ഇൻഡോർ ∙ മധ്യപ്രദേശിലെ ഉജ്ജ്വയിൻ മുനിസിപ്പൽ കോർപ്പറേഷനിലെ ഉദ്യോഗസ്ഥന്റെ തായ്‌ലൻഡ് യാത്ര വിവാദത്തിലായി. ഔദ്യോഗികമായി അനുമതി വാങ്ങാതെയാണ് രാജ്കുമാർ റാത്തോഡ് ഭാര്യയ്ക്കൊപ്പം തായ്‌ലൻഡിലേക്ക് സന്ദർശനം നടത്തിയത്. എന്നാൽ തായ്‌ലൻഡിൽ വച്ച് റാത്തോഡിന്റെ ഭാര്യ മുതല ഇറച്ചിയുമായി നിൽക്കുന്ന വിഡിയോ സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കുകയായിരുന്നു.
“തായ്‌ലൻഡിൽ ആദ്യമായി മുതല ഇറച്ചി പരീക്ഷിക്കുന്നു” എന്ന അടിക്കുറിപ്പോടെ പോസ്റ്റ് ചെയ്ത വിഡിയോ വൈറലായതോടെയാണ് റാത്തോഡ് വിദേശയാത്ര നടത്തിയ വിവരം ഓഫിസിലുള്ളവർ അറിയുന്നത്. തുടർന്ന് യാത്ര കഴിഞ്ഞ് റാത്തോഡ് തിരിച്ചെത്തിയപ്പോൾ മേലധികാരികൾ അദ്ദേഹത്തിന് കാരണം കാണിക്കൽ നോട്ടിസ് നൽകി.
ഉജ്ജൈൻ മുനിസിപ്പൽ കോർപ്പറേഷനിലെ 1, 2, 3 സോണുകളിലെ ബിൽഡിങ് ഓഫിസറാണ് റാത്തോഡ്. ഒക്ടോബർ 19 മുതൽ 23 വരെ അദ്ദേഹം അവധിയെടുത്തിരുന്നുവെന്ന് മുനിസിപ്പൽ കമ്മിഷണർ വ്യക്തമാക്കി. എന്നാൽ നൽകിയ അവധി അപേക്ഷയിൽ വിദേശയാത്രയെക്കുറിച്ച് വെളിപ്പെടുത്തിയിരുന്നില്ല. നൽകുന്ന വിശദീകരണം തൃപ്തികരമല്ലെങ്കിൽ റാത്തോഡിനെതിരെ വകുപ്പുതല നടപടിയുണ്ടാകും.




