തൊടുപുഴ: മകനെ കാണാനും അവന് ഭക്ഷണം തയ്യാറാക്കി നൽകാനുമായി വീട്ടിലേക്കെത്തിയ റേച്ചലിന്റെ യാത്ര അവസാന യാത്രയായി മാറി. ഏക മകനെക്കുറിച്ചുള്ള ഓർമ്മകളുമായി മൈലാടുംപാറയിലെ വീട്ടിലെത്തിയ അമ്മയ്ക്ക് മണിക്കൂറുകൾക്കകം മകന്റെ കൈകൊണ്ട്തന്നെ ദാരുണാന്ത്യം സംഭവിക്കുകയായിരുന്നു. 63-കാരിയായ റേച്ചൽ കൊല്ലപ്പെട്ട സംഭവത്തിന്റെ നടുക്കത്തിലാണ് ഇപ്പോൾ നാട്.
സംഭവത്തില് മകന് ലിജോ (38) യെ തൊടുപുഴ പോലീസ് കസ്റ്റഡിയിലെടുത്തു. സ്ഥിരം മദ്യപനായ ലിജോ മദ്യലഹരിയിലായിരുന്നെന്നും മരക്കഷണം ഉപയോഗിച്ചാണു റെയ്ച്ചലിനെ ആക്രമിച്ചതെന്നും പോലീസ് പറയുന്നു. മുഖത്ത് ഗുരുതരമായി പരുക്കേറ്റ നിലയിലായിരുന്നു മൃതദേഹം. വൈകുന്നേരമായിട്ടും റെയ്ച്ചലിനെ കാണാതിരുന്നതിനെത്തുടര്ന്ന് തൊട്ടടുത്തു താമസിക്കുന്ന സഹോദരി ഷൈനി വീട്ടിലെത്തി നോക്കിയപ്പോഴാണ് കൊലപാതക വിവരം അറിഞ്ഞത്.
എറണാകുളത്ത് ഹോം നഴ്സായി ജോലിചെയ്തിരുന്ന റേച്ചൽ ജോലിത്തിരക്കുകൾക്കിടയിലും മകന്റെ കാര്യങ്ങൾ എപ്പോഴും ശ്രദ്ധിച്ചിരുന്നു. ഇടയ്ക്കിടെ തൊടുപുഴയിലെത്തി മകന് ആവശ്യമായ ഭക്ഷണസാധനങ്ങളും വീട്ടുസാധനങ്ങളും വാങ്ങിനൽകിയ ശേഷമായിരുന്നു ഇവർ മടങ്ങിയിരുന്നത്. മകനെ കാണാനും അവന് ആഹാരം പാകം ചെയ്തു നൽകാനുമായി ഇത്തവണ എത്തിയതാണ് ഒടുവിൽ ദുരന്തത്തിൽ കലാശിച്ചത്.
കഴിഞ്ഞ വ്യാഴാഴ്ച എറണാകുളത്തുനിന്ന് സഹോദരന്റെ അറയ്ക്കപ്പാറയിലെ വീട്ടിലെത്തിയ റേച്ചൽ പിന്നീട് ആലപ്പുഴയിലെ ധ്യാനകേന്ദ്രത്തിലേക്ക് പോയിരുന്നു. ഞായറാഴ്ച തൊടുപുഴയിൽ തിരിച്ചെത്തിയ ഇവർ തിങ്കളാഴ്ച രാവിലെ മൈലാടുംപാറയിലെ സ്വന്തം വീട്ടിലേക്ക് പോയി. ആവശ്യമായ സാധനങ്ങൾ വാങ്ങിയെത്തിയ റേച്ചൽ മകന് ഭക്ഷണം തയ്യാറാക്കി നൽകാനും അവിടെ തങ്ങാനുമായിരുന്നു ഉദ്ദേശിച്ചിരുന്നത്.
