Oddly News

മെസ്സേജ്, ഡേറ്റുിംഗ് പ്ലാൻ, പിണക്കങ്ങൾക്ക് പരിഹാരം; എല്ലാം കാമുകനല്ല, മറിച്ച് AI ചാറ്റ് ബോട്ട്! എട്ടിന്റെ പണി നൽകി പെൺകുട്ടി

ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) നിയന്ത്രിക്കുന്ന പ്രണയബന്ധങ്ങൾ ഏതെങ്കിലും സയൻസ് ഫിക്ഷൻ സിനിമകളിലെ കഥയായി തോന്നാമെങ്കിലും, അതൊരു യാഥാർത്ഥ്യമായി മാറിയിരിക്കുന്നു എന്ന് വ്യക്തമാക്കുന്ന സോഷ്യൽ മീഡിയ പോസ്റ്റ് വൈറലാകുന്നു. തങ്ങളുടെ പ്രണയബന്ധത്തിലെ പ്രധാന കാര്യങ്ങളെല്ലാം കാമുകൻ AI ഉപയോഗിച്ചാണ് കൈകാര്യം ചെയ്തതെന്ന് കണ്ടെത്തിയതിനെ തുടർന്ന് കൂട്ടുകാരി ബന്ധം വേർപെടുത്തിയതായി ഡെലിയ ലാസറെസ്കു എന്ന യുവതി എക്‌സിൽ കുറിച്ചു.

കാമുകൻ വളരെ ശ്രദ്ധാലുവാണെന്നാണ് യുവതി ആദ്യം കരുതിയിരുന്നത്. എന്നാൽ സന്ദേശങ്ങൾ അയക്കുന്നതും, യാത്രകളും ഡേറ്റുകളും പ്ലാൻ ചെയ്യുന്നതും, പിണക്കങ്ങൾ പരിഹരിക്കാൻ ശ്രമിക്കുന്നതുമെല്ലാം കാമുകനല്ല, മറിച്ച് ഒരു എഐ ഏജന്റാണെന്ന് പിന്നീട് വ്യക്തമായി. ഇതോടെ കാമുകന്റെ വൈകാരികമായ ഇടപെടലുകളല്ല, ഒരു കമ്പ്യൂട്ടർ പ്രോഗ്രാമാണ് താൻ അനുഭവിച്ചറിഞ്ഞതെന്ന് മനസ്സിലാക്കിയ യുവതി ബന്ധം അവസാനിപ്പിക്കുകയായിരുന്നു.

ഈ പോസ്റ്റ് പങ്കുവെക്കപ്പെട്ടതോടെ സോഷ്യൽ മീഡിയയിൽ വൻ ചർച്ചകൾക്ക് വഴിതെളിച്ചു. പ്രണയവും വികാരങ്ങളും പോലും എഐ-ക്ക് ഔട്ട്‌സോഴ്‌സ് ചെയ്ത കാമുകനെപ്പറ്റി “സ്നേഹവും പ്രണയവും എഐ നിർമ്മിതമായി മാറിയിരിക്കുന്നു” എന്ന് പലരും പരിഹസിച്ചു. വികാരങ്ങളെ ഒരു അൽഗോരിതത്തിന് പണയം വെച്ച രീതി ക്രൂരമാണെന്ന് ചിലർ അഭിപ്രായപ്പെട്ടപ്പോൾ, സമയലാഭത്തിനും കാര്യങ്ങൾ ഭംഗിയായി പ്ലാൻ ചെയ്യാനും എഐ ഉപയോഗിക്കുന്നതിൽ തെറ്റില്ലെന്ന് വാദിച്ചവരുമുണ്ട്. നിലവിൽ ഡേറ്റുകൾ പ്ലാൻ ചെയ്യാനും സന്ദേശങ്ങൾ അയക്കാനും സഹായികളായി പലരും എഐ ഉപയോഗിക്കുന്നുണ്ടെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.