ആലപ്പുഴ∙ ‘‘എന്നെ സ്നേഹിക്കാൻ ആരുമുണ്ടായിരുന്നില്ല. ആ ആന്റിയെപ്പോലൊരു അമ്മ എനിക്കുണ്ടായിരുന്നെങ്കിൽ ഞാനിങ്ങനെ ആയിപ്പോവില്ലായിരുന്നു…’’ ചോദ്യം ചെയ്യാനെത്തിയ വനിതാ എസ്ഐയെ നോക്കി പതിമൂന്നുകാരി പൊട്ടിക്കരഞ്ഞു. ഹരിപ്പാട് കരുവാറ്റയിൽ അറുപത്തിയേഴുകാരന്റെ കൊലപാതകവും കവർച്ചയും ആസൂത്രണം ചെയ്ത കേസിൽ പ്രതിയായ കൊച്ചുമകളാണ് ചോദ്യംചെയ്യലിനിടെ വിങ്ങിപ്പൊട്ടിയത്.
തനിക്ക് മാതാപിതാക്കളുടെ സ്നേഹം ലഭിച്ചിരുന്നില്ലെന്ന് പെൺകുട്ടി പൊലീസിനോട് പറഞ്ഞു. ചോദ്യം ചെയ്യലിലുടനീളം യാതൊരു ഭാവഭേദവുമില്ലാതിരുന്ന കുട്ടി വീട്ടിലെ സാഹചര്യങ്ങളെക്കുറിച്ച് ചോദിച്ചപ്പോഴാണ് പൊട്ടിക്കരഞ്ഞത്. കൗമാരക്കാരുടെ കുടുംബാന്തരീക്ഷവും സാമൂഹിക സാഹചര്യങ്ങളുമാണ് ഈ ക്രൂരകൃത്യത്തിന് പിന്നിലെന്ന് പൊലീസ് വ്യക്തമാക്കുന്നു.
അതേസമയം, സ്വന്തം വീട്ടിലെ മോഷണം ആസൂത്രണം ചെയ്തതും മുത്തച്ഛനെ വധിക്കാൻ സുഹൃത്തുക്കൾക്ക് നിർദേശം നൽകിയതും താനാണെന്ന് പെൺകുട്ടി സമ്മതിച്ചിട്ടുണ്ട്. യാതൊരു കുറ്റബോധവുമില്ലാതെയാണ് പെൺകുട്ടി കാര്യങ്ങൾ വിശദീകരിച്ചതെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു.
പ്രശ്നങ്ങൾ നിറഞ്ഞ കുടുംബാന്തരീക്ഷവും ചിൽഡ്രൻസ് ഹോമിലും ബന്ധുവീടുകളിലുമായി മാറിമാറിയുള്ള താമസവും കുട്ടിയുടെ മാനസികനിലയെ ബാധിച്ചിട്ടുണ്ടാകാമെന്നാണ് പൊലീസ് നിഗമനം. ജുവനൈൽ ജസ്റ്റിസ് ബോർഡിന്റെ നിർദേശപ്രകാരം പെൺകുട്ടിയെ സംരക്ഷണകേന്ദ്രത്തിലേക്ക് മാറ്റി. കേസിൽ ഉൾപ്പെട്ട മറ്റ് മൂന്ന് ആൺകുട്ടികളെയും കഴിഞ്ഞ ദിവസം സംരക്ഷണകേന്ദ്രത്തിലേക്ക് അയച്ചിരുന്നു.
പെൺകുട്ടിയുടെ മാതാപിതാക്കൾ നിയമപരമായി വേർപിരിഞ്ഞവരാണ്. വിദേശത്ത് ജോലിയുള്ള അമ്മ വല്ലപ്പോഴും മാത്രമാണ് നാട്ടിൽ വരാറുള്ളത്. നാട്ടിൽ ബന്ധുക്കൾക്കൊപ്പമായിരുന്നു 13-കാരിയുടെ താമസം. കേസിൽപ്പെട്ട മറ്റ് കൗമാരക്കാരുടെ കുടുംബപശ്ചാത്തലത്തിലും സമാനമായ പ്രശ്നങ്ങളുണ്ടെന്നാണ് പൊലീസിന് ലഭിച്ച വിവരം. കൊലപാതകത്തിൽ നേരിട്ട് പങ്കാളികളായ മൂന്നുപേരെയും ജുവനൈൽ ജസ്റ്റിസ് ബോർഡിന് മുന്നിൽ ഹാജരാക്കിയ ശേഷമാണ് സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റിയത്. പെൺകുട്ടിയെയും ഇന്ന് ബോർഡിന് മുന്നിൽ ഹാജരാക്കും.




