Uncategorized

2026 ലോകകപ്പിനിടെ മെസ്സിയെ വധിക്കാൻ പദ്ധതി! ഞെട്ടിക്കുന്ന റിപ്പോർട്ട് പുറത്ത്, റൊണാൾഡോയ്ക്കും നേരെ വധഭീഷണി

2026-ലെ ഫിഫ ലോകകപ്പ് ഫുട്ബോൾ ടൂർണമെന്റിനിടെ സൂപ്പർ താരം ലയണൽ മെസ്സിയെ വധിക്കാൻ പദ്ധതിയിട്ടിരുന്നതായി ഞെട്ടിക്കുന്ന റിപ്പോർട്ട് . യു.എസിൽ നടന്ന മത്സരങ്ങൾക്കിടെ മെസ്സിയെയും മറ്റ് പ്രമുഖ താരങ്ങളെയും ലക്ഷ്യമിട്ട് നിരവധി ഭീഷണികളും ഗൂഢാലോചനകളും ഉണ്ടായതായി സുരക്ഷാ രേഖകൾ വ്യക്തമാക്കുന്നു. സ്പാനിഷ് മാധ്യമമായ ‘ഇൻഫൊർമാസിൻ’ (Informacion.es) ആണ് ഈ വിവരങ്ങൾ പുറത്തുവിട്ടത്.

ലോകകപ്പ് വേളയിൽ ഏറ്റവും കൂടുതൽ സുരക്ഷാ ഭീഷണികൾ നേരിട്ട താരം ലയണൽ മെസ്സിയാണെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. എഫ്.ബി.ഐയുടെ നേതൃത്വത്തിൽ വിവിധ രാജ്യങ്ങളിലെ സുരക്ഷാ ഏജൻസികൾ നടത്തിയ നിരീക്ഷണത്തിലാണ് ഈ ഭീകരപദ്ധതികൾ പുറത്തറിഞ്ഞത്. ഡല്ലാസിൽ നടന്ന അർജന്റീന – ജോർദാൻ മത്സരത്തിനിടയിൽ ഡല്ലാസ് വിമാനത്താവളത്തിലേക്ക് ഒരു ഭീഷണി സന്ദേശമെത്തി. സ്റ്റേഡിയത്തിൽ നാടൻ ബോംബുകളുമായി എത്തി മെസ്സിയെയും മറ്റ് താരങ്ങളെയും ആക്രമിക്കുമെന്നായിരുന്നു സന്ദേശം.

അറ്റ്‌ലാന്റയിൽ നടന്ന അർജന്റീന – ഈജിപ്ത് മത്സരത്തിന് മുന്നോടിയായും സമാനമായ ഭീഷണിയുണ്ടായി. ശരീരത്തിൽ ബോംബ് വെച്ചുകെട്ടി സ്റ്റേഡിയത്തിൽ കടന്ന് മെസ്സിയെ ആക്രമിക്കുമെന്ന് ‘എക്സ്’ പ്ലാറ്റ്‌ഫോം വഴി ഭീഷണി സന്ദേശം ലഭിക്കുകയായിരുന്നു. സ്റ്റേഡിയത്തിൽ സംശയാസ്പദമായ രീതിയിൽ ബോംബുകൾ വെച്ചിട്ടുണ്ടെന്ന വിവരത്തെ തുടർന്ന് ബോംബ് സ്ക്വാഡും സുരക്ഷാ വിഭാഗവും സ്ഥലത്ത് തിരച്ചിൽ നടത്തുകയുമുണ്ടായി.

മെസ്സിക്ക് പുറമെ പോർച്ചുഗൽ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ ഉൾപ്പെടെയുള്ള മറ്റ് പ്രമുഖ താരങ്ങളും സുരക്ഷാ ഭീഷണി നേരിട്ടു. റൊണാൾഡോ താമസിച്ചിരുന്ന ഹോട്ടലിനെക്കുറിച്ചും യാത്രാ വിവരങ്ങളെക്കുറിച്ചും അന്വേഷിച്ച ഒരാളെ ഹൂസ്റ്റൺ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഫ്രഞ്ച് റഫറി ഫ്രാങ്കോയിസ് ലെറ്റെക്സിറിന് വാട്സാപ്പിലൂടെ ആറായിരത്തിലധികം ഭീഷണി സന്ദേശങ്ങൾ ലഭിച്ചതായും വ്യക്തമായിട്ടുണ്ട്. ലോകകപ്പ് ചരിത്രത്തിലെ വലിയ സുരക്ഷാ വെല്ലുവിളികളാണ് ഈ വിവരങ്ങൾ വെളിപ്പെടുത്തുന്നത്.

ലോകകപ്പ് മത്സരങ്ങൾക്കിടെയുള്ള ഭീഷണികളും സുരക്ഷയും ഏകോപിപ്പിക്കുന്നതിന് അമേരിക്കൻ ഏജൻസികളും മറ്റ് ആതിഥേയ രാജ്യങ്ങളിലെ പൊലീസും ചേർന്നാണ് പ്രവർത്തിച്ചത്. സെന്റർ ഫോർ ഇന്റർനാഷണൽ പൊലീസ് കോർപ്പറേഷന്റെയും എഫ്.ബി.ഐയുടെയും നേതൃത്വത്തിൽ ശക്തമായ സുരക്ഷാ വലയമാണ് ഒരുക്കിയിരുന്നത്. സൂപ്പർ താരങ്ങളുടെ വലിയ ജനപ്രീതി സുരക്ഷാ ഉദ്യോഗസ്ഥർക്ക് പലപ്പോഴും കടുത്ത വെല്ലുവിളിയാകാറുണ്ടെന്നും രേഖകൾ ചൂണ്ടിക്കാണിക്കുന്നു.