്കിലും മാതാപിതാക്കൾ അതിനെയും എതിർത്തു.

താരയുടെ സമ്മതമില്ലാതെ തന്നെ പ്രസവം നിർത്തണമെന്നും കുഞ്ഞുങ്ങളെ ഒരു കാരണവശാലും മാതാപിതാക്കൾക്ക് തിരികെ നൽകരുതെന്നുമാണ് നാട്ടുകാർ മന്ത്രിയോട് ആവശ്യപ്പെട്ടിരിക്കുന്നത്. ശനിയാഴ്ച രാവിലെ മരിച്ച രണ്ട് വയസുകാരന്റെ പോസ്റ്റുമോർട്ടം റിപ്പോർട്ടിലാണ് പോഷകാഹാരക്കുറവാണ് മരണകാരണമെന്ന് വ്യക്തമായത്. മുൻപും ഇവരുടെ മറ്റൊരു ആൺകുട്ടി സമാനരീതിയിൽ മരിച്ചിരുന്നു. നിലവിൽ നാല് പെൺകുട്ടികളെ ശിശുക്ഷേമസമിതി ഏറ്റെടുത്തിട്ടുണ്ടെന്നും, അമ്മയും ഏഴാമത്തെ ആൺകുട്ടിയും വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിലാണെന്നും അധികൃതർ അറിയിച്ചു.