Crime

പ്രതിഫലം 2,000 രൂപ, മെഡിക്കൽ കോളേജുകള്‍ക്കായി ശ്മശാനത്തിലെ മൃതദേഹങ്ങൾ കുഴിച്ചെടുത്ത് കടത്തി; മൂന്ന് പേർ അറസ്റ്റിൽ

ബെംഗളൂരു ∙ ശ്മശാനത്തിലെ ശവക്കുഴികൾ തോണ്ടി മനുഷ്യാവശിഷ്ടങ്ങൾ കടത്തിക്കൊണ്ടുപോയിരുന്ന മൂന്നംഗ സംഘം പൊലീസിന്റെ പിടിയിൽ. കർണാടകയിലെ റായ്ച്ചൂർ മാരുതി നഗറിലുള്ള ശ്മശാനത്തിൽനിന്നു മെഡിക്കൽ കോളജുകളിലെ പഠനാവശ്യങ്ങൾക്കായാണ് ഇവർ ശരീര അവശിഷ്ടങ്ങൾ കടത്തിയിരുന്നത്.

ശ്മശാനം തൊഴിലാളിയായ വീരേഷ് തലവാര ആഞ്ജനേയ (28), സ്വകാര്യ മെഡിക്കൽ കോളജ് ജീവനക്കാരായ രാജു നരസപ്പ (35), അഫ്‌സർ ജൂനിമിയ (32) എന്നിവരാണ് ശനിയാഴ്ച പിടിയിലായത്.

മനുഷ്യാവശിഷ്ടങ്ങൾക്ക് 2000 മുതൽ 3000 രൂപ വരെയാണ് ഇവർ ഈടാക്കിയിരുന്നത്. സംഭവത്തിന് പിന്നിൽ കൂടുതൽ ആളുകൾ ഉൾപ്പെട്ടിട്ടുണ്ടോയെന്ന് പൊലീസ് അന്വേഷിച്ചു വരികയാണ്. ശ്മശാനത്തിലെ ശവക്കുഴികളിലെ മണ്ണ് ഇളകിക്കിടക്കുന്നതും അസ്ഥികൂടങ്ങളുടെ ഭാഗങ്ങൾ പുറത്തുകണ്ടതുമാണ് നാട്ടുകാരിൽ സംശയമുണർത്തിയത്.

പരാതിയെ തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് മോഷണവിവരം പുറത്തറിഞ്ഞത്. മൃതദേഹങ്ങൾ പുറത്തെടുത്ത ശേഷം സംഘം ശവക്കുഴികൾ വീണ്ടും മൂടിയിരുന്നതായും നാട്ടുകാർ ആരോപിക്കുന്നു.