ബെൽഫാസ്റ്റ് ∙ അയർലൻഡിനെതിരായ ഏകദിന പരമ്പരയിലെ മൂന്നാം മത്സരത്തിൽ അഫ്ഗാനിസ്ഥാൻ വിജയിച്ചതോടെ, മുൻ ചാംപ്യന്മാരായ വെസ്റ്റ് ഇൻഡീസിന് 2027-ലെ ഏകദിന ലോകകപ്പിന് നേരിട്ട് യോഗ്യത നേടാനുള്ള അവസരം നഷ്ടമായി. അയർലൻഡിനെ തോൽപ്പിച്ച അഫ്ഗാനിസ്ഥാൻ ലോകകപ്പിലേക്ക് നേരിട്ട് എൻട്രി ഉറപ്പാക്കുകയും ചെയ്തു. വിൻഡീസിന് ഇത് തുടർച്ചയായ മൂന്നാം തവണയാണ് യോഗ്യതാ റൗണ്ട് കളിക്കേണ്ടി വരുന്നത്. 2019-ൽ യോഗ്യതാ മത്സരം കടന്ന് അവർ ലോകകപ്പ് കളിച്ചെങ്കിലും 2023-ൽ യോഗ്യത നേടാനാകാതെ പുറത്തായിരുന്നു.
2026 സെപ്റ്റംബർ 30-ലെ ഐസിസി ഏകദിന റാങ്കിങ് അനുസരിച്ച്, ആതിഥേയർക്ക് പുറമെ റാങ്കിങ്ങിൽ മുന്നിലുള്ള ആദ്യ എട്ടു ടീമുകൾക്കാണ് ലോകകപ്പിലേക്ക് നേരിട്ട് പ്രവേശനം ലഭിക്കുന്നത്. ദക്ഷിണാഫ്രിക്കയും സിംബാബ്വെയുമാണ് ഇത്തവണത്തെ ആതിഥേയർ. നിലവിലെ റാങ്കിങ് പ്രകാരം ഇന്ത്യ, ന്യൂസീലൻഡ്, ഓസ്ട്രേലിയ, പാക്കിസ്ഥാൻ, ശ്രീലങ്ക, ഇംഗ്ലണ്ട്, അഫ്ഗാനിസ്ഥാൻ, ബംഗ്ലാദേശ് എന്നീ ടീമുകളാണ് നേരിട്ട് യോഗ്യത നേടുന്നത്. റാങ്കിങ്ങിൽ നാലാമതുള്ള ദക്ഷിണാഫ്രിക്കയും പതിനൊന്നാമതുള്ള സിംബാബ്വെയും ആതിഥേയരെന്ന നിലയിൽ യോഗ്യത നേടിയതിനാലാണ് ഒൻപതാം സ്ഥാനത്തുള്ള ബംഗ്ലാദേശിനും നേരിട്ട് എൻട്രി ലഭിച്ചത്.
നിലവിൽ ഏകദിന റാങ്കിങ്ങിൽ പത്താം സ്ഥാനത്താണ് വെസ്റ്റ് ഇൻഡീസ്. സെപ്റ്റംബർ 30-ന് മുൻപായി ഇന്ത്യയ്ക്കെതിരെ രണ്ട് മത്സരങ്ങൾ കൂടി ബാക്കിയുണ്ടെങ്കിലും റാങ്കിങ്ങിൽ മുന്നിലെത്താൻ വിൻഡീസിന് സാധിക്കില്ല. ഇതോടെയാണ് അവർ വീണ്ടും യോഗ്യതാ മത്സരങ്ങളിലേക്ക് തള്ളപ്പെട്ടത്. പത്ത് ടീമുകൾ മത്സരിക്കുന്ന യോഗ്യതാ റൗണ്ടിൽ നിന്ന് നാല് ടീമുകൾക്കാകും ലോകകപ്പിലേക്ക് പ്രവേശനം ലഭിക്കുക. എന്നാൽ യോഗ്യതാ മത്സരങ്ങൾ എവിടെ വെച്ച് നടത്തുമെന്ന കാര്യത്തിൽ ഇതുവരെ തീരുമാനമായിട്ടില്ല.
ഐസിസി റാങ്കിങ്ങിൽ പത്തും പന്ത്രണ്ടും സ്ഥാനങ്ങളിലുള്ള വെസ്റ്റ് ഇൻഡീസും അയർലൻഡും യോഗ്യതാ റൗണ്ടിലേക്ക് നേരിട്ടെത്തുമ്പോൾ, സിഡബ്ല്യുസി ലീഗ് 2-വിൽ നിന്ന് മുന്നിലെത്തുന്ന നാല് ടീമുകളും ക്വാളിഫയർ പ്ലേ ഓഫിൽ നിന്നുള്ള നാല് ടീമുകളും ഇവർക്കൊപ്പം ചേരും. സിഡബ്ല്യുസി ലീഗ് 2-വിലെ അവസാന നാല് ടീമുകളും ചാലഞ്ച് ലീഗിലെ നാല് ടീമുകളുമാണ് ക്വാളിഫയർ പ്ലേ ഓഫിൽ കളിക്കുക. ഇതിൽ ആദ്യ നാല് സ്ഥാനങ്ങളിൽ എത്തുന്ന എട്ട് ടീമുകൾ ലോകകപ്പ് ക്വാളിഫയറിലേക്ക് തിരഞ്ഞെടുക്കപ്പെടും.
ബെൽഫാസ്റ്റിൽ നടന്ന മൂന്നാം ഏകദിനത്തിൽ റാഷിദ് ഖാന്റെ മികച്ച പ്രകടനത്തിന്റെ കരുത്തിലാണ് അയർലൻഡിനെ മൂന്ന് വിക്കറ്റിന് തോൽപ്പിച്ച് അഫ്ഗാനിസ്ഥാൻ ലോകകപ്പ് യോഗ്യത ഉറപ്പിച്ചത്. മത്സരത്തിൽ മൂന്ന് വിക്കറ്റുകൾ വീഴ്ത്തിയ റാഷിദ്, പുറത്താകാതെ 37 റൺസും നേടി. 2023-ലെ ലോകകപ്പിൽ നാല് ജയങ്ങളോടെ ആറാം സ്ഥാനത്തെത്തി അഫ്ഗാനിസ്ഥാൻ മികച്ച പ്രകടനം നടത്തിയിരുന്നു. അന്ന് ഇംഗ്ലണ്ട്, പാക്കിസ്ഥാൻ, ശ്രീലങ്ക തുടങ്ങിയ പ്രമുഖ ടീമുകളെ തോൽപ്പിച്ച അവർ സെമിഫൈനലിന് തൊട്ടരികെ വെച്ചാണ് പുറത്തായത്.




