തിരുവനന്തപുരം: കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാരുടെ പ്രസ്താവനയുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കിടെ സമസ്ത എ.പി. വിഭാഗം നേതാക്കൾ പ്രതിപക്ഷ നേതാവ് വി.ഡി. സതീശനുമായി കൂടിക്കാഴ്ച നടത്തി. വാർത്താസമ്മേളനത്തിലെ കാന്തപുരത്തിനെതിരായ പരാമർശം വി.ഡി. സതീശൻ തിരുത്തണമെന്ന് നേതാക്കൾ ആവശ്യപ്പെട്ടു. ഇതിനു പിന്നാലെ ആ പ്രസ്താവനയോട് യോജിപ്പില്ലെന്ന തലക്കെട്ടോടെ അദ്ദേഹം ഫെയ്‌സ്ബുക്കിൽ പങ്കുവെച്ച വീഡിയോ പോസ്റ്റ് നീക്കം ചെയ്യുകയും ചെയ്തു.
കാന്തപുരം വിഭാഗം മുതിർന്ന നേതാവും കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന ജനറൽ സെക്രട്ടറിയുമായ സയ്യിദ് ഇബ്രാഹിം ഖലീൽ അൽ ബുഖാരി കടലുണ്ടി, പേരോട് അബ്ദുറഹ്‌മാൻ സഖാഫി തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള സംഘമാണ് വി.ഡി. സതീശനെ നേരിട്ടെത്തി കണ്ടത്. കാന്തപുരത്തിന്റെ പരാമർശത്തെ അദ്ദേഹം തെറ്റായി വ്യാഖ്യാനിച്ചെന്ന് ആരോപിച്ച് മുസ്ലിം ജമാഅത്ത് ഉൾപ്പെടെയുള്ള സംഘടനകൾ നേരത്തേ രംഗത്തെത്തുകയും, പ്രസ്താവന തിരുത്തണമെന്ന് ആവശ്യപ്പെട്ട് പ്രമേയം പാസാക്കുകയും ചെയ്തിരുന്നു. ഇതിനു തുടർച്ചയായാണ് എ.പി. വിഭാഗം നേതാക്കൾ കൂടിക്കാഴ്ച നടത്തിയത്.
പൊന്നാനി എം.എൽ.എ കെ.പി. നൗഷാദ് അലി ഉൾപ്പെടെയുള്ളവരുടെ സാന്നിധ്യത്തിലായിരുന്നു ഈ കൂടിക്കാഴ്ച. നേരത്തെ കാന്തപുരത്തിന്റെ പ്രസ്താവനയ്‌ക്കെതിരേ കടുത്ത ഭാഷയിലാണ് വി.ഡി. സതീശൻ നിലപാട് വ്യക്തമാക്കിയത്. കാന്തപുരം മതത്തെ തെറ്റായി വ്യാഖ്യാനിച്ചെന്നും 19-ാം നൂറ്റാണ്ടിൽ പറയേണ്ട കാര്യങ്ങളാണ് 21-ാം നൂറ്റാണ്ടിലിരുന്ന് പറയുന്നതെന്നുമായിരുന്നു അദ്ദേഹത്തിന്റെ വിമർശനം. പ്രവാചകന്റെ ഭാര്യ ഖദീജ, യുദ്ധത്തിൽ സൈന്യത്തെ നയിച്ച ആയിഷ, ബിൽക്കീസ് രാജ്ഞി തുടങ്ങിയ ഉദാഹരണങ്ങൾ ചൂണ്ടിക്കാട്ടിയുള്ള ആ പരാമർശത്തിലെ നീരസവും വിഷമവും അറിയിക്കാനാണ് എ.പി. വിഭാഗം നേതാക്കൾ എത്തിയത്.
അതിനിടെ കാന്തപുരത്തെ പിന്തുണച്ച് സമസ്ത ഇ.കെ. വിഭാഗം അധ്യക്ഷൻ ജിഫ്രി മുത്തുക്കോയ തങ്ങളും രംഗത്തെത്തിയിരുന്നു. രാജ്യത്തെ ഓരോ വ്യക്തിക്കും തങ്ങളുടെ മതപരമായ വിശ്വാസങ്ങൾ പ്രകടിപ്പിക്കാൻ അവകാശമുണ്ടെന്നും അതിനെ പരിഹസിക്കുന്നത് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു. മതപരമായ കാര്യങ്ങൾ പറയുന്നവരെ ചെറുതാക്കി കാണിക്കാൻ ശ്രമിക്കുന്നത് ശരിയല്ലെന്നും ജിഫ്രി തങ്ങൾ പ്രതികരിച്ചു.




