ഭാര്യ പ്രസവിച്ച് ആശുപത്രിയിൽ കഴിയവേ, പുറത്ത് നിർത്തിയിട്ടിരുന്ന വാഹനത്തിൽ വിശ്രമിക്കുകയായിരുന്ന ഭർത്താവിനെ രാവിലെ മരിച്ച നിലയിൽ കണ്ടെത്തി. കുറ്റ്യാടി കായക്കൊടി സ്വദേശിയും ടാക്സി ഡ്രൈവറുമായ വിനുവാണ് (27) മരിച്ചത്. പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ മരണകാരണം വ്യക്തമല്ലെങ്കിലും ഹൃദയാഘാതമാകാനാണ് സാധ്യതയെന്നാണ് കരുതുന്നത്. തുടർപരിശോധനയ്ക്കായി സാംപിളുകൾ ശേഖരിച്ചിട്ടുണ്ട്. മരണത്തിൽ അസ്വാഭാവികതയൊന്നുമില്ലെന്നാണ് പോലീസിന്റെ നിഗമനം.
കുടുംബത്തെയും നാടിനെയും ഒരുപോലെ കണ്ണീരിലാഴ്ത്തിയാണ് വിനുവിന്റെ വേർപാട്. ശനിയാഴ്ചയാണ് കോഴിക്കോട് മെഡിക്കൽ കോളേജിൽ വിനുവിന്റെ ഭാര്യ പെൺകുഞ്ഞിന് ജന്മം നൽകിയത്. ഒന്നോ രണ്ടോ ദിവസത്തിനുള്ളിൽ ഇവർ ഡിസ്ചാർജ് ആകാനിരിക്കുകയായിരുന്നു. രാത്രി ഭാര്യയ്ക്ക് കൂട്ടായി അമ്മയെ നിർത്തിയ ശേഷമാണ് വിനു ഉറങ്ങാൻ പോയത്.
ആശുപത്രിക്ക് മുന്നിൽ നിർത്തിയിട്ടിരുന്ന സുഹൃത്തിന്റെ ജീപ്പിനുള്ളിലാണ് വിനു ഉറങ്ങിയത്. പുലർച്ചെ വിനുവിനെ കാണാതെ അമ്മ അന്വേഷിച്ചിറങ്ങിയപ്പോഴാണ് ജീപ്പിനുള്ളിൽ ഇരിക്കുന്നത് കണ്ടത്. എന്നാൽ അടുത്തെത്തി വിളിച്ചിട്ടും അനക്കമൊന്നുമുണ്ടായില്ല. അമ്മയുടെ കരച്ചിൽ കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് വിനുവിനെ ഉടൻ തന്നെ ആശുപത്രിയിലേക്ക് മാറ്റിയത്.




