തളർവാതം (പാരലിസിസ്) ഉള്ളതായി നടിക്കുകയും, തുടർന്ന് ഒരു കുത്തിവെയ്പ്പ് എടുത്തുനൽകാമെന്ന് പറഞ്ഞപ്പോൾ അയാൾ എഴുന്നേറ്റു ഓടുകയും ചെയ്യുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൻതോതിൽ പ്രചരിക്കുകയും വലിയ ചർച്ചകൾക്ക് വഴിവെക്കുകയും ചെയ്തിരിക്കുകയാണ്. റോഡരികിൽ ഭിക്ഷാടനം നടത്തുകയായിരുന്ന ആളും, അയാളുടെ ആരോഗ്യസ്ഥിതിയെക്കുറിച്ച് ചോദിച്ചറിഞ്ഞ വ്യക്തിയും തമ്മിലുള്ള അപ്രതീക്ഷിത സംഭവങ്ങളാണ് ഈ വീഡിയോയിലുള്ളത്. എവിടെവച്ചാണ് ഈ സംഭവം നടന്നതെന്ന് വ്യക്തമല്ല.
വീഡിയോ ചിത്രീകരിച്ച വ്യക്തി, ഭിക്ഷാടകനോട് അയാളുടെ തളർവാതത്തെക്കുറിച്ച് പലവിധ ചോദ്യങ്ങൾ ചോദിക്കുന്നത് കാണാം. എപ്പോഴാണ് ഇത് സംഭവിച്ചത്, ചികിത്സ തേടിയിരുന്നോ, ഏത് ആശുപത്രിയിലാണ് കാണിച്ചത് എന്നൊക്കെ ചോദിക്കുമ്പോൾ ഭിക്ഷാടകൻ പരസ്പരവിരുദ്ധമായ ഉത്തരങ്ങളാണ് നൽകുന്നത്. തുടർന്ന്, ഇയാൾക്ക് ശരിക്കും ആരോഗ്യപ്രശ്നങ്ങൾ ഉണ്ടോ എന്ന് മനസ്സിലാക്കാൻ വീഡിയോ എടുക്കുന്നയാൾ വീണ്ടും ചോദ്യങ്ങൾ ചോദിക്കുന്നുണ്ട്.
എന്നാൽ ഉടൻതന്നെ കഥയാകെ മാറുന്നു. ഭിക്ഷാടകന്റെ അസുഖം മാറ്റിത്തരാമെന്ന് പറഞ്ഞ് വീഡിയോ ചിത്രീകരിക്കുന്നയാൾ ഒരു കുത്തിവെയ്പ്പ് എടുക്കാൻ തുനിയുന്നു. ഇതോടെ, നടക്കാൻ പോലും ബുദ്ധിമുട്ട് കാണിച്ചിരുന്ന ഭിക്ഷാടകൻ പെട്ടെന്ന് എഴുന്നേറ്റ് അവിടെനിന്ന് ഓടി രക്ഷപ്പെടുകയായിരുന്നു. ഇത് കണ്ട വീഡിയോ ചിത്രീകരിച്ചയാൾ അത്ഭുതപ്പെടുന്നത് വീഡിയോയിൽ വ്യക്തമാണ്. ‘മുഹമ്മദ് തോഹ 09’ എന്ന അക്കൗണ്ടിലൂടെ പ്രചരിച്ച ഈ വീഡിയോയ്ക്ക് നിരവധി ആളുകളാണ് രസകരവും അമ്പരപ്പിക്കുന്നതുമായ പ്രതികരണങ്ങൾ രേഖപ്പെടുത്തുന്നത്.




