മധ്യപ്രദേശിലെ ഭിന്ദ് ജില്ലയിലെ മെഹ്ഗാവ് പൊലീസ് സ്റ്റേഷൻ പരിധിയിൽ, സ്കൂളിൽനിന്ന് വീട്ടിലേക്ക് മടങ്ങുകയായിരുന്ന ഒൻപതു വയസ്സുകാരിക്ക് ലിഫ്റ്റ് വാഗ്ദാനം ചെയ്ത് വാഹത്തിൽ കയറ്റിയ ശേഷം ആളൊഴിഞ്ഞ സ്ഥലത്തെത്തിച്ച് പീഡിപ്പിച്ചു. പെൺകുട്ടിയുടെ സഹോദരന്റെ മുന്നിൽ വച്ചാണ് പ്രതി ഈ കുറ്റകൃത്യം ചെയ്തത്. സംഭവവുമായി ബന്ധപ്പെട്ട് പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു.
നാലാം ക്ലാസ് വിദ്യാർഥിനിയായ പെൺകുട്ടിയും ആറാം ക്ലാസുകാരനായ സഹോദരനും സ്കൂളിൽനിന്ന് വീട്ടിലേക്ക് മടങ്ങുമ്പോഴാണ് പ്രതി സ്കൂട്ടറിലെത്തി ലിഫ്റ്റ് വാഗ്ദാനം ചെയ്തത്. കുട്ടികൾക്ക് നേരത്തെ പരിചയമുള്ളയാളായതിനാൽ ഇരുവരും സ്കൂട്ടറിൽ കയറുകയായിരുന്നു. എന്നാൽ ഇവരെ വീട്ടിലേക്ക് കൊണ്ടുപോകുന്നതിന് പകരം പ്രതി തൊട്ടടുത്തുള്ള ആളൊഴിഞ്ഞ പ്രദേശത്തേക്കാണ് കൊണ്ടുപോയത്. തുടർന്ന് സഹോദരന്റെ മുന്നിൽ വച്ച് പെൺകുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. ഇത് തടയാൻ ശ്രമിച്ച സഹോദരനെ പ്രതി മർദിച്ച ശേഷം സംഭവസ്ഥലത്തുനിന്ന് കടന്നുകളഞ്ഞു.
ഇതിനുപിന്നാലെ സഹോദരൻ ഓടിച്ചെന്ന് വീട്ടുകാരെ വിവരമറിയിക്കുകയായിരുന്നു. ഉടനടി സ്ഥലത്തെത്തിയ ബന്ധുക്കൾ പെൺകുട്ടിയെ ആശുപത്രിയിലെത്തിച്ചു. തുടർന്ന് കുടുംബം മെഹ്ഗാവ് പൊലീസിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പ്രതിയെ അറസ്റ്റ് ചെയ്തു. ഇയാളുടെ ക്രിമിനൽ പശ്ചാത്തലം പരിശോധിച്ച് വരികയാണെന്ന് പൊലീസ് വ്യക്തമാക്കി.
ആറു ദിവസം മുൻപും ഈ പ്രദേശത്ത് സമാനമായ അതിക്രമം റിപ്പോർട്ട് ചെയ്തിരുന്നു. സ്കൂളിൽനിന്ന് മടങ്ങുകയായിരുന്ന മൂന്നാം ക്ലാസ് വിദ്യാർഥിനിയെ 28 വയസ്സുള്ള അയൽവാസി തട്ടിക്കൊണ്ടുപോയി ക്രൂരമായി ബലാത്സംഗം ചെയ്ത ശേഷം കൊലപ്പെടുത്തുകയായിരുന്നു.




