Featured Movie News

‘അയാൾ ‘അന്യനെ’പ്പോലെ , വിവാഹനിശ്ചയം മുടക്കിയത് ഞാന്‍, അത് സ്നേഹമായിരുന്നില്ല’; ബ്രേക്കപ്പിനെപ്പറ്റി അനുപമ

തന്റെ മുൻകാല പ്രണയബന്ധത്തെക്കുറിച്ചും അതിലുണ്ടായ കയ്‌പേറിയ അനുഭവങ്ങളെക്കുറിച്ചും തുറന്നുപറഞ്ഞ് നടി അനുപമ പരമേശ്വരൻ. ആ ബന്ധത്തിൽ ഉണ്ടായിരുന്നത് സ്നേഹമായിരുന്നില്ലെന്നും തന്നെ പൂർണ്ണമായി നിയന്ത്രിക്കാനാണ് അയാൾ ശ്രമിച്ചതെന്നും അനുപമ വ്യക്തമാക്കി. ബന്ധം തുടങ്ങി അധികനാൾ കഴിയും മുൻപ് തന്നെ വിവാഹത്തിനായി അയാൾ നിർബന്ധിച്ചിരുന്നുവെന്നും താനാണ് അത് തുടർച്ചയായി മുടക്കിയതെന്നും ധന്യ വർമ്മയ്ക്ക് നൽകിയ അഭിമുഖത്തിൽ അനുപമ വെളിപ്പെടുത്തി.

ഏതാനും ഡേറ്റുകൾക്ക് ശേഷം തന്നെ വീട്ടിൽ കൊണ്ടുപോവുകയും കുടുംബത്തെ കാണിക്കുകയും ചെയ്തതായി അനുപമ പറയുന്നു. എന്നാൽ മൂന്ന് മാസം കഴിഞ്ഞപ്പോൾ തന്നെ വിവാഹനിശ്ചയത്തെക്കുറിച്ച് സംസാരിച്ചു തുടങ്ങുകയും എവിടെ വെച്ച് നടത്തണം, ആരെയൊക്കെ വിളിക്കണം എന്ന് തീരുമാനിക്കാൻ തുടങ്ങുകയും ചെയ്തു. ആ സമയത്ത് വിവാഹം കഴിച്ചിരുന്നെങ്കിൽ അത് വിവാഹമോചനത്തിൽ കലാശിക്കുമായിരുന്നു. അത് സ്നേഹമല്ലെന്നും തന്നെ നിയന്ത്രിക്കാനുള്ള വഴിയാണെന്നും മനസ്സിലായതോടെ വിവാഹനിശ്ചയം ഇപ്പോൾ വേണ്ടെന്ന് താൻ തന്നെ തീരുമാനിക്കുകയായിരുന്നു. ആ ബന്ധത്തിൽ എന്തോ ശരിയല്ലെന്ന തോന്നൽ തുടക്കം മുതലേ ഉണ്ടായിരുന്നതിനാലാണ് പല തവണ വിവാഹനിശ്ചയം മാറ്റിവെച്ചത്.

പിന്നീട് നിയന്ത്രണങ്ങൾ കൂടിക്കൂടി വന്നു. സ്വന്തം കരിയറിലെ ഏറ്റവും വലിയ വിജയങ്ങളിലൊന്നായ ‘ഡ്രാഗൺ’ എന്ന സിനിമയുടെ പ്രമോഷന് പോലും പോകാതിരുന്നതും നിരവധി നല്ല സിനിമകൾ ഉപേക്ഷിക്കേണ്ടി വന്നതും ഈ നിയന്ത്രണങ്ങൾ കാരണമായിരുന്നു. നല്ലതും മോശവുമായ രണ്ട് അവസ്ഥകളിലൂടെയാണ് അയാൾ കടന്നുപോയത്. ഒരു ദിവസം സ്നേഹം വരി ചൊരിഞ്ഞ് ‘റെമോ’യെ പോലെ പെരുമാറുമ്പോൾ അടുത്ത ദിവസം ക്രൂരമായി സംസാരിക്കുന്ന ‘അന്യനാ’കും. എന്നാൽ തൊട്ടടുത്ത നിമിഷം കുറ്റബോധത്തോടെ കരഞ്ഞ് മാപ്പ് ചോദിക്കുന്ന ‘അമ്പി’യായി മാറി ആശ്വാസമേകും. അങ്ങനെ വേദനിപ്പിക്കുന്നയാൾ തന്നെ ആശ്വാസമായി മാറി ആ ബന്ധം ഒടുവിൽ ഒരു അഡിക്ഷനായി മാറുകയായിരുന്നു.

വളരെ മോശമായ ഒരു ഘട്ടത്തിലൂടെയാണ് താൻ കടന്നുപോയതെന്ന് അനുപമ ഓർത്തെടുക്കുന്നു. താനൊരു പ്രൊഫഷണലാണെന്നത് സ്വകാര്യ അഹങ്കാരമായിരുന്നുവെങ്കിലും രണ്ടു വർഷത്തോളം തനിക്ക് അൺപ്രൊഫഷണലായി പെരുമാറേണ്ടി വന്നു. പേടി കാരണം ആളുകളുടെ കണ്ണുകളിലേക്ക് നോക്കാനോ ചിരിക്കാനോ കഴിയാതെയായി. സ്വന്തം സഹോദരനെ പോലും തൊടാൻ സാധിക്കാത്ത വിധം ഭയപ്പാടിലായിരുന്നു. അതുകൊണ്ട് തന്നെ തന്റെ അനുഭവങ്ങൾ തുറന്നുപറഞ്ഞില്ലെങ്കിൽ അത് തെറ്റാകുമെന്ന കുറ്റബോധമാണ് ഇപ്പോൾ കാര്യങ്ങൾ വെളിപ്പെടുത്താൻ കാരണമെന്നും അനുപമ കൂട്ടിച്ചേർത്തു.