Sports

രണ്ടാം ടെസ്റ്റില്‍ കുല്‍ദീപ് പുറത്ത്? പകരം 12 വർഷമായി കാത്തിരിക്കുന്ന അരങ്ങേറ്റക്കാരന്‍! റിപ്പോര്‍ട്ട്

ശ്രീലങ്കയ്ക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യയുടെ സൂപ്പർ താരം കുൽദീപ് യാദവിനെ പുറത്തിരുത്തിയേക്കുമെന്ന് സൂചന. കൊളംബോയിൽ നടക്കുന്ന മത്സരത്തിൽ മധ്യപ്രദേശിൽ നിന്നുള്ള സരാൻഷ് ജെയിൻ അരങ്ങേറ്റം കുറിച്ചേക്കുമെന്നാണ് വിവരം. വാഷിങ്ടൺ സുന്ദറിനേറ്റ പരുക്കിനെ തുടർന്നാണ് 33കാരനായ സരാൻഷ് ടീമിൽ ഇടംപിടിച്ചത്. വലങ്കയ്യൻ ഓഫ് സ്പിന്നറായ സരാൻഷിന് വാലറ്റത്ത് ബാറ്റ് ചെയ്യാനും മികവുണ്ട്. 2014-ൽ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ അരങ്ങേറ്റം കുറിച്ച താരം നീണ്ട 12 വർഷത്തെ കാത്തിരിപ്പിനൊടുവിലാണ് ഇന്ത്യൻ ടീമിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നത്.

കൊളംബോ ടെസ്റ്റിൽ കുൽദീപ് യാദവിന് പകരം പ്ലേയിങ് ഇലവനിൽ സരാൻഷ് ഇടംപിടിക്കുമെന്ന് ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. സ്പിന്നർമാരെ കാര്യമായി തുണച്ച ഗോളിലെ പിച്ചിൽ കുൽദീപിന് പ്രതീക്ഷിച്ചത്ര തിളങ്ങാൻ സാധിച്ചിരുന്നില്ല.

കഴിഞ്ഞ ഒരു പതിറ്റാണ്ടായി ആഭ്യന്തര ക്രിക്കറ്റിൽ മികച്ച പ്രകടനമാണ് സരാൻഷ് കാഴ്ചവെക്കുന്നത്. 181 ഫസ്റ്റ് ക്ലാസ് വിക്കറ്റുകളും 2,223 റൺസും താരം നേടിയിട്ടുണ്ട്. സരാൻഷിന്റെ പിതാവ് സുബോധ് ജെയിനും മധ്യപ്രദേശിന്റെ രഞ്ജി താരമായിരുന്നെങ്കിലും ഇന്ത്യൻ ടീമിൽ കളിക്കാൻ അവസരം ലഭിച്ചിരുന്നില്ല.

ഗോളിൽ നടന്ന ഒന്നാം ടെസ്റ്റിൽ ശ്രീലങ്കയെ 165 റൺസിന് തോൽപ്പിച്ച ഇന്ത്യ പരമ്പരയിൽ 1–0ത്തിന് മുന്നിലാണ്. മാനവ് സുതാർ പത്ത് വിക്കറ്റ് വീഴ്ത്തി തിളങ്ങിയ മത്സരത്തിൽ ദേവ്ദത്ത് പടിക്കലായിരുന്നു പ്ലേയർ ഓഫ് ദി മാച്ച്.

രണ്ടാം ടെസ്റ്റിന് മുന്നോടിയായി സംസാരിച്ച മുൻ ഇന്ത്യൻ താരം മുഹമ്മദ് കൈഫ്, ടീമിലെ സൂപ്പർ സ്പിന്നർ കുൽദീപ് യാദവിന്റെ കാര്യത്തിൽ തനിക്ക് ആശങ്കയുണ്ടെന്ന് വെളിപ്പെടുത്തി. അടുത്ത മത്സരത്തിൽ കുൽദീപ് പ്ലേയിങ് ഇലവനിൽ ഉണ്ടായിരിക്കില്ലെന്ന് കൈഫ് തന്റെ യൂട്യൂബ് ചാനലിലെ വീഡിയോയിലൂടെ അഭിപ്രായപ്പെട്ടു. ബോളിങ് നൽകിയപ്പോഴൊക്കെ കുൽദീപിന് ചെറിയ സ്പെല്ലുകൾ മാത്രമാണ് നൽകിയതെന്നും ദീർഘനേരം ബോൾ ചെയ്യാൻ അവസരം ലഭിച്ചില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കൂടാതെ, സരാൻഷ് ജെയിൻ ഒരു ഓഫ് സ്പിന്നറാണെന്നും, കഴിഞ്ഞ മത്സരത്തിൽ ദേവ്ദത്ത് പടിക്കലിന് ബോളിങ് നൽകേണ്ടി വന്നത് ടീമിൽ ഒരു ഓഫ് സ്പിന്നറുടെ കുറവ് മധ്യ ഓവറുകളിൽ പ്രകടമായതുകൊണ്ടാണെന്നും കൈഫ് കൂട്ടിച്ചേർത്തു.

ആദ്യ ടെസ്റ്റിലെ മികച്ച വിജയത്തിന് ശേഷം കൊളംബോയിൽ നടക്കുന്ന രണ്ടാം മത്സരത്തിലും സമാനമായ പ്രകടനം ആവർത്തിക്കാനാണ് ഇന്ത്യ ലക്ഷ്യമിടുന്നത്. ഓഗസ്റ്റ് 23-നാണ് മത്സരം .

ശുഭ്മൻ ഗിൽ നയിക്കുന്ന ഇന്ത്യൻ ടീമിന് ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ (WTC) ഫൈനലിൽ പ്രവേശിക്കാൻ ഇനിയും സാധ്യതകളുണ്ട്. എന്നാൽ ഫൈനൽ ബെർത്ത് ഉറപ്പിക്കണമെങ്കിൽ ഇനിശേഷിക്കുന്ന എട്ട് ടെസ്റ്റ് മത്സരങ്ങളിൽ ആറെണ്ണത്തിലെങ്കിലും ഇന്ത്യയ്ക്ക് വിജയിക്കേണ്ടതുണ്ട്. അതുകൊണ്ടുതന്നെ രണ്ടാം ടെസ്റ്റിൽ ഇന്ത്യയുടെ ടീം കോമ്പോസിഷൻ എങ്ങനെയായിരിക്കുമെന്നും അവർ വിജയം തുടരുമോയെന്നും കണ്ടറിയേണ്ടതുണ്ട്.