കഴിഞ്ഞ മൂന്ന് വർഷമായി വിദേശത്ത് താമസിക്കുന്ന ഒരു പ്രവാസി തന്റെ കുടുംബത്തിന്റെ സാമ്പത്തിക ശീലങ്ങളെക്കുറിച്ചുള്ള ആശങ്ക പങ്കുവെച്ചുകൊണ്ട് ഇന്റർനെറ്റിൽ സഹായം തേടിയിരിക്കുകയാണ്. മാതാപിതാക്കൾ നിരന്തരം വലിയ തുകകൾ ആവശ്യപ്പെടുന്നുവെന്നാണ് അദ്ദേഹം വെളിപ്പെടുത്തിയത്. “സഹോദരന് ഫ്ലാറ്റ് വാങ്ങാൻ മാതാപിതാക്കൾ പണം ചോദിക്കുന്നു” എന്ന തലക്കെട്ടോടെ പങ്കുവെച്ച സോഷ്യൽ മീഡിയ പോസ്റ്റിൽ, ഇന്ത്യയിലായിരുന്നപ്പോൾ മാസാവസാനം കയ്യിൽ പണമില്ലാത്ത അവസ്ഥയിലായിരുന്നെന്നും വിദേശത്തേക്ക് മാറിയതോടെയാണ് സാമ്പത്തിക സ്ഥിതി മെച്ചപ്പെട്ടതെന്നും അദ്ദേഹം കുറിച്ചു.
പൊതുമേഖലാ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന മൂത്ത സഹോദരന് അദ്ദേഹത്തിന്റെ വിവാഹത്തിനായി 19 ലക്ഷം രൂപ നൽകേണ്ടി വന്നത് താനാണെന്ന് ഈ പ്രവാസി പറയുന്നു. “എന്റെ മൂത്ത സഹോദരൻ 5 വർഷത്തോളം സർക്കാർ ജോലിക്കായി ശ്രമിക്കുകയും ഒടുവിൽ ഒരു പൊതുമേഖലാ ബാങ്കിൽ ജോലി നേടുകയും ചെയ്തു. അദ്ദേഹത്തിന്റെ വിവാഹത്തിനായി ഞാൻ 10 ലക്ഷം രൂപ നൽകി. കൂടാതെ പുറത്തുനിന്നുള്ള കടബാധ്യത ഒഴിവാക്കാൻ 9 ലക്ഷം രൂപ കടമായും നൽകി. ആ പണം അദ്ദേഹം ഇതുവരെ തിരികെ തന്നു തുടങ്ങിയിട്ടില്ല, ” എന്ന് അദ്ദേഹം കുറിച്ചു.
വിവാഹത്തിന് മുൻപ്, സഹോദരന്റെ പേരിൽ രജിസ്റ്റർ ചെയ്യുന്ന 1.1 കോടി രൂപയുടെ ഫ്ലാറ്റിനായി 40 ലക്ഷം രൂപ അഡ്വാൻസ് നൽകാൻ മാതാപിതാക്കൾ നിർബന്ധിച്ചിരുന്നതായി അദ്ദേഹം വെളിപ്പെടുത്തി. അന്ന് നിരസിച്ചെങ്കിലും, കുടുംബം ഇപ്പോൾ വീണ്ടും ഇതിനായി വലിയ സമ്മർദ്ദം ചെലുത്തുകയാണ്.
“വിവാഹം കഴിഞ്ഞ് 6 മാസം കഴിഞ്ഞപ്പോൾ, സഹോദരന്റെ പേരിൽ ഒരു ഫ്ലാറ്റ് വാങ്ങാൻ അഡ്വാൻസ് തുകയായി 15 മുതൽ 20 ലക്ഷം രൂപ വരെ നൽകാനാണ് അവർ ഇപ്പോൾ ആവശ്യപ്പെടുന്നത്. അവരുടെ ചിന്താഗതി എന്താണെന്ന് എനിക്ക് മനസ്സിലാകുന്നില്ല,” അദ്ദേഹം പറഞ്ഞു.
