അമൃതാനന്ദമയിയെ സന്ദർശിച്ച സംഭവത്തിൽ പ്രതികരിച്ച് ലീഗ് നേതാവ് കെ.എം. ഷാജി. തന്റെ നിലപാടിൽ മാറ്റമില്ലെന്നും മുന്നണിയിൽ വ്യത്യസ്തമായ അഭിപ്രായങ്ങൾ പ്രകടിപ്പിക്കാനുള്ള സ്വാതന്ത്ര്യമുണ്ടെന്നും ഷാജി പറഞ്ഞു. മുൻപ് നടത്തിയ പ്രസംഗം അവിടെത്തന്നെയുണ്ടെന്നും അത് തന്റെ വ്യക്തിപരമായ അഭിപ്രായമാണെന്നും ബാക്കി കാര്യങ്ങൾ ചോദ്യമായി വരുന്നവരോട് ചോദിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.
എന്‍റെ പ്രസംഗം അവിടെ കിടക്കുന്നുണ്ട്. അതെന്‍റെ അഭിപ്രായമാണ്. ബാക്കി നിങ്ങള്‍ മുഖ്യമന്ത്രിയോട് ചോദിക്കണം. എന്‍റെ അഭിപ്രായത്തില്‍ വ്യത്യാസമില്ല. മറ്റുള്ളവര്‍ ചെയ്യുന്നതിനെ ഞാന്‍ ആക്ഷേപിക്കാന്‍ പോകുന്നില്ല. ഞാനങ്ങനെ ചെയ്യില്ല, അതെന്‍റെ പോളിസിയാണ്. മുഖ്യമന്ത്രിയും ഞങ്ങളും തമ്മില്‍ പല മേഖലകളിലും വിയോജിപ്പുണ്ട്. ഞങ്ങള്‍ രണ്ട് പാര്‍ട്ടിയാണ്, രണ്ട് അഭിപ്രായക്കാരാണ്. അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യം ഞങ്ങള്‍ക്കിടയിലുണ്ടെന്നും കെ.എം.ഷാജി മാധ്യമങ്ങളോട് വ്യക്തമാക്കി.
പി എം ശ്രീ വിഷയത്തിൽ അഭിപ്രായ വ്യത്യാസമില്ലെന്നും ലീഗിന് വ്യക്തമായ നിലപാടുണ്ടെന്നും ഷാജി വ്യക്തമാക്കി. മുന്നണിയിൽ വിയോജിപ്പുകൾ ഉന്നയിക്കേണ്ട ഘട്ടത്തിൽ കൃത്യമായി അറിയിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കഴിഞ്ഞ ദിവസം അമൃതപുരിയിലെത്തി അമൃതാനന്ദമയിയെ സന്ദർശിച്ച നേതാവ് ഒരു മണിക്കൂറോളം അവിടെ ചെലവഴിച്ചിരുന്നു. ഇതിനു പിന്നാലെയാണ് മുൻപ് അമൃതാനന്ദമയിക്കെതിരെ കെ.എം. ഷാജി നടത്തിയ പരാമർശങ്ങൾ വീണ്ടും രാഷ്ട്രീയ വൃത്തങ്ങളിൽ ചർച്ചയായി ഉയർന്നുവന്നത്.
ഉന്നത സ്ഥാനത്തുള്ള ഒരു വ്യക്തി ആൾദൈവമായ അമൃതാനന്ദമയിയെ കെട്ടിപ്പിടിക്കുന്നതും ദർഗയിൽ പോയി തുണി വിരിക്കുന്നതും ഒരുപോലെ തെറ്റായ കാര്യമാണെന്നായിരുന്നു കെ.എം. ഷാജി മുൻപ് വിമർശിച്ചിരുന്നത്. അമൃതപുരിയിലെത്തി അമൃതാനന്ദമയിയെ ചേർത്തുപിടിക്കുന്ന ചിത്രങ്ങൾ പുറത്തുവന്നതിന് പിന്നാലെയായിരുന്നു ഷാജിയുടെ അന്നത്തെ രൂക്ഷമായ ഈ പ്രതികരണം.




