Featured Fitness

എങ്ങനെ ഇത്രയും യങ് ആയിരിക്കുന്നു? വെൽനെസ്സ് രഹസ്യങ്ങൾ പങ്കുവെച്ച് സൂര്യയും ജ്യോതികയും

തങ്ങളുടെ ദാമ്പത്യ ബന്ധം കൊണ്ട് എന്നും ആരാധകരെ പ്രചോദിപ്പിക്കുന്ന താരദമ്പതികളാണ് സൂര്യയും ജ്യോതികയും. തിരക്കുപിടിച്ച ജീവിതത്തിനിടയിലും ആരോഗ്യം എങ്ങനെ സംരക്ഷിക്കുന്നുവെന്ന് തുറന്നുപറഞ്ഞിരിക്കുകയാണ് ഇപ്പോൾ ഇരുവരും. സിനിമ, കുടുംബം, യാത്രകൾ എന്നിവയെല്ലാം ഒരുമിച്ച് കൊണ്ടുപോകുമ്പോൾ ട്രെൻഡുകൾക്ക് പിന്നാലെ പോകാതെ സ്ഥിരതയുള്ള ശീലങ്ങൾ പിന്തുടരുന്നതാണ് തങ്ങളുടെ രീതിയെന്ന് ഇവർ പറയുന്നു. ദി ഹോളിവുഡ് റിപ്പോർട്ടർ ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിലാണ് സൂര്യയും ജ്യോതികയും തങ്ങളുടെ ഫിറ്റ്നസ് രഹസ്യങ്ങൾ പങ്കുവെച്ചത്.

ജിം ബാഗിൽ ഗ്ലൗസ്, ഡിയോഡറന്റ്, വാട്ടർ ബോട്ടിൽ എന്നിവ ജ്യോതിക നിർബന്ധമായും കരുതാറുണ്ട്. എന്നാൽ താൻ എപ്പോഴും കൂടെ ഒരു വാട്ടർ ബോട്ടിൽ, ജോങ്ങിംഗ് ഷൂസ്, സൺസ്ക്രീൻ, സപ്ലിമെന്റുകൾ എന്നിവ കരുതണമെന്ന് ജ്യോതിക ഓർമ്മിപ്പിക്കാറുണ്ടെന്ന് സൂര്യ തമാശയോടെ പറഞ്ഞു.

തന്റെ ഫിറ്റ്നസ് ദിനചര്യകളെക്കുറിച്ച് ജ്യോതിക പങ്കുവെച്ച കാര്യങ്ങൾ രസകരമാണ്. രാവിലെ ഒരു ആപ്പിൾ കഴിച്ച ശേഷമാണ് ജ്യോതിക ജിമ്മിലേക്ക് പോകുന്നത്. ആഴ്ചയിൽ നാലോ അഞ്ചോ ദിവസം സ്‌ട്രെങ്ത് ട്രെയിനിംഗ് (strength training) ചെയ്യാറുണ്ട്. 47-ാം വയസ്സിൽ ആദ്യമായി രണ്ട് പുൾ-അപ്പുകൾ (pull-ups) ചെയ്യാൻ സാധിച്ചതിന്റെ സന്തോഷവും ജ്യോതിക പങ്കുവെച്ചു. ശരീരത്തിന്റെ ഭംഗിയേക്കാൾ ശക്തിക്ക് പ്രാധാന്യം നൽകാൻ ട്രെയിനർ മഹേഷ് ഘാനേക്കറാണ് തന്നെ പ്രചോദിപ്പിച്ചതെന്ന് ജ്യോതിക പറഞ്ഞു.

അതേസമയം, മുൻപ് ഉണ്ടായ നടുവേദന കാരണം ഭാരമേറിയ വ്യായാമങ്ങൾ സൂര്യ ഒഴിവാക്കാറാണ് പതിവ്. പകരം ഫങ്ഷണൽ സ്‌ട്രെങ്ത് ട്രെയിനിംഗ്, പുൾ-അപ്പുകൾ, ഫ്ലെക്സിബിലിറ്റി ട്രെയിനിംഗ് എന്നിവയിലാണ് സൂര്യ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.

വാരാന്ത്യങ്ങളിൽ കുടുംബകാര്യങ്ങൾക്കാണ് മുൻഗണന നൽകുന്നതെന്ന് ജ്യോതിക പറഞ്ഞു. എന്നാൽ മുംബൈയിലെ പ്രശാന്തമായ പ്രഭാതങ്ങളിൽ ബ്ലാക്ക് കോഫിയും കുടിച്ച് കടൽക്കാഴ്ചകൾ കണ്ടിരിക്കുന്നതും, സോഫയിൽ കിടന്ന് റീൽസ് കാണുന്നതുമാണ് തന്റെ വാരാന്ത്യ ശീലമെന്ന് സൂര്യ പറഞ്ഞു.

ഇതുവരെ ലഭിച്ചതിൽ വെച്ച് ഏറ്റവും മികച്ച ആരോഗ്യ ഉപദേശത്തെക്കുറിച്ചും ഇരുവരും സംസാരിച്ചു. “ശരീരസൗന്ദര്യത്തിനല്ല, ശക്തിക്കാണ് പ്രാധാന്യം നൽകേണ്ടത്; അതിലൂടെ സ്വാഭാവികമായി തടി കുറയും” എന്ന ട്രെയിനറുടെ ഉപദേശമാണ് ജ്യോതിക ചൂണ്ടിക്കാണിച്ചത്. മുതിർന്ന നടൻ മമ്മൂട്ടി നൽകിയ ഉപദേശമാണ് സൂര്യ പങ്കുവെച്ചത്. “ഇഷ്ടമുള്ളതെല്ലാം കഴിക്കാം, പക്ഷേ കഴിക്കുന്നതിന്റെ അളവ് കുറയ്ക്കണം. അതുപോലെ എട്ട് മുതൽ ഒമ്പത് മണിക്കൂർ വരെയുള്ള ഉറക്കം ഒരിക്കലും ഒഴിവാക്കരുത്” എന്ന മമ്മൂട്ടിയുടെ വാക്കുകൾ താൻ ഇപ്പോഴും പിന്തുടരുന്നുണ്ടെന്ന് സൂര്യ പറഞ്ഞു.