തെക്കൻ ചൈനയിലെ രണ്ട് സ്ത്രീകൾ, തങ്ങൾ 37 വർഷങ്ങൾക്ക് മുൻപ് ജനിച്ചപ്പോൾ ആശുപത്രിയിൽ വെച്ച് മാറിപ്പോയതാണെന്നും നാല് കിലോമീറ്റർ മാത്രം അകലെയാണ് വളർന്നതെന്നും തിരിച്ചറിഞ്ഞു. ജനിച്ചപ്പോൾ ആശുപത്രി അധികൃതർ വരുത്തിയ പിഴവാണ് ഇവരുടെ ജീവിതം വ്യത്യസ്ത വഴികളിലേക്ക് തിരിച്ചത്.
1989 ഒക്ടോബറിൽ ഗ്വാങ്ഡോംഗ് പ്രവിശ്യയിലെ ക്വിംഗ്‌യാൻ പീപ്പിൾസ് ഹോസ്പിറ്റലിൽ 55 മിനിറ്റ് വ്യത്യാസത്തിലാണ് ഹുവാങ് ഷിയാവോലിനും ലി ഹുയിയും ജനിച്ചത്. ആ സമയത്ത് കുഞ്ഞുങ്ങളെ തിരിച്ചറിയാനുള്ള ബാൻഡുകൾ ആശുപത്രിയിൽ ഉപയോഗിച്ചിരുന്നില്ല. തുണിയിൽ വെച്ച പേരുള്ള കാർഡുകൾ മാത്രമാണ് ഉപയോഗിച്ചിരുന്നത്. ഇതിനിടയിലാണ് കുഞ്ഞുങ്ങൾ മാറിപ്പോയത്.
ഹുവാങ് സർക്കാർ ഉദ്യോഗസ്ഥരായ മാതാപിതാക്കളുടെ കൂടെ നല്ല സാമ്പത്തിക സാഹചര്യങ്ങളിലാണ് വളർന്നത്. എന്നാൽ വളർത്തച്ഛന് മകളുടെ രക്തഗ്രൂപ്പിലും രൂപത്തിലും സംശയം തോന്നിയതിനെ തുടർന്ന് ഇവർ തമ്മിൽ അകൽച്ചയിലാവുകയും ഹുവാങ്ങിന് അഞ്ച് വയസ്സുള്ളപ്പോൾ മാതാപിതാക്കൾ വിവാഹമോചനം നേടുകയും ചെയ്തു. വളർത്തച്ഛനുമായുള്ള ബന്ധം നന്നാക്കാനായി 2022-ൽ ഹുവാങ് ഡിഎൻഎ പരിശോധന നടത്തിയപ്പോഴാണ് ഇരുവരും തന്റെ യഥാർത്ഥ മാതാപിതാക്കളല്ലെന്ന് മനസ്സിലായത്. തുടർന്ന് പൊലീസിന്റെ സഹായത്തോടെ നടത്തിയ തിരച്ചിലിൽ കഴിഞ്ഞ വർഷം ഏപ്രിലിലാണ് ലി ഹുയിയെ കണ്ടെത്തുന്നത്.
ഒരു ചെറിയ പലചരക്ക് കട നടത്തുന്ന കുടുംബത്തിലായിരുന്നു ലി വളർന്നത്. സാമ്പത്തിക ബുദ്ധിമുട്ടുകൾ കാരണം പഠനം ഉപേക്ഷിച്ച് ചെറിയ ജോലികൾ ചെയ്താണ് ലി കുടുംബത്തെ നോക്കിയിരുന്നത്. കഠിനാധ്വാനവും സാമ്പത്തിക പ്രയാസങ്ങളും ലിയുടെ ആരോഗ്യത്തെ ബാധിക്കുകയും ചെയ്തിരുന്നു.
സ്വന്തം യഥാർത്ഥ മാതാപിതാക്കൾ തനിക്ക് നാല് കിലോമീറ്റർ മാത്രം അകലെയാണ് ജീവിച്ചിരുന്നതെന്ന് അറിഞ്ഞപ്പോൾ ലി അത്ഭുതപ്പെട്ടു. രണ്ടുപേരും ആദ്യമായി കണ്ടുമുട്ടിയപ്പോൾ വലിയ സന്തോഷത്തിലായിരുന്നു. സാമ്പത്തിക പ്രയാസങ്ങൾ ഉണ്ടെങ്കിലും തങ്ങളെ വളർത്തിയ കുടുംബത്തോടൊപ്പം തന്നെ തുടരാനാണ് രണ്ടുപേരും തീരുമാനിച്ചിരിക്കുന്നത്. 37 വർഷം മുൻപത്തെ ജനന വിവരങ്ങൾക്കായി ഇരുവരും ആശുപത്രിയെ സമീപിച്ചെങ്കിലും പഴയ ഫയലുകൾ കണ്ടെത്താനായില്ലെന്നാണ് അധികൃതർ അറിയിച്ചത്.




