മഹാരാഷ്ട്രയിൽ വാഹനാപകടത്തിൽ പരുക്കേറ്റ പത്തൊമ്പതുകാരിയെ സഹായിക്കാനെന്ന വ്യാജേനയെത്തിയ സംഘം കൂട്ടബലാത്സംഗത്തിനിരയാക്കി. മുംബൈയിൽ നിന്ന് ഏകദേശം 150 കിലോമീറ്റർ അകലെയുള്ള പാൽഘർ ജില്ലയിലെ തലസാരിയിൽ തിങ്കളാഴ്ചയാണ് ക്രൂരമായ സംഭവം നടന്നത്. കേസിൽ മൂന്ന് പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തപ്പോൾ മറ്റു മൂന്നു പേർക്കായി തിരച്ചിൽ തുടരുകയാണ്.
തലസാരിയിലെ ആംഗാവിന് സമീപം ആൺസുഹൃത്തിനൊപ്പം ഇരുചക്രവാഹനത്തിൽ യാത്ര ചെയ്യുമ്പോൾ അപകടത്തിൽപ്പെട്ട് ബൈക്ക് മറിയുകയായിരുന്നു. രക്ഷാപ്രവർത്തനത്തിനെന്ന വ്യാജേന അടുത്തെത്തിയ പ്രതികൾ, പെൺകുട്ടിയുടെ സുഹൃത്തിനെ തല്ലിച്ചതച്ച ശേഷം പെൺകുട്ടിയെ ബലമായി വാഹനത്തിൽ കയറ്റിക്കൊണ്ടുപോയി.
തുടർന്ന് ആളൊഴിഞ്ഞ ബംഗ്ലാവിൽ എത്തിച്ച ശേഷമാണ് കൂട്ടബലാത്സംഗത്തിന് ഇരയാക്കിയതെന്ന് തലസാരി പൊലീസ് ഇൻസ്പെക്ടർ അജയ് ഗോരാഡ് വ്യക്തമാക്കി. ആക്രമണത്തിനിരയായ പെൺകുട്ടിയും സുഹൃത്തും പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകിയതോടെയാണ് ക്രൂരത പുറംലോകമറിഞ്ഞത്.




