വെറും 10 സ്ഥിരതാമസക്കാർ മാത്രമുള്ള വടക്കൻ സ്പെയിനിലെ ഒരു ചെറിയ ഗ്രാമം, യൂറോപ്പിലുടനീളമുള്ള ആയിരക്കണക്കിന് സന്ദർശകരെ സ്വീകരിക്കാൻ ഒരുങ്ങുന്നു. ആഗസ്റ്റ് 12-ന് ബർഗോസ് പ്രവിശ്യയിലെ അവെല്ലനോസ ഡി മുനോ എന്ന ഗ്രാമം ഒരു അപൂർവ്വ പൂർണ്ണ സൂര്യഗ്രഹണത്തിന് സാക്ഷ്യം വഹിക്കും. അതിനുപിന്നാലെ അന്നുരാത്രി തന്നെ പെർസീഡ്സ് ഉൽക്കാവർഷവും ആകാശത്ത് ദൃശ്യമാകും.
1912-ന് ശേഷം സ്പെയിനിലും, 1999-ന് ശേഷം യൂറോപ്പിലും ദൃശ്യമാകുന്ന ആദ്യത്തെ പൂർണ്ണ സൂര്യഗ്രഹണമാണിത്. അതിനാൽ തന്നെ പതിറ്റാണ്ടുകൾക്കിടയിലെ ഏറ്റവും വലിയ അസ്ട്രോണമി സംഭവങ്ങളിലൊന്നായാണ് ഇത് കണക്കാക്കപ്പെടുന്നത്.
സൂര്യാസ്തമയത്തിന് തൊട്ടുമുമ്പാണ് ഈ ഗ്രഹണം സംഭവിക്കുന്നത് എന്നതാണ് ഇതിന്റെ പ്രത്യേകത. അതുകൊണ്ടുതന്നെ “ഡബിൾ ഡാർക്ക്നസ്” (ഇരട്ട ഇരുട്ട്) എന്ന അപൂർവ്വ പ്രതിഭാസത്തിന് സന്ദർശകർ സാക്ഷ്യം വഹിക്കും. ചന്ദ്രൻ സൂര്യനെ പൂർണ്ണമായി മറയ്ക്കുമ്പോൾ പകൽ വെളിച്ചം നിമിഷനേരത്തേക്ക് അപ്രത്യക്ഷമാകും. തൊട്ടുപിന്നാലെ വെളിച്ചം തിരികെയെത്തുകയും, നിമിഷങ്ങൾക്കകം സൂര്യൻ അസ്തമിക്കുന്നതോടെ വീണ്ടും ഇരുട്ട് വ്യാപിക്കുകയും ചെയ്യും. രാത്രിയിൽ ഉൽക്കാവർഷം കൂടി എത്തുന്നതോടെ രണ്ട് മഹാകാശ അത്ഭുതങ്ങളാണ് ഒരേദിവസം ആസ്വദിക്കാനാകുക.
സൂര്യഗ്രഹണം ഏറ്റവും വ്യക്തമായി കാണാൻ കഴിയുന്ന പാതയിലാണ് ഈ ഗ്രാമം സ്ഥിതി ചെയ്യുന്നത്. ഗോതമ്പ് പാടങ്ങളും കുന്നുകളും നിറഞ്ഞ വിശാലമായ പ്രദേശവും കൃത്രിമ വെളിച്ചങ്ങളുടെ കുറവും ആകാശം വ്യക്തമായി കാണാൻ സഹായിക്കും. ഹോട്ടലുകളോ മറ്റ് വലിയ വിനോദസഞ്ചാര സൗകര്യങ്ങളോ ഇല്ലെങ്കിലും, ജ്യോതിശാസ്ത്ര പ്രേമികളുടെ വലിയൊരു കേന്ദ്രമായി ഈ പ്രദേശം മാറിയിരിക്കുന്നു. പ്രദേശത്തെ ഹോട്ടലുകളെല്ലാം വർഷങ്ങൾക്ക് മുമ്പേ ബുക്ക് ചെയ്യപ്പെട്ടു കഴിഞ്ഞു.
വർഷങ്ങൾക്ക് മുമ്പ് ഗ്രാമം ഉപേക്ഷിച്ചുപോയ മുൻ നിവാസികളും ഈ അപൂർവ്വ നിമിഷത്തിന് സാക്ഷ്യം വഹിക്കാൻ തിരിച്ചെത്തുന്നുണ്ട്. പ്രദേശത്തെ ഗുഹയ്ക്ക് മുകളിലുള്ള ഭാഗമാണ് ഗ്രഹണം കാണാൻ ഏറ്റവും അനുയോജ്യമായ സ്ഥലമെന്ന് നാട്ടുകാർ നിർദ്ദേശിക്കുന്നു.




