Crime

ഒമ്പത് വയസ്സുകാരിക്കെതിരെ ലൈംഗികാതിക്രമം: വയോധികന്‌ 80 വര്‍ഷം തടവും 2.60 ലക്ഷം പിഴയും

ഈരാറ്റുപേട്ട: പട്ടികജാതി വിഭാഗത്തിൽപ്പെട്ട ഒമ്പതുവയസ്സുകാരിയെ ലൈംഗികമായി അതിക്രമിച്ച കേസിൽ 66-കാരനായ പ്രതിക്ക് 80 വർഷം കഠിനതടവും 2.60 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. അയർക്കുന്നം മഹാത്മാഗാന്ധി കോളനി പുത്തൻപറമ്പിൽ ചെല്ലപ്പനെയാണ് ഈരാറ്റുപേട്ട ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി (പോക്സോ) ജഡ്ജി റോഷൻ തോമസ് ശിക്ഷിച്ചത്.

പ്രതി അടയ്ക്കുന്ന പിഴത്തുകയിൽ നിന്ന് 2.30 ലക്ഷം രൂപ ഇരയായ പെൺകുട്ടിക്ക് നൽകാനും കോടതി ഉത്തരവിട്ടു. 2025 ഏപ്രിൽ 28-നാണ് കേസിനാസ്പദമായ സംഭവം നടന്നത്. അയർക്കുന്നം എസ്.ഐ. ആയിരുന്ന സജു ടി. ലൂക്കോസ് പ്രതിയെ അറസ്റ്റ് ചെയ്യുകയും തുടർന്ന് ഇൻസ്പെക്ടർമാരായ യു. ശ്രീജിത്ത്, അനൂപ് ജോസ് എന്നിവർ കേസ് അന്വേഷിക്കുകയും ചെയ്തു.

കോട്ടയം ഡെപ്യൂട്ടി പോലീസ് സൂപ്രണ്ടായിരുന്ന അനീഷ് കെ.ജി. കേസിന്റെ അന്വേഷണം പൂർത്തിയാക്കി കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു. കേസിന്റെ വിചാരണ വേളയിൽ പ്രോസിക്യൂഷൻ ഭാഗത്തുനിന്ന് 29 സാക്ഷികളെ വിസ്തരിക്കുകയും 36 രേഖകൾ ഹാജരാക്കുകയും ചെയ്തു. പ്രോസിക്യൂഷനു വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. ജോസ് മാത്യു തയ്യിൽ കോടതിയിൽ ഹാജരായി.