പ്രമേഹം, ഹൃദ്രോഗം, വൃക്കരോഗം, സി.ഒ.പി.ഡി (COPD), അമിത രക്തസമ്മർദ്ദം തുടങ്ങിയ വിട്ടുമാറാത്ത രോഗങ്ങളുള്ളവർക്ക് പതിവായുള്ള വൈദ്യപരിശോധനകളും സമയബന്ധിതമായ ചികിത്സയും അത്യാവശ്യമാണ്. രോഗം വഷളാകാതിരിക്കാനും നിയന്ത്രണവിധേയമാക്കാനും ഇത് സഹായിക്കും. എന്നാൽ ആവശ്യമില്ലാതെ അടിക്കടിയും ദീർഘനേരവുമുള്ള ആശുപത്രി സന്ദർശനങ്ങൾ ചിലപ്പോൾ പുതിയ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകാമെന്ന് ഗ്രേറ്റർ നോയിഡ ഫോർട്ടിസ് ഹോസ്പിറ്റലിലെ ഇന്റേണൽ മെഡിസിൻ ഡയറക്ടർ ഡോ. പ്രമീള റാംനിസ് ബൈത്ത വ്യക്തമാക്കുന്നു. ചികിത്സ ആവശ്യമുള്ളപ്പോൾ ആശുപത്രിയിൽ പോകുന്നത് ഒഴിവാക്കരുതെന്നും എന്നാൽ കൃത്യമായ രോഗനിയന്ത്രണത്തിലൂടെ ഒഴിവാക്കാവുന്ന യാത്രകൾ കുറയ്ക്കുകയാണ് വേണ്ടതെന്നും അവർ പറയുന്നു.
വ്യത്യസ്ത തരം അണുബാധയുള്ള രോഗികൾ എത്തുന്ന ഇടമായതിനാൽ, പ്രതിരോധശേഷി കുറഞ്ഞ വിട്ടുമാറാത്ത രോഗമുള്ളവർക്ക് ആശുപത്രി അന്തരീക്ഷത്തിൽ നിന്ന് മറ്റ് അണുബാധകൾ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. കൂടാതെ, ഒന്നിലധികം ഡോക്ടർമാരെ കാണുമ്പോൾ മരുന്നുകളിൽ മാറ്റം വരികയോ, അബദ്ധത്തിൽ ഒരേ മരുന്ന് വീണ്ടും നൽകപ്പെടുകയോ ചെയ്യാം. ഇത് മരുന്നുകളുടെ പാർശ്വഫലങ്ങൾക്കും ആശയക്കുഴപ്പങ്ങൾക്കും കാരണമായേക്കാം. തുടർച്ചയായ ആശുപത്രി സന്ദർശനങ്ങളും ദീർഘനേരത്തെ കാത്തിരിപ്പും രോഗികളിൽ വലിയ രീതിയിലുള്ള ശാരീരിക-മാനസിക സമ്മർദ്ദം സൃഷ്ടിക്കുകയും ചെയ്യുന്നു.
മുതിർന്ന പൗരന്മാരെ സംബന്ധിച്ച്, അടിക്കടിയുള്ള ആശുപത്രിവാസവും വിശ്രമവും അവരുടെ ശാരീരിക ശേഷിയെയും ചലനസ്വാതന്ത്ര്യത്തെയും ബാധിക്കുകയും പേശികളുടെ ബലം കുറയ്ക്കുകയും ചെയ്തേക്കാം. പല ഡോക്ടർമാർ മാറിമാറി ചികിത്സിക്കുമ്പോൾ പരസ്പര ആശയവിനിമയം കുറയുന്നത് അനാവശ്യമായ പരിശോധനകൾക്കും തടസ്സങ്ങൾക്കും കാരണമാകുന്നു. ഇതിന് പരിഹാരമായി കൃത്യമായ ജീവിതശൈലി മാറ്റങ്ങൾ, മരുന്നുകളുടെ തുടർച്ചയായ പുനഃപരിശോധന, മുൻകൂട്ടിയുള്ള ലക്ഷണങ്ങൾ തിരിച്ചറിയൽ എന്നിവയിലൂടെ ആവശ്യമില്ലാത്ത ആശുപത്രി സന്ദർശനങ്ങൾ ഒഴിവാക്കാം. എന്നാൽ പുതിയതോ വഷളാകുന്നതോ ആയ ലക്ഷണങ്ങൾ കണ്ടാൽ ഒരു കാരണവശാലും ചികിത്സ വൈകിപ്പിക്കരുത്. ശരിയായ സമയത്ത് കൃത്യമായ ചികിത്സ ഉറപ്പാക്കുക എന്നതാണ് ഇത്തരം രോഗപരിപാലനത്തിൽ പ്രധാനം.




