അമിതമായ ഫോൺ ഉപയോഗത്തെത്തുടർന്ന് കഴുത്തിൽ ശസ്ത്രക്രിയയ്ക്ക് വിധേയയായി നടി ഷക്കീല. ചെരിഞ്ഞുകിടന്ന് മണിക്കൂറുകളോളം ഫോൺ ഉപയോഗിച്ചത് കഴുത്തിലെ ഞരമ്പുകളെ ബാധിച്ചതിനെത്തുടർന്നാണ് താരത്തിന് മൂന്ന് ലക്ഷം രൂപ ചെലവഴിച്ച് ശസ്ത്രക്രിയ നടത്തേണ്ടിവന്നത്. ഫോൺ അമിതമായി ഉപയോഗിക്കരുതെന്നും കുട്ടികൾക്ക് ഫോൺ നൽകുന്നത് ഒഴിവാക്കണമെന്നും ഷക്കീല മുന്നറിയിപ്പ് നൽകി.
തനിക്കൊരു ശസ്ത്രക്രിയ കഴിഞ്ഞുവെന്നും ഫോൺ ആവശ്യമുള്ള ഒരു ഉപകരണമാണെങ്കിലും ആവശ്യത്തിന് മാത്രം ഉപയോഗിക്കണമെന്നും ഗൗരവമുള്ളൊരു കാര്യം പങ്കുവെച്ചുകൊണ്ട് ഷക്കീല പറഞ്ഞു. താൻ കിടക്കയിൽ ചെരിഞ്ഞുകിടന്ന് തുടർച്ചയായി നാല് മണിക്കൂർ വരെ ഫോണിൽ ഗെയിം കളിക്കാറുണ്ടായിരുന്നുവെന്ന് താരം വെളിപ്പെടുത്തി. ഇടയ്ക്ക് ചായയോ കാപ്പിയോ കുടിക്കാൻ മാത്രമാണ് എഴുന്നേൽക്കാറുള്ളതെന്നും, അത് കഴിഞ്ഞ് വന്ന് ഗെയിമിംഗും യൂട്യൂബിലും ഇൻസ്റ്റാഗ്രാമിലും റീലുകൾ കാണുന്നതും തുടരുമായിരുന്നുവെന്നും അവർ വ്യക്തമാക്കി. ഇതാണ് ഒടുവിൽ കഴുത്തിലെ ഞരമ്പുകളെ ബാധിച്ച് ശസ്ത്രക്രിയയിലെത്തിച്ചത്.
ഒരാവശ്യവുമില്ലാത്ത കാര്യമായിരുന്നു ഇതെന്നും ആവശ്യമില്ലാത്ത ചെലവും കഠിനമായ വേദനയുമാണ് ഇതിലൂടെ ലഭിച്ചതെന്നും ഷക്കീല കൂട്ടിച്ചേർത്തു. കുട്ടികൾക്ക് മൊബൈൽ ഫോൺ നൽകുന്നത് പൂർണ്ണമായും ഒഴിവാക്കണമെന്നും, ഏറെ നേരം വീഡിയോകൾ കാണാതെ പ്രധാനപ്പെട്ട വിവരങ്ങൾ അറിയാൻ മാത്രം ഫോൺ ഉപയോഗിക്കണമെന്നും താരം അഭ്യർത്ഥിച്ചു.




