ഞായറാഴ്ച ഉച്ചതിരിഞ്ഞ് ബീച്ചുപള്ളിയിലെ കൃഷ്ണ നദി പുഷ്കർ ഘട്ടിൽ പ്രത്യക്ഷപ്പെട്ട കൂറ്റൻ മുതല ഭക്തരെയും സന്ദർശകരെയും ഒരുപോലെ അമ്പരപ്പിച്ചു. തിരക്കേറിയ ഘട്ടിലേക്ക് നദിയിൽ നിന്ന് മുതല കയറിവന്നതിനെ തുടർന്ന് ക്ഷേത്ര പൂജാരി അനിൽ ശർമ്മ അതിന് പ്രത്യേക പൂജകൾ ചെയ്തു.
അവധി ദിവസങ്ങളായതിനാൽ അഞ്ജനേയ സ്വാമി ക്ഷേത്രത്തിൽ പ്രാർത്ഥന നടത്താനും അതിനുശേഷം നദീതീരത്ത് സമയം ചെലവഴിക്കാനും വൻ ഭക്തജനത്തിരക്കായിരുന്നു. ഇതിനിടയിലാണ് അപ്രതീക്ഷിതമായി മുതല ഘട്ടിലേക്ക് കയറിവന്നത്. തുടക്കത്തിൽ ജനങ്ങളിൽ വലിയ പരിഭ്രാന്തി സൃഷ്ടിച്ചു. തുടർന്ന് മുതല സമീപത്തുള്ള ഒരു കെട്ടിടത്തിനുള്ളിലേക്ക് കയറിയത് ആശങ്ക വർദ്ധിപ്പിച്ചു.
എന്നാൽ ഭയന്നുമാറുന്നതിന് പകരം പൂജാരി അനിൽ ശർമ്മ മുതലയുടെ അടുത്തേക്ക് ചെല്ലുകയും മന്ത്രങ്ങൾ ജപിച്ച് അഭിഷേകം ഉൾപ്പെടെയുള്ള പൂജകൾ ചെയ്യുകയും ചെയ്തു. ഇതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. മഴയുടെ ദൈവമായ വരുണ ഭഗവാന്റെ വാഹനമാണ് മുതലയെന്നും, നാടിന്റെ സമൃദ്ധിക്കും നല്ല മഴയ്ക്കും വേണ്ടിയാണ് താൻ പൂജ നടത്തിയതെന്നും അനിൽ ശർമ്മ വ്യക്തമാക്കി.
കനത്ത മഴയെ തുടർന്ന് കൃഷ്ണ നദിയിൽ മുതലകളുടെ സാന്നിദ്ധ്യമുണ്ടാകാൻ സാധ്യതയുണ്ടെന്ന് പോലീസ് നേരത്തെ തന്നെ ഭക്തർക്ക് മുന്നറിയിപ്പ് നൽകിയിരുന്നു. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ വനംവകുപ്പ് ഉദ്യോഗസ്ഥർ പ്രാദേശിക മത്സ്യത്തൊഴിലാളികളുടെ സഹായത്തോടെ കയറുകൾ ഉപയോഗിച്ച് മുതലയെ സുരക്ഷിതമായി പിടികൂടുകയും പിന്നീട് കൃഷ്ണ നദിയിലേക്ക് തന്നെ തിരികെ വിടുകയും ചെയ്തു.