“ഇതിന് പുറമെ, കഴിഞ്ഞ കുറേക്കാലമായി അച്ഛന്റെ പല കടങ്ങളും ഞാൻ വീട്ടിയിട്ടുണ്ട്. അച്ഛന്റെ ബിസിനസ് തകർന്ന കോവിഡ് കാലഘട്ടത്തിലും ഞാൻ കുടുംബത്തെ സഹായിച്ചു. കഴിഞ്ഞ ഒൻപത് വർഷമായി എന്റെ ശമ്പളം കൂടുന്നതിന് അനുസരിച്ച് വീട്ടിലേക്ക് അയക്കുന്ന തുകയും ഞാൻ കൂട്ടി നൽകുന്നുണ്ട്.”
‘നോ പറയാൻ പഠിക്കൂ’
ഈ പോസ്റ്റ് സോഷ്യൽ മീഡിയയിൽ ശ്രദ്ധിക്കപ്പെട്ടതോടെ, സാമ്പത്തിക കാര്യങ്ങളിൽ വ്യക്തമായ അതിരുകൾ നിശ്ചയിക്കാനും മാതാപിതാക്കളോട് കർശനമായി ‘നോ’ പറയാനും ആളുകൾ അദ്ദേഹത്തെ ഉപദേശിച്ചു.
“ദയവായി അത് ചെയ്യരുത്, നിങ്ങളുടെ സാമ്പത്തിക കാര്യങ്ങളിൽ വ്യക്തമായ ചില അതിരുകൾ വെക്കേണ്ടതുണ്ട്,” എന്ന് ഒരു ഉപയോക്താവ് കുറിച്ചപ്പോൾ, മറ്റൊരു ഉപയോക്താവ് പറഞ്ഞത് ഇങ്ങനെയാണ്: “കുടുംബത്തിന്റെ സാമ്പത്തിക ചൂഷണത്തിനെതിരെ പ്രതികരിക്കാനുള്ള ധൈര്യമാണ് നിങ്ങൾക്ക് ഇല്ലാത്തത്. നിങ്ങളെ ഒരു എടിഎം മെഷീനായി കാണുന്നത് അവസാനിപ്പിക്കാനും ഒരു കുടുംബാംഗമായി കാണാനും അവരോട് നേരിട്ട് പറയൂ. വീണ്ടും പണം ചോദിച്ചാൽ ഇപ്പോൾ നൽകുന്ന തുകയും കുറയ്ക്കുമെന്ന് പറയുക.”
“എനിക്ക് സഹോദരങ്ങളുള്ളതുകൊണ്ട് പറയുകയാണ്: ഒരിക്കലും അരുത്! നോ പറയാൻ പഠിക്കൂ! ഞാൻ വാങ്ങുന്ന ഒരു ഫ്ലാറ്റിന്റെ അഡ്വാൻസ് തുക എന്റെ സഹോദരനാണ് നൽകുന്നതെങ്കിൽ, ആ വീടിന്റെ രജിസ്‌ട്രേഷനിൽ അവന്റെ പേര് കൂടി ഞാൻ ഉൾപ്പെടുത്തും. കൂടാതെ പെട്ടെന്ന് തിരികെ നൽകാൻ കഴിയാത്ത കടം ഞാൻ വാങ്ങുകയുമില്ല – ഇതൊരു വലിയ മുന്നറിയിപ്പാണ്,” എന്ന് മൂന്നാമതൊരാൾ അഭിപ്രായപ്പെട്ടു.
നാലാമതൊരു ഉപയോക്താവ് കുറിച്ചത് ഇങ്ങനെയാണ്: “നിങ്ങൾ ചെയ്യേണ്ടതിലധികം കാര്യങ്ങൾ അവർക്കായി ചെയ്തുകഴിഞ്ഞു. നിങ്ങളുടെ സഹോദരന്റെ ആഡംബര ജീവിതത്തിന് പണം കണ്ടെത്താൻ നിങ്ങളെ ഒരു എടിഎം ആയി ഉപയോഗിക്കാൻ മാത്രമാണ് അവർ ആഗ്രഹിക്കുന്നത്. ഇപ്പോൾ നിങ്ങൾ 15 ലക്ഷം രൂപ നൽകിയാലും, ഏതാനും മാസങ്ങൾക്കുള്ളിൽ അവർ വീണ്ടും പണം ചോദിക്കും. ഒടുവിൽ ആ ഫ്ലാറ്റിന്റെ മുഴുവൻ തുകയായ 1 കോടിയിലേറെ രൂപയും നിങ്ങളെക്കൊണ്ട് അടപ്പിക്കും.”




