Hollywood

BTS മ്യൂസിക് വിഡിയോ ചിത്രീകരണത്തിനിടെ ബോധംകെട്ട് വീണു; അനുഭവം പങ്കുവെച്ച് ലിലി റെയിൻഹാർട്ട്!

2026 മാർച്ച് മാസത്തിൽ ‘SWIM’, ‘ARIRANG’ എന്നീ ഗാനങ്ങളിലൂടെ ബി.ടി.എസ് (BTS) തങ്ങളുടെ തിരിച്ചുവരവ് നടത്തിയത് ലോകമെമ്പാടുമുള്ള ആരാധകരെ ഏറെ സന്തോഷിപ്പിച്ചിരുന്നു. ആർ.എം, ജിൻ, ഷുഗ, ജെ-ഹോപ്പ്, ജിമിൻ, വി, ജങ്‌കൂക്ക് എന്നീ ഏഴ് അംഗങ്ങളും ഒരുമിച്ച് വീണ്ടും സ്‌ക്രീനിലെത്തിയത് വൈകാരികമായ മുഹൂർത്തമായി മാറിയപ്പോൾ, ‘SWIM’ എന്ന മ്യൂസിക് വീഡിയോയിൽ പ്രത്യക്ഷപ്പെട്ട മറ്റൊരു മുഖവും ശ്രദ്ധ നേടി. പ്രശസ്ത അമേരിക്കൻ നടി ലിലി റൈൻഹാർട്ട് ആയിരുന്നു ഈ ഗാനരംഗത്തിൽ അഭിനയിച്ചത്. ബി.ടി.എസിനൊപ്പം അഭിനയിക്കാൻ സാധിച്ചതിൽ സന്തോഷമുണ്ടെങ്കിലും അന്നേരം താൻ തികച്ചും “ഭയചകിതയായിരുന്നു” എന്ന് താരം വെളിപ്പെടുത്തി.

ജിമ്മി ഫാലൻ അവതരിപ്പിക്കുന്ന ‘ദി ടുനൈറ്റ് ഷോ’യിലാണ് ബി.ടി.എസിനൊപ്പമുള്ള തന്റെ അനുഭവങ്ങൾ 30 കാരിയായ ലിലി പങ്കുവെച്ചത്. ഇൻസ്റ്റാഗ്രാമിൽ ബി.ടി.എസ് ടീമിന്റെ ക്രിയേറ്റീവ് ഡയറക്ടർ അയച്ച മെസേജ് കണ്ടതാണ് ഈ അവസരത്തിലേക്ക് വഴിവെച്ചത്. സാധാരണയായി അപരിചിതരുടെ മെസേജുകൾ തുറന്നുനോക്കാറില്ലെങ്കിലും ഇത്തവണ അത് തുറന്നുനോക്കാൻ തോന്നിയതിൽ സന്തോഷമുണ്ടെന്ന് ലിലി പറഞ്ഞു. ‘ഹാൾ & ഹാർപ്പർ’ എന്ന തന്റെ ഷോ കണ്ട ശേഷമാണ് ബി.ടി.എസ് സംഘം തന്നിലേക്ക് എത്തിയത്.

ലിലിക്ക് നൃത്തം ചെയ്യാൻ അറിയില്ലായിരുന്നതിനാൽ ആദ്യം ഈ അവസരം നിരസിക്കാനാണ് അവർ തീരുമാനിച്ചിരുന്നത്. എന്നാൽ ഈ പാട്ടിന് കടുപ്പമേറിയ നൃത്തച്ചുവടുകൾക്ക് പകരം കൂടുതൽ സ്വതന്ത്രമായ ചലനങ്ങളാണ് ആവശ്യമെന്ന് മനസ്സിലായതോടെ ചിത്രീകരണത്തിന് സമ്മതിക്കുകയായിരുന്നു. പോർച്ചുഗലിലെ ലിസ്ബണിൽ വെച്ചായിരുന്നു നാല് ദിവസം നീണ്ട ചിത്രീകരണം നടന്നത്.

യാത്രയ്ക്കിടയിലുണ്ടായ ശാരീരിക അസ്വസ്ഥതകൾ കാരണം ഷൂട്ടിംഗ് സമയത്ത് തനിക്ക് കടുത്ത ഓക്കാനവും ഛർദ്ദിയും അനുഭവപ്പെട്ടിരുന്നതായി ലിലി വെളിപ്പെടുത്തി. ബോട്ടിനുള്ളിലെ രംഗങ്ങൾ ചിത്രീകരിക്കുമ്പോൾ ഓക്കാനം കുറയ്ക്കാനായി താൻ പരിധിയിൽ കൂടുതൽ മരുന്നുകൾ കഴിച്ചിരുന്നു. മരുന്നിന്റെ ശക്തി കാരണം പകുതി ഉറക്കത്തിലും അബോധാവസ്ഥയിലുമാണ് താൻ ആ രംഗങ്ങളിൽ അഭിനയിച്ചതെന്ന് ലിലി ചിരിയോടെ പറഞ്ഞു.