Oddly News

30 വർഷമായി UAEയിൽ; 60-ാം പിറന്നാളിന് അടിച്ചത് 12 കോടിയുടെ ലോട്ടറി! വിവരം ആരോടും പറയാതെ പ്രവാസി ‘ഭാഗ്യവാൻ’

നാലു പതിറ്റാണ്ട് മുൻപ് ഒരു സാധാരണക്കാരന്റെ സ്വപ്നങ്ങളുമായി ഗൾഫിലേക്ക് വണ്ടി കയറിയതാണ് കിഷോർ പാണ്ഡുരംഗ് റാവു. അധ്വാനത്തിന്റെയും ത്യാഗത്തിന്റെയും മുപ്പത് വർഷങ്ങൾ എമിറേറ്റ്സ് മണ്ണിൽ ജീവിച്ച ഒരു സാധാരണ പ്രവാസി. എന്നാൽ, തന്റെ 60-ാം പിറന്നാളിന് വെറും അഞ്ച് ദിവസം മാത്രം ശേഷിക്കെ, കിഷോറിന്റെ ജീവിതത്തിലേക്ക് കടന്നുവന്നത് അവിശ്വസനീയമായ ഒരു സമ്മാനമായിരുന്നു – യുഎഇ ലോട്ടറിയുടെ 50 ലക്ഷം ദിർഹം (ഏകദേശം 12.95 കോടിയോളം രൂപ) ഭാഗ്യസമ്മാനം!

ജീവിതത്തിലെ ഏറ്റവും വലിയൊരു നാഴികക്കല്ലിലേക്ക് കാൽവയ്ക്കുന്നതിന് തൊട്ടുമുൻപ് ലഭിച്ച ഈ വലിയ വിജയം കിഷോറിന് നൽകിയത് കേവലം സാമ്പത്തിക ഭദ്രത മാത്രമല്ല, വർഷങ്ങളായി മനസ്സിൽ കൊണ്ടുനടന്ന പല വലിയ സ്വപ്നങ്ങൾ യാഥാർഥ്യമാക്കാനുള്ള അപൂർവ അവസരം കൂടിയാണ്.

1993-ലാണ് കിഷോർ ആദ്യമായി യുഎഇയിൽ എത്തുന്നത്. ദുബായ്, അജ്മാൻ, ഷാർജ, അബുദാബി തുടങ്ങിയ എമിറേറ്റുകളിലായി മുപ്പത് വർഷത്തെ പ്രവാസി പരിചയം അദ്ദേഹത്തിനുണ്ട്. നിലവിൽ ഷാർജയിലാണ് താമസം. ഒക്ടോബർ 8-നായിരുന്നു കിഷോറിന്റെ 60-ാം പിറന്നാൾ. അതിന് തൊട്ടുമുൻപുള്ള ഒക്ടോബർ 3-ലെ നറുക്കെടുപ്പിലാണ് ഈ ഭാഗ്യം അദ്ദേഹത്തെ തേടിയെത്തിയത്.

കേവലം 50 ദിർഹം മാത്രം മുടക്കി യുഎഇ ലോട്ടറി പ്ലാറ്റ്‌ഫോം വഴി ‘ഈസി പിക്ക്’ ഓപ്ഷനിലൂടെ എടുത്ത ടിക്കറ്റായിരുന്നു അത്. ശനിയാഴ്ച വൈകിട്ട് നടന്ന തത്സമയ നറുക്കെടുപ്പിൽ ‘ലക്കി ഡേ’ ഗെയിമിന്റെ ‘ഡേയ്സ്’ വിഭാഗത്തിലെ ആറ് നമ്പറുകളും കിഷോറിന്റെ ടിക്കറ്റുമായി കൃത്യമായി ഒത്തുചേരുകയായിരുന്നു. ലോട്ടറി ചരിത്രത്തിൽ ലക്കി ഡേ ഗെയിം അവതരിപ്പിച്ച ശേഷമുള്ള ഏറ്റവും വലിയ രണ്ടാമത്തെ സമ്മാനത്തുകയാണ് കിഷോർ സ്വന്തമാക്കിയത്.

