Crime

മകളെ 2 തവണ ഗർഭിണിയാക്കി അച്ഛന്‍ !, കുഞ്ഞിനെ വിറ്റു, ഗർഭച്ഛിദ്രവും; ആറുപേർ പിടിയിൽ, പ്രായപൂർത്തിയാകാത്ത മകളോട് ക്രൂരത

റായ്പുർ: പ്രായപൂർത്തിയാവാത്ത മകളെ നിരന്തരം പീഡിപ്പിക്കുകയും രണ്ടുതവണ ഗർഭിണിയാക്കുകയും ചെയ്ത സംഭവത്തിൽ പിതാവടക്കം ആറുപേരെ റായ്പൂർ പോലീസ് അറസ്റ്റ് ചെയ്തു. മകളെ പീഡിപ്പിച്ച് ആദ്യതവണ ഗർഭിണിയാക്കിയപ്പോൾ ഗർഭച്ഛിദ്രം നടത്തുകയും, രണ്ടാമത്തെ തവണ വ്യാജരേഖ ചമച്ച് ആശുപത്രിയിലെത്തിച്ച് പ്രസവിപ്പിക്കുകയുമായിരുന്നു. തുടർന്ന് നവജാതശിശുവിനെ മറ്റൊരാൾക്ക് വിറ്റതായും പോലീസ് വ്യക്തമാക്കി.

2023-ൽ പെൺകുട്ടിയുടെ അമ്മ കുടുംബം ഉപേക്ഷിച്ചു പോയതിനു ശേഷമാണ് 38-കാരനായ പിതാവ് സ്വന്തം മകളെ ക്രൂരമായി പീഡിപ്പിക്കാൻ തുടങ്ങിയത്. ബന്ധുവീട്ടിൽ വെച്ചാണ് ഇയാൾ പെൺകുട്ടിയെ ആദ്യമായി ബലാത്സംഗം ചെയ്തത്. വിവരങ്ങൾ പുറത്തുപറഞ്ഞാൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി പീഡനം തുടർന്നു. പെൺകുട്ടി ആദ്യമായി ഗർഭിണിയായപ്പോൾ പിതൃസഹോദരിയെ വിവരമറിയിച്ചെങ്കിലും, ഇവർ പിതാവിനൊപ്പം ചേർന്ന് നിർബന്ധിച്ച് മരുന്ന് നൽകി ഗർഭച്ഛിദ്രം നടത്തുകയായിരുന്നു.

തുടർന്ന് 2025-ൽ പെൺകുട്ടി വീണ്ടും ഗർഭിണിയായതോടെ പിതാവ് തൻ്റെ സുഹൃത്തായ വർഷ മണ്ഡൽ എന്ന നഴ്‌സിന്റെ വീട്ടിലേക്ക് കുട്ടിയെ മാറ്റി. പിന്നീട് മറ്റൊരു നഴ്‌സായ ഗീതയുടെ വീട്ടിൽ താമസിപ്പിച്ച ശേഷം വ്യാജ ആധാർ കാർഡും മറ്റ് വ്യാജരേഖകളും ഉണ്ടാക്കി, പ്രായം മറച്ചുവെച്ച് റായ്പൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അവിടെ വെച്ച് സിസേറിയനിലൂടെ ജനിച്ച ആൺകുഞ്ഞിനെ പ്രതികൾ ചേർന്ന് മറ്റൊരു ദമ്പതികൾക്ക് വിൽക്കുകയായിരുന്നു.

പിന്നീട് സോഷ്യൽ മീഡിയ വഴി പെൺകുട്ടി അമ്മയെ ബന്ധപ്പെട്ട് വിവരങ്ങൾ അറിയിച്ചതോടെയാണ് ക്രൂരത പുറംലോകമറിഞ്ഞത്. അമ്മയുടെ സഹായത്തോടെ പോലീസ് സ്റ്റേഷനിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പോക്‌സോ, ജുവനൈൽ ജസ്റ്റിസ് ആക്ട് തുടങ്ങിയ വകുപ്പുകൾ പ്രകാരം കേസെടുത്തു. അന്വേഷണത്തിൽ പെൺകുട്ടിയുടെ പിതാവ്, അമ്മായി, ആശുപത്രി ജീവനക്കാർ എന്നിവരുൾപ്പെടെ ആറുപേർ പിടിയിലായി. കേസിൽ കൂടുതൽ അന്വേഷണം നടന്നു വരികയാണ്.