ഗുജറാത്തിലെ സൂറത്തിൽ മൊബൈൽ ഗെയിം കളിക്കുന്നതിനെച്ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ 22 കാരിയായ യുവതി സ്വന്തം വളർത്തച്ഛനെ അടിച്ചും കുത്തിയും കൊലപ്പെടുത്തി. മൊബൈൽ ഫോൺ തല്ലിത്തകർത്തതിൽ പ്രകോപിതയായ കാജൽ എന്ന യുവതിയാണ് 55 കാരനായ രമേശ് ചൗഹാനെ കൊലപ്പെടുത്തിയത്. ഞായറാഴ്ച രാത്രി സൂറത്തിലെ കോസാദ് പ്രദേശത്തുള്ള ഇവരുടെ വീട്ടിലാണ് ദാരുണമായ ഈ സംഭവം നടന്നത്.
വീട്ടുജോലികൾ ചെയ്യാതെ മകൾ എപ്പോഴും മൊബൈൽ ഫോണിൽ ഗെയിം കളിച്ചു കൊണ്ടിരിക്കുകയാണെന്ന് അമ്മ മഞ്ജു പരാതി പറഞ്ഞതിനെത്തുടർന്നാണ് പ്രശ്നങ്ങൾ തുടങ്ങിയത്. ജോലി കഴിഞ്ഞ് വീട്ടിലെത്തിയ രമേശ് ചൗഹാൻ ഫോൺ മാറ്റി വെച്ച് ജോലിയിൽ സഹായിക്കാൻ കാജലിനോട് ആവശ്യപ്പെട്ടു. എന്നാൽ മകൾ ഇത് അനുസരിക്കാൻ കൂട്ടാക്കാതിരുന്നതോടെ ഇയാൾ ഫോൺ പിടിച്ചെടുത്ത് നിലത്തെറിഞ്ഞു ഉടച്ചു. ഇതിൽ പ്രകോപിതയായ കാജൽ കുക്കറിന്റെ മൂടി കൊണ്ട് അച്ഛന്റെ തലയ്ക്കടിക്കുകയും തുടർന്ന് അടുക്കളയിൽ നിന്നുള്ള കത്തി ഉപയോഗിച്ച് വയറ്റിൽ കുത്തുകയുമായിരുന്നു.
നിലവിളി കേട്ട് ഓടിയെത്തിയ അമ്മ രമേശിനെ ഉടൻ തന്നെ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അമ്മയുടെ പരാതിയുടെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്ത പോലീസ് കാജലിനെ അറസ്റ്റ് ചെയ്തു. ഫോൺ ഗെയിം കളിക്കുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് സൂറത്ത് പോലീസ് സ്ഥിരീകരിച്ചു.