50 ലക്ഷം ദിർഹം അക്കൗണ്ടിലെത്തിയ വിവരം അറിഞ്ഞപ്പോഴും കിഷോർ പരിഭ്രാന്തനായില്ല. ആ വലിയ വാർത്ത അദ്ദേഹം ആദ്യം ആരോടും പറഞ്ഞതുമില്ല. കുറച്ചു സമയം ആ സന്തോഷവും അതിശയവും സ്വയം അനുഭവിച്ചറിഞ്ഞ ശേഷം, അദ്ദേഹം വിവരം ആദ്യം പങ്കുവച്ചത് ഭാര്യയോടായിരുന്നു. “ജീവിതത്തിലെ സന്തോഷങ്ങളും സങ്കടങ്ങളും ഞങ്ങൾ ഒരുമിച്ചാണ് നേരിട്ടത്. അതുകൊണ്ടുതന്നെ, ഇത്തരമൊരു വലിയ സന്തോഷം വരുമ്പോൾ അത് ആദ്യം പങ്കുവയ്ക്കേണ്ടത് എന്റെ ഭാര്യയോടും മക്കളോടുമാണ്,” എന്ന് കിഷോർ പറഞ്ഞു. തുടക്കത്തിൽ അടുത്ത ബന്ധുക്കളിൽ മാത്രം ഒതുക്കിയ ഈ വാർത്ത പിന്നീടാണ് മറ്റുള്ളവരും അറിയുന്നത്.

പല പ്രവാസികളെയും പോലെ കിഷോറിന്റെ മനസ്സിലും കുറേക്കാലമായി ഉണ്ടായിരുന്ന ഒരു ആഗ്രഹമായിരുന്നു യുഎഇ ഗോൾഡൻ വീസ. തനിക്ക് എപ്പോഴെങ്കിലും ഒരു ഗോൾഡൻ വീസ ലഭിക്കുമെന്ന് സുഹൃത്തുക്കളോട് അദ്ദേഹം എപ്പോഴും പറയാറുണ്ടായിരുന്നു. ആ സ്വപ്നം സ്വന്തമാക്കാനുള്ള അവസരമാണ് ഇപ്പോൾ അദ്ദേഹത്തിന് മുന്നിൽ തുറക്കപ്പെട്ടിരിക്കുന്നത്. എന്നാൽ, ഇതിനെക്കാളൊക്കെ ഉപരിയായി 60-ാം വയസ്സിലേക്ക് കടക്കുമ്പോൾ കിഷോറിനെ ആവേശം കൊള്ളിക്കുന്നത് ലോകസഞ്ചാരമാണ്.

പ്രവാസ ജീവിതത്തിന്റെ തിരക്കുകൾക്കിടയിൽ മാറ്റിവയ്ക്കേണ്ടി വന്ന യാത്രാ സ്വപ്നങ്ങൾക്ക് ചിറക് മുളപ്പിക്കാൻ അദ്ദേഹം തയാറെടുക്കുകയാണ്. “ലോകം മുഴുവൻ സഞ്ചരിക്കുക എന്നതാണ് ഇനി എന്റെ പ്രധാന ലക്ഷ്യം. യാത്രാപ്രേമിയായ ഭാര്യയെയും കൂട്ടി ഇതുവരെ കാണാത്ത രാജ്യങ്ങളും കാഴ്ചകളും കണ്ടുതീർക്കണം,” കിഷോർ ഭാവി പദ്ധതി വെളിപ്പെടുത്തുന്നു. വർഷങ്ങളായി ജോലി ആവശ്യങ്ങൾക്കായി വേർപിരിഞ്ഞു ജീവിച്ചിരുന്ന കുടുംബത്തെ ഇനി യുഎഇയിൽ ഒന്നിച്ച് ചേർക്കാനും, കൂടുതൽ സമയം പ്രിയപ്പെട്ടവരോടൊപ്പം ചെലവഴിക്കാനും അദ്ദേഹം ആഗ്രഹിക്കുന്നു.