വാഷിങ്‌ടണ്‍: അമേരിക്കയിലെ ഫ്‌ളോറിഡയില്‍ സ്വകാര്യ ജെറ്റ് വിമാനം തകര്‍ന്ന് ഒമ്പതുപേര്‍ മരിച്ച ദാരുണ സംഭവത്തില്‍ വനിതാ പൈലറ്റിന്റെ അവസാന സന്ദേശം പുറത്തുവന്നു. വിമാനത്തിന്റെ നിയന്ത്രണം നഷ്ടപ്പെടുന്നതായി 20 കാരിയായ പൈലറ്റ് നതാലിയ ഗാഡെല്‍ഹ ഫില്‍ഗുയേറസ് എയര്‍ട്രാഫിക് കണ്‍ട്രോളിനെ നിരന്തരം അറിയിച്ചിരുന്നു.
ഇതിനൊപ്പം വിമാനത്തിന് അസാധാരണമായ കുലുക്കമുണ്ടെന്നും ചിറകുകളില്‍ മഞ്ഞ് അടിഞ്ഞുകൂടുന്നുണ്ടെന്നും കാമുകനും സന്ദേശമയച്ചു. വിമാനം തകര്‍ന്നു വീഴാന്‍ പോകുന്നതായി പറഞ്ഞ് നതാലിയ നിലവിളിക്കുന്ന ശബ്ദരേഖയും പുറത്തുവന്നിട്ടുണ്ട്.
ഓസ്‌റ്റിനില്‍ നിന്ന് ബഹാമാസിലേക്ക് പുറപ്പെട്ട ലിയര്‍ജെറ്റ് 60 വിമാനമാണ് ഫ്‌ളോറിഡയിലെ പാം ബീച്ച് കൗണ്ടിയില്‍ തകര്‍ന്നു വീണ് തീഗോളമായത്. അപകടത്തിൽ വിമാനത്തിലുണ്ടായിരുന്ന ഒമ്പത് പേരും തൽക്ഷണം കൊല്ലപ്പെടുകയായിരുന്നു. അപകടസമയത്ത് പുറത്ത് മൈനസ് 47 ഡിഗ്രിയായിരുന്നു താപനില. വിമാനത്തിന്റെ ചിറകിൽ മഞ്ഞ് അടിഞ്ഞുകൂടുന്നതായി അറിയിച്ചതിന് പിന്നാലെ വിമാനം നിയന്ത്രണം വിട്ട് താഴേക്ക് പതിക്കുകയായിരുന്നു.
‘മേയ്‌ഡേ, മേയ്‌ഡേ’ എന്ന് സന്ദേശമയച്ച നതാലിയ, മിനിറ്റിൽ 10,000 അടിയും പിന്നീട് 20,000 അടിയും വേഗത്തിൽ വിമാനം താഴേക്ക് പതിക്കുകയാണെന്ന് നിലവിളിച്ചുകൊണ്ട് വ്യക്തമാക്കുന്നുണ്ടായിരുന്നു. അപകടത്തിന് തൊട്ടുമുമ്പ് ചുറ്റും വൻ കാറ്റാണെന്നും ഐസ് രൂപപ്പെടുന്നുണ്ടെന്നും കാമുകനും സന്ദേശമയച്ചു. 35,000 അടി ഉയരത്തിൽ വച്ച് മോശം കാലാവസ്ഥ കാരണം മഞ്ഞ് രൂപപ്പെട്ടതാണ് ദുരന്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.
പാം ബീച്ച് കൗണ്ടിയില്‍ ഹൈസ്‌കൂള്‍ വിദ്യാര്‍ഥിനിയായിരിക്കെ വെറും 17-ാം വയസിൽ പൈലറ്റ് ലൈസന്‍സ് സ്വന്തമാക്കിയ ആളാണ് നതാലിയ. അപകടത്തിൽപ്പെടും മുൻപ് 1,300 മണിക്കൂറിലധികം വിമാനം പറത്തിയ വലിയ അനുഭവസമ്പത്തും ഈ ചെറുപ്പത്തിൽ തന്നെ അവർക്കുണ്ടായിരുന്നു. സംഭവത്തിൽ കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണ്.




