Celebrity Featured

‘മമ്മൂക്ക അങ്ങനെ ചെയ്യുമെന്ന് വിചാരിച്ചില്ല, ആ ഷര്‍ട്ട് പിന്നെ ഉപയോഗിച്ചില്ല’; ഭദ്രമായി സൂക്ഷിച്ച് ജിബിൻ ഗോപിനാഥ്

നടൻ ജിബിൻ ഗോപിനാഥിന്റെ അഭിനയമികവിനെ പ്രശംസിച്ച് മമ്മൂട്ടി സംസാരിച്ച വീഡിയോ മുൻപ് ശ്രദ്ധ നേടിയിരുന്നു. ‘കളംകാവൽ’ എന്ന ചിത്രത്തിന്റെ പ്രചാരണ പരിപാടിക്കിടെ ജിബിനെ ചേർത്തുപിടിച്ച് ‘ഡീയസ് ഈറെ’യിലെ മികച്ച പ്രകടനത്തെക്കുറിച്ച് മമ്മൂട്ടി സംസാരിക്കുകയായിരുന്നു. മമ്മൂട്ടിയുടെ ആ ചേർത്തുപിടിക്കൽ ഒട്ടും പ്രതീക്ഷിച്ചതല്ലെന്നാണ് ജിബിൻ ഇപ്പോൾ വ്യക്തമാക്കുന്നത്. അന്ന് ധരിച്ചിരുന്ന ഷർട്ട് താൻ ഭദ്രമായി സൂക്ഷിച്ചു വെച്ചിട്ടുണ്ടെന്നും അതൊരു ഓസ്കാർ പുരസ്കാരം പോലെയാണെന്നും മൂവി വേൾഡ് മീഡിയക്ക് നൽകിയ അഭിമുഖത്തിൽ ജിബിൻ വെളിപ്പെടുത്തി.

താൻ ഇതുവരെ ചെയ്ത സിനിമകളുടെ സന്തോഷത്തിലായിരുന്നു മമ്മൂട്ടി സാർ അന്ന് വേദിയിൽ അങ്ങനെ സംസാരിച്ചതെന്നും, അതുകേട്ട് താൻ ശരിക്കും അമ്പരന്നുപോയെന്നും ജിബിൻ ഓർക്കുന്നു. സാർ ഇങ്ങനെയൊക്കെ പറയുമെന്ന് താൻ ഒട്ടും കരുതിയിരുന്നില്ല. അത്രയും മനോഹരമായ ഒരു ചേർത്തുപിടിക്കലായിരുന്നു അത്. ആദ്യമായിട്ടാണ് മമ്മൂട്ടി സാർ തന്നെ അത്രത്തോളം ചേർത്തുനിർത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.

ആ ചടങ്ങിന് വേണ്ടി മാത്രം വാങ്ങിയ ഷർട്ട് പിന്നീട് താൻ ഉപയോഗിച്ചിട്ടില്ലെന്നും അന്ന് മടക്കിവെച്ച അതേപടി സൂക്ഷിച്ചിരിക്കുകയാണെന്നും ജിബിൻ കൂട്ടിച്ചേർത്തു. ആ ഷർട്ട് കയ്യിലെടുക്കുമ്പോഴൊക്കെ ആ നിമിഷത്തിന്റെ ഓർമ്മ ലഭിക്കുമെന്നും തനിക്കത് അത്രയധികം വിലപ്പെട്ടതാണെന്നും താരം പറയുന്നു. ഓസ്കാറിനേക്കാൾ വലിയ ബഹുമതിയായി കാണുന്ന ആ ഷർട്ട് ഇടയ്ക്കിടെ എടുത്തുനോക്കാറുണ്ട്. വലിയൊരു ഓർമ്മമുദ്രയായ ആ ഷർട്ട് തനിക്ക് ഒരു ഓസ്കാർ ശിൽപം പോലെയാണെന്നും ജിബിൻ പറഞ്ഞു.