സ്നേഹിക്കാനും ജീവിതകാലം മുഴുവൻ ഒന്നിച്ചു ജീവിക്കാനും നല്ലൊരു പങ്കാളിയെ ആഗ്രഹിക്കുന്നത് നല്ല കാര്യമാണ്. എന്നാൽ ‘ഉത്തമയായ ഭാര്യ’ എന്ന പേരിൽ ഒരു ‘വേലക്കാരിയെ’ തിരയുന്നത് മറ്റൊരു കാര്യമാണ്. ഇൻറർനെറ്റിൽ വലിയ രീതിയിൽ പ്രചരിച്ച ഒരു സോഷ്യൽ മീഡിയ പോസ്റ്റിൽ പ്രതിഫലിച്ചത് ഇത്തരം ഒരു മനോഭാവമായിരുന്നു. വിവാഹം കഴിക്കാൻ ആഗ്രഹിക്കുന്ന “ഉത്തമയായ സ്ത്രീക്ക്” വേണ്ട യോഗ്യതകളുടെ ഒരു പട്ടിക പങ്കുവെച്ചുകൊണ്ട് ഒരു വ്യക്തിയിട്ട പോസ്റ്റാണ് ഇപ്പോൾ നെറ്റിസൺസിന്റെ കടുത്ത രോഷത്തിനും ട്രോളുകൾക്കും വഴിവെച്ചിരിക്കുന്നത്.
കന്യകയായ, മുന്പ്രണയങ്ങളില്ലാത്ത , ശാലീനസുന്ദരിയായ, ഉയരത്തിന് ചേരുന്ന തൂക്കമുള്ള, “ഫെമിനിസ്റ്റ് അല്ലാത്ത” ഒരു സ്ത്രീയെ മാത്രമേ താൻ വിവാഹം കഴിക്കൂ എന്നാണ് ഇയാളുടെ വാദം.
“ഇത്തരം യോഗ്യതകളുള്ള ഒരു പെൺകുട്ടിയെ മാത്രമേ ഞാൻ വിവാഹം കഴിക്കൂ:
- കന്യകയായിരിക്കണം
- സ്വാഭാവിക ഭംഗിയുള്ളവളായിരിക്കണം (ഒരിക്കലും മേക്കപ്പ് ഇടരുത്)
- കൃത്യം 5 അടി 2 ഇഞ്ച് ഉയരം
- കൃത്യം 45 കിലോഗ്രാം ഭാരം
- എല്ലാത്തരം വിഭവങ്ങളും പാചകം ചെയ്യാൻ അറിയണം
- ഫെമിനിസ്റ്റ് ആയിരിക്കരുത്
- സോഷ്യൽ മീഡിയ ഉപയോഗിക്കരുത്
- ആൺസുഹൃത്തുക്കൾ ഉണ്ടാകരുത്
- എവിടെ പോകുന്നതിന് മുമ്പും അനുവാദം ചോദിക്കണം
- 24 മണിക്കൂറും ലൈവ് ലൊക്കേഷൻ പങ്കിടണം
- ഭൂതകാല പ്രണയങ്ങളോ ബന്ധങ്ങളോ ഉണ്ടാകരുത്
- എന്റെ മാതാപിതാക്കളെ സ്വന്തം മാതാപിതാക്കളെപ്പോലെ നോക്കണംഇങ്ങനെയൊരു പെൺകുട്ടിയെ എനിക്ക് എവിടെ നിന്ന് കിട്ടും?” എന്നായിരുന്നു ആ പോസ്റ്റിൽ എഴുതിയിരുന്നത്.
പോസ്റ്റ് ഉടൻ തന്നെ വൈറലാവുകയും ആളുകൾ ഇയാൾക്കെതിരെ രംഗത്തെത്തുകയും ചെയ്തു. ഭൂരിഭാഗം പേരും ഇയാളോട് “ഒരിക്കലും വിവാഹം കഴിക്കരുത്” എന്ന് ആവശ്യപ്പെട്ടപ്പോൾ, ചിലർ ഒരു കൗൺസിലിംഗിന് വിധേയനാകാൻ നിർദ്ദേശിച്ചു. ലൈക്കുകളും വ്യൂസും നേടാൻ വേണ്ടി ആളുകളെ മനപ്പൂർവ്വം ദേഷ്യം പിടിപ്പിക്കാൻ (rage bait) ഇട്ട പോസ്റ്റാണിതെന്നും ചിലർ സംശയം പ്രകടിപ്പിച്ചു. എന്നാൽ ഈ പോസ്റ്റിന്റെ നിജസ്ഥിതി സ്ഥിരീകരിക്കാൻ സാധിച്ചിട്ടില്ല.
‘Only_OneRR’ എന്ന എക്സ് (ട്വിറ്റർ) ഹാൻഡിലിൽ നിന്നാണ് ഈ പോസ്റ്റ് പങ്കുവെക്കപ്പെട്ടത്. പോസ്റ്റിന് ലക്ഷക്കണക്കിന് ആളുകളുടെ കാഴ്ചക്കാരെ ലഭിച്ചു.
ഇതിനോട് പ്രതികരിച്ചുകൊണ്ട് ആളുകൾ രൂക്ഷമായ വിമർശനങ്ങളാണ് ഉന്നയിച്ചത്. “ഇത്രയും നിയന്ത്രണങ്ങളും സ്ത്രീവിരുദ്ധതയുമുള്ള ഒരു പുരുഷനെ ഒരു പെൺകുട്ടിയും ആഗ്രഹിക്കില്ല. നിങ്ങളുടെ പ്രതീക്ഷകൾ തികച്ചും അപ്രായോഗികമാണ്. ഒരു പങ്കാളിയെയല്ല, മറിച്ച് തടവുകാരിയെയാണ് നിങ്ങൾ തിരയുന്നത്,” എന്ന് ഒരു ഉപയോക്താവ് കുറിച്ചു. “അങ്ങനെ ഒരു പെൺകുട്ടിയെ നിങ്ങൾക്ക് എവിടെ കിട്ടും എന്നല്ലേ ചോദ്യം? നിങ്ങൾ ഇനി ഒരിക്കലും വിവാഹം കഴിക്കില്ല എന്ന യാഥാർത്ഥ്യത്തിന് തൊട്ടടുത്ത് തന്നെ അവളെ കാണാം,” എന്ന് മറ്റൊരു ഉപയോക്താവ് കളിയാക്കിക്കൊണ്ട് കുറിച്ചു.




