സൂപ്പർതാരങ്ങളുടെ ഉയരങ്ങളിലേക്കുള്ള യാത്രയിൽ അവർ നേരിട്ട കഠിനമായ പോരാട്ടങ്ങൾ പലപ്പോഴും ആരും ശ്രദ്ധിക്കാറില്ല. പ്രതിസന്ധികൾ നിറഞ്ഞ ഒരു ഭൂതകാലത്തുനിന്ന് ഇന്നത്തെ പ്രശസ്തിയിലേക്ക് ഉയർന്നുവന്ന കന്നഡ സൂപ്പർതാരം യാഷിന്റെ ജീവിതവും അത്തരമൊരു കഥയാണ്. പ്രശാന്ത് നീൽ സംവിധാനം ചെയ്ത ‘കെ.ജി.എഫ് 1’ എന്ന ചിത്രം യാഷിന്റെ ജീവിതം മാറ്റിയെഴുതിയെങ്കിലും, അതിലേക്ക് എത്തുന്നത് എളുപ്പമുള്ള കാര്യമായിരുന്നില്ല.
വെറും 16-ാം വയസ്സിൽ കയ്യിൽ 300 രൂപയുമായി, എങ്ങനെയെങ്കിലും ഒരു ‘സൂപ്പർതാരം’ ആകണമെന്ന ഒറ്റ ആഗ്രഹത്തോടെയാണ് യാഷ് സ്വന്തം വീടുവിട്ട് ബെംഗളൂരുവിലേക്ക് വരുന്നത്. എന്നാൽ ഇന്ന്, ഏകദേശം 500 കോടി ബജറ്റിൽ ഗീതു മോഹൻദാസ് ഒരുക്കുന്ന ‘ടോക്സിക്’, 4000 കോടിയോളം രൂപ ചിലവ് പ്രതീക്ഷിക്കുന്ന നമിത് മൽഹോത്രയുടെ ‘രാമായണം’ എന്നീ രണ്ട് വമ്പൻ ചിത്രങ്ങളുടെ ഭാഗമായി മാറിനിൽക്കുകയാണ് അദ്ദേഹം.
ഒരു ബസ് ഡ്രൈവറായ അരുൺ കുമാറിന്റെയും വീട്ടമ്മയായ പുഷ്പയുടെയും മകനാണ് യാഷ്. സിനിമയിൽ പരാജയപ്പെട്ടാൽ തിരികെ വന്ന് കുടുംബത്തിന്റെ നിർദ്ദേശപ്രകാരം ജോലി ചെയ്യണമെന്ന വ്യവസ്ഥയിലാണ് മാതാപിതാക്കൾ അദ്ദേഹത്തെ വിട്ടത്. എന്നാൽ ബെംഗളൂരു നൽകിയ വെല്ലുവിളികളെ അദ്ദേഹം ധീരമായി നേരിട്ടു.
നാടകരംഗത്തുനിന്ന് തുടങ്ങി അരങ്ങിലെ ലൈറ്റുകൾക്ക് പിന്നിലും, ദിവസം 50 രൂപ പ്രതിഫലത്തിന് ചായ കൊടുത്തും, സഹസംവിധായകനായി ജോലി ചെയ്തുമൊക്കെയാണ് അദ്ദേഹം സിനിമാലോകത്തേക്ക് കാൽവെച്ചത്. 2004-ൽ ടെലിവിഷൻ പരമ്പരകളിലൂടെ തുടങ്ങിയ അദ്ദേഹം, 2007-ൽ ‘ജംബഡ ഹുഡുഗി’ എന്ന ചിത്രത്തിലൂടെയാണ് സിനിമയിലെത്തുന്നത്. തുടർന്ന് ‘മൊഗ്ഗിന മനസ്സ്’, ‘ഗൂഗ്ലി’, ‘മിസ്റ്റർ ആൻഡ് മിസിസ് രാമചാരി’ തുടങ്ങിയ ഹിറ്റുകളിലൂടെ അദ്ദേഹം തന്റെ സ്ഥാനം ഉറപ്പിച്ചു.
എന്നാൽ 2018-ൽ പുറത്തിറങ്ങിയ ‘കെ.ജി.എഫ് 1’, 2022-ൽ ഇറങ്ങി 1200 കോടിയിലധികം നേട്ടം കൊയ്ത ‘കെ.ജി.എഫ് 2’ എന്നീ ചിത്രങ്ങളാണ് യാഷിനെ ഒരു പാൻ-ഇന്ത്യൻ സൂപ്പർതാരമാക്കിയത്. ‘റോക്കി ഭായ്’ എന്ന കഥാപാത്രത്തിന്റെ മാസ് ലുക്കും സ്വാഗും ലോകമെമ്പാടുമുള്ള പ്രേക്ഷകർ ഏറ്റെടുത്തു. വലിയ വിജയങ്ങൾ നേടുമ്പോഴും സ്വന്തം വേരുകൾ മറക്കാത്ത യാഷ്, ഭാര്യ രാധിക പണ്ഡിറ്റിനൊപ്പം ‘യാഷോ മാർഗ് ഫൗണ്ടേഷൻ’ എന്ന ജീവകാരുണ്യ പ്രസ്ഥാനവും നടത്തുന്നുണ്ട്. നിലവിൽ കോടികളുടെ സ്വത്തുക്കളും വിലകൂടിയ വീടും വാഹനങ്ങളുമുള്ള യാഷ്, തന്റെ സ്വപ്നങ്ങളെല്ലാം സ്വന്തമാക്കി കഴിഞ്ഞു.
ഇപ്പോൾ തന്റെ സിനിമാ ജീവിതത്തിലെ ഏറ്റവും വലിയ പ്രൊജക്റ്റുകളിലേക്ക് കടക്കുകയാണ് അദ്ദേഹം. ഗീതു മോഹൻദാസിന്റെ ‘ടോക്സിക്’ എന്ന ചിത്രത്തിൽ നായകനായി എത്തുമ്പോൾ, നിതീഷ് തിവാരിയുടെ വമ്പൻ ബജറ്റ് ചിത്രമായ ‘രാമായണത്തിൽ’ രാവണന്റെ വേഷത്തിലാണ് യാഷ് എത്തുന്നത്. ടീസറിലും ട്രെയിലറിലും യാഷിന്റെ രാവണൻ വേഷം വലിയ ശ്രദ്ധ നേടിക്കഴിഞ്ഞു. ആത്മവിശ്വാസവും കഠിനാധ്വാനവും ഉണ്ടെങ്കിൽ ഏതൊരു സ്വപ്നവും നേടിയെടുക്കാം എന്നതിന്റെ തെളിവാണ് യാഷിന്റെ ഈ വിജയഗാഥ.




