നിർണായക പ്രതിരോധ രഹസ്യങ്ങൾ ചോർത്തിയ സംഭവത്തില്‍ ഇന്ത്യൻ വ്യോമസേനയിലെ വിങ് കമാൻഡര്‍ അറസ്റ്റില്‍. മേയ് 31-ന് നടന്ന ഈ അറസ്റ്റിന്റെ വിവരങ്ങൾ രണ്ടു മാസത്തിന് ശേഷമാണ് പുറത്തുവന്നത്. വ്യോമസേനയുടെ ഇന്റലിജൻസ് വിഭാഗം നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് നടപടിയുണ്ടായത്. ഔദ്യോഗിക രഹസ്യ നിയമപ്രകാരം കേസെടുത്തിട്ടുള്ള ഉദ്യോഗസ്ഥൻ നിലവിൽ തിഹാർ ജയിലിൽ ജുഡീഷ്യൽ കസ്റ്റഡിയിലാണ്.
പാകിസ്ഥാൻ രഹസ്യാന്വേഷണ വിഭാഗം നടപ്പിലാക്കിയ ‘ഹണിട്രാപ്പിൽ’ കുടുങ്ങിയാണ് ഉദ്യോഗസ്ഥൻ വിവരങ്ങൾ കൈമാറിയതെന്ന് ഡൽഹി പൊലീസ് അറിയിച്ചു. തന്ത്രപ്രധാനമായ സൈനിക വിവരങ്ങൾ ചോർത്താൻ ലക്ഷ്യമിട്ടുള്ള വലിയൊരു ചാര ശൃംഖലയാണ് ഇതിന് പിന്നിൽ പ്രവർത്തിച്ചിട്ടുള്ളത്. വ്യക്തിപരമായ ബുദ്ധിമുട്ടുകൾ നേരിട്ടിരുന്ന സമയത്ത് സോഷ്യൽ മീഡിയ വഴി പരിചയപ്പെട്ട ഒരു സ്ത്രീയാണ് ഇദ്ദേഹത്തെ വലയിലാക്കിയത്. പിന്നീട് വീഡിയോ കോളുകളിലൂടെയും ചാറ്റുകളിലൂടെയും സൗഹൃദം സ്ഥാപിച്ച ശേഷം സൈനിക വിവരങ്ങൾ ആവശ്യപ്പെടുകയായിരുന്നു.
സേനയുടെ നീക്കങ്ങളും വിന്യാസങ്ങളും സംബന്ധിച്ച ചിത്രങ്ങളും നിർണായക രേഖകളും ഡിജിറ്റൽ മാർഗ്ഗങ്ങളിലൂടെ ഉദ്യോഗസ്ഥൻ കൈമാറിയതായി അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. കൂടാതെ, പാകിസ്ഥാനിലെ ഹാൻഡ്ലർമാരുടെ നിർദ്ദേശപ്രകാരം സഹപ്രവർത്തകന്റെ ഫോണിൽ വിവരങ്ങൾ ചോർത്തുന്ന റിമോട്ട് ആക്സസ് മാൽവെയർ ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്യാനും ഇയാൾ ശ്രമിച്ചിരുന്നു. പ്രതിരോധ ഉദ്യോഗസ്ഥരെ ലക്ഷ്യമിട്ട് പ്രവർത്തിക്കുന്ന സംഘടിത ഹണിട്രാപ്പ് ശൃംഖലയുടെ ഭാഗമായാണ് ഈ സ്ത്രീ പ്രവർത്തിച്ചിരുന്നത്.
സംഭവത്തിൽ ഡിജിറ്റൽ തെളിവുകളും വിദേശബന്ധങ്ങളും കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്. ചോർന്ന വിവരങ്ങൾ രാജ്യസുരക്ഷയെ എത്രത്തോളം ബാധിച്ചിട്ടുണ്ടെന്ന് പരിശോധിച്ചു വരികയാണ്. സേനാംഗങ്ങളെല്ലാം കർശന നിരീക്ഷണത്തിലാണെന്നും ആവശ്യമായ സുരക്ഷാ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും വ്യോമസേന വക്താവ് വ്യക്തമാക്കി.




