പാകിസ്താന്റെ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ ആരോഗ്യനിലയെക്കുറിച്ചുള്ള ആശങ്കകളും അഭ്യൂഹങ്ങളും രാജ്യത്ത് വീണ്ടും ശക്തമാകുന്നു. ജയിലിൽ കഴിയുന്ന ഇമ്രാൻ ഖാൻ ജീവനോടെയുണ്ടായേക്കില്ലെന്ന് അമേരിക്കൻ മാധ്യമപ്രവർത്തകനായ വജ്ഹാത് സയീദ് ഖാൻ അഭിപ്രായപ്പെട്ടതാണ് പുതിയ രാഷ്ട്രീയ ചർച്ചകൾക്ക് തുടക്കമിട്ടിരിക്കുന്നത്.
ജയിലിലുള്ള ഇമ്രാന്റെ ആരോഗ്യനില സംബന്ധിച്ച് കൃത്യമായ വിവരങ്ങൾ പുറത്തുവരുന്നില്ലെന്ന് അദ്ദേഹത്തിന്റെ കുടുംബവും പ്രതിപക്ഷ പാർട്ടികളും നിരന്തരം ആരോപിച്ചിരുന്നു. ഇതിനിടയിലാണ് പാക് സൈന്യത്തിലെ ചില മുതിർന്ന ഉദ്യോഗസ്ഥർ തന്നോട് ഇക്കാര്യം വെളിപ്പെടുത്തിയെന്ന് അവകാശപ്പെട്ട് വജ്ഹാത് സയീദ് ഒരു അഭിമുഖത്തിൽ ഈ പരാമർശം നടത്തിയത്. എന്നാൽ തനിക്ക് വ്യക്തിപരമായി ഇക്കാര്യം നേരിട്ട് സ്ഥിരീകരിക്കാൻ സാധിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.
അറസ്റ്റിലായതിനെ തുടർന്ന് 2023 മുതൽ 73 കാരനായ ഇമ്രാൻ ഖാൻ റാവൽപിണ്ടിയിലെ അഡിയാല ജയിലിൽ തടവിലാണ്. അഴിമതിയും രാജ്യദ്രോഹവുമടക്കം നിരവധി രാഷ്ട്രീയ പ്രേരിത കേസുകളാണ് അദ്ദേഹം നേരിടുന്നത്. തങ്ങളുടെ നേതാവുമായി സംസാരിക്കാനോ കുടുംബത്തിന് അദ്ദേഹത്തെ നേരിൽ കാണാനോ ഉള്ള അനുവാദം പോലും അധികൃതർ നൽകുന്നില്ലെന്ന് ഇമ്രാന്റെ പാർട്ടിയായ പാകിസ്താൻ തെഹ്രീകെ ഇൻസാഫ് (പി.ടി.ഐ) ആരോപിക്കുന്നു.
മുൻ പ്രധാനമന്ത്രിയുടെ ജീവന് ഭീഷണിയാകുന്ന തരത്തിലാണ് കാര്യങ്ങൾ നീങ്ങുന്നതെങ്കിൽ കടുത്ത പ്രത്യാഘാതങ്ങൾ ഉണ്ടാകുമെന്ന് പാക് ഭരണകൂടത്തിന് ഖൈബർ പഖ്തൂൺഖ്വ മുഖ്യമന്ത്രിയും പി.ടി.ഐ നേതാവുമായ സൊഹൈൽ അഫ്രീദി മുന്നറിയിപ്പ് നൽകി. ഇമ്രാൻ ഖാനെ കാണാനുള്ള അനുമതി തുടർന്നും നിഷേധിച്ചാൽ രണ്ടുകോടിയിലധികം വരുന്ന ജനങ്ങൾ തെരുവിൽ ഇറങ്ങി ശക്തമായി പ്രക്ഷോഭം നടത്തുമെന്ന് അദ്ദേഹം വ്യക്തമാക്കി.
നിശ്ചയിക്കപ്പെട്ട തീയതിക്ക് മുന്നേ തന്നെ സെപ്റ്റംബർ 27-ലെ ‘ലോങ് മാർച്ച്’ ആരംഭിക്കേണ്ടി വരുമെന്നും പാർട്ടി നേതൃത്വം മുന്നറിയിപ്പ് നൽകുന്നുണ്ട്. ഇമ്രാന്റെ ആരോഗ്യനിലയെക്കുറിച്ച് ഇതിനുമുൻപും പാകിസ്താനിൽ അഭ്യൂഹങ്ങൾ പരക്കുകയും അത് വലിയ ക്രമസമാധാന പ്രശ്നങ്ങൾക്ക് കാരണമാവുകയും ചെയ്തിരുന്നു.