വീട്ടിലെത്തിയശേഷം അമ്മയും മകനും തമ്മിൽ വാക്കേറ്റമുണ്ടായതായി സൂചനയുണ്ട്. ഇതിനുപിന്നാലെയുണ്ടായ പ്രകോപനമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ഭക്ഷണം തയ്യാറാക്കിയ നിലയിലും വീട്ടിനുള്ളിൽ സാധനങ്ങൾ ചിതറിക്കിടക്കുന്ന നിലയിലുമായിരുന്നു കാണപ്പെട്ടത്. പതിവുപോലെ മകനുവേണ്ടി സ്നേഹത്തോടെ ഭക്ഷണമൊരുക്കിയ അമ്മയ്ക്ക് അത് വിളമ്പി നൽകാൻ പോലും കഴിഞ്ഞില്ല. റേച്ചലും ഭർത്താവും വർഷങ്ങളായി വേർപിരിഞ്ഞാണ് കഴിയുന്നത്.
പ്രതിയായ ലിജോ കുറച്ചുനാൾ മുമ്പുവരെ പിതാവിനൊപ്പമായിരുന്നു താമസം. പിന്നീട് അമ്മയോടൊപ്പം മൈലാടുംപാറയിൽ താമസിച്ചുവരികയായിരുന്നു. അമ്മയും മകനും തമ്മിൽ നേരത്തെയും വലിയ പ്രശ്നങ്ങളുണ്ടായിരുന്നതായി ബന്ധുക്കൾ പറഞ്ഞു. ലിജോ അമ്മയെ മുൻപും ശാരീരികമായി ഉപദ്രവിച്ച സംഭവങ്ങൾ ഉണ്ടായിരുന്നതായാണ് വിവരം. ലഹരിക്ക് അടിമയായിരുന്ന ലിജോ കൂലിപ്പണിയെടുത്തും ആക്രി സാധനങ്ങൾ ശേഖരിച്ചുമാണ് കഴിഞ്ഞിരുന്നത്.
മകന് ആവശ്യമായ സാധനങ്ങൾ സ്ഥിരമായി വാങ്ങിനൽകിയിരുന്ന റേച്ചലിന്റെ വീട്ടുപകരണങ്ങൾ പോലും ലിജോ ലഹരിവസ്തുക്കൾ വാങ്ങുന്നതിനായി വിറ്റിരുന്നതായി ബന്ധുക്കൾ ആരോപിക്കുന്നു. മകന്റെ ജീവിതം എന്നെങ്കിലും ശരിയാകുമെന്ന പ്രതീക്ഷയിൽ റേച്ചൽ വീണ്ടും വീണ്ടും അവന്റെ അടുത്തേക്ക് എത്തുമായിരുന്നുവെന്നാണ് ബന്ധുക്കൾ പറയുന്നത്. ഇന്നലെ രാവിലെ നടന്ന ക്രൂരമായ സംഭവത്തിനുശേഷം ലിജോ സ്ഥലത്തുനിന്ന് രക്ഷപ്പെട്ടിരുന്നു.
വിവരമറിഞ്ഞ് പോലീസ് നടത്തിയ ഊർജ്ജിതമായ തിരച്ചിലിൽ മണിക്കൂറുകൾക്കകം തന്നെ ഇയാളെ പിടികൂടി. സംഭവസ്ഥലത്ത് പരിശോധന നടത്തിയ പോലീസ് ബന്ധുക്കളിൽനിന്നും സമീപവാസികളിൽനിന്നും കൂടുതൽ വിവരങ്ങൾ ശേഖരിച്ചു. കൊലപാതകത്തിലേക്ക് നയിച്ച സാഹചര്യങ്ങൾ ഉൾപ്പെടെ പോലീസ് വളരെ വിശദമായി അന്വേഷിക്കുകയാണ്. സ്വന്തം മകന്റെ വിശപ്പടക്കാൻ ഭക്ഷണമൊരുക്കാനെത്തിയ അമ്മയ്ക്ക് ഒടുവിൽ അവന്റെ തന്നെ കൊലക്കത്തിക്കുമുന്നിൽ പിടഞ്ഞുവീഴേണ്ടിവന്നു .




