Featured Lifestyle

ഏഴ് പങ്കാളികളില്‍ 11 മക്കൾ, 53-കാരന്‍ ഫുട്ബോൾ ഇതിഹാസം റോബർട്ടോ കാർലോസ് വീണ്ടും വിവാഹിതനായി?; വധു ഫിഫ ഏജന്റ്‌

ഫുട്‌ബോൾ ചരിത്രത്തിലെ ഏറ്റവും മികച്ച ലെഫ്റ്റ് ബാക്കുകളിൽ ഒരാളാണ് ബ്രസീലിയൻ ഇതിഹാസം റോബർട്ടോ കാർലോസ്. 1997-ൽ ഫ്രാൻസിനെതിരെ താരം നേടിയ അവിസ്മരണീയമായ ഫ്രീ കിക്ക് ഫുട്‌ബോൾ ആരാധകർ ഒരിക്കലും മറക്കില്ല. എന്നാൽ കളിത്തളത്തിൽ നിന്ന് വിരമിച്ച ശേഷം താരത്തിന്റെ സ്വകാര്യജീവിതം പലപ്പോഴും വലിയ രീതിയിൽ വാർത്തകളിൽ ഇടം നേടിയിട്ടുണ്ട്.

വർഷങ്ങൾക്ക് മുമ്പ് തനിക്ക് ഏഴ് വ്യത്യസ്ത സ്ത്രീകളിൽ നിന്നായി 11 കുട്ടികളുണ്ടെന്ന് താരം നടത്തിയ വെളിപ്പെടുത്തൽ വലിയ ചർച്ചയായിരുന്നു. മെക്‌സിക്കോ, ബ്രസീൽ, ഹംഗറി എന്നിവിടങ്ങളിലായി തന്റെ മക്കൾ ജീവിക്കുന്നുണ്ടെന്നും കാർലോസ് അന്ന് തുറന്നുപറഞ്ഞു. പിന്നീട് മകൾ ജിയോവാന ഒരു കുഞ്ഞിന് ജന്മം നൽകിയതോടെ താരം മുത്തച്ഛനാവുകയും ചെയ്തു. എന്നാലിപ്പോൾ താരം വീണ്ടും വിവാഹിതനായെന്ന വാർത്തകളാണ് പുറത്തുവരുന്നത്. 53-കാരനായ കാർലോസിന്റെ ഔദ്യോഗികമായ മൂന്നാം വിവാഹമാണിത്.

ഫിഫ ലൈസൻസുള്ള മൊറോക്കൻ ഫുട്‌ബോൾ ഏജന്റ്‌ സുഹൈല അൽ താഹിരിയാണ് പുതിയ ഭാര്യ. കഴിഞ്ഞ ദിവസം ഇരുവരുടെയും വിവാഹചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചിരുന്നു. കഴിഞ്ഞ ജനുവരിയിൽ വിവാഹിതരായ ഇരുവരും, സുഹൈലയുടെ മൊറോക്കൻ പാരമ്പര്യപ്രകാരം അടുത്ത ബന്ധുക്കൾക്കായി കഴിഞ്ഞ മാസം നടത്തിയ പ്രത്യേക ചടങ്ങിൽ നിന്നുള്ള ചിത്രങ്ങളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. റയൽ മാഡ്രിഡ് മുൻ താരമായ കാർലോസും സുഹൈലും കഴിഞ്ഞ മൂന്ന് വർഷമായി പ്രണയത്തിലായിരുന്നു.

അലക്‌സാണ്ട്ര പിൻഹെയ്‌റോയാണ് കാർലോസിന്റെ ആദ്യ ഭാര്യ. മൂന്ന് മക്കളുള്ള ഈ ബന്ധം 2003-ൽ വേർപിരിഞ്ഞു. പിന്നീട് 2009-ൽ ഫിസിയോതെറാപിസ്റ്റായ മരിയാന ലുക്കോണിനെ വിവാഹം കഴിച്ചു. രണ്ടു മക്കളുള്ള ഈ 15 വർഷത്തെ ദാമ്പത്യം രണ്ടു വർഷം മുമ്പാണ് അവസാനിച്ചത്. ഇതിനുശേഷമാണ് കാർലോസിന്റെ ജീവിതത്തിൽ ഇപ്പോൾ മൂന്നാം വിവാഹം നടന്നിരിക്കുന്നത്.