റായ്പുർ: കത്തികൊണ്ട് പലവട്ടം കുത്തേറ്റു മരണവേദനയിൽ പുളയുമ്പോഴും കൊലപാതകിയുടെ പേര് ഫോണിൽ ടൈപ് ചെയ്ത് നൽകി 19 കാരി. ഛത്തീസ്ഗഡിലെ സൂരജ്പുർ പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള നെഹ്‌റു പാർക്കിൽ വച്ച് ഞായറാഴ്ച രാത്രി 8 മണിയോടെയാണ് രാധിക രാജ്വാഡെയെ കാമുകൻ റിതേഷ് (23) കഴുത്തിൽ കത്തികൊണ്ടു കുത്തിപ്പരിക്കേൽപ്പിച്ചത്. ആക്രമണത്തിന് ഇരയായ പെൺകുട്ടി പിന്നീട് ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി മരണപ്പെടുകയായിരുന്നു.
പാർക്കിൽ വച്ച് മറ്റൊരു യുവാവുമായി രാധിക സംസാരിക്കുന്നത് കണ്ടതാണ് റിതേഷിനെ പ്രകോപിപ്പിച്ചത്. തുടർന്ന് ഇയാൾ രാധികയെ കത്തികൊണ്ട് കുത്തിയ ശേഷം ബൈക്കിൽ സ്ഥലത്തുനിന്നും കടന്നുകളയുകയായിരുന്നു. കഴുത്തിൽ ഗുരുതരമായി മുറിവേറ്റ പെൺകുട്ടിയെ നാട്ടുകാരാണ് ഉടൻതന്നെ അടുത്തുള്ള ജില്ലാ സർക്കാർ ആശുപത്രിയിൽ എത്തിച്ചത്. അവിടെനിന്നും അംബികാപുർ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റുന്നതിനിടെയാണ് രാധിക മരിക്കുന്നത്.
ആദ്യത്തെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ച സമയത്ത് പൊലീസുകാർ രാധികയിൽ നിന്നും മരണമൊഴി രേഖപ്പെടുത്താൻ ശ്രമിച്ചിരുന്നു. എന്നാൽ കഴുത്തിലെ ആഴത്തിലുള്ള മുറിവ് കാരണം സംസാരിക്കാൻ സാധിക്കാതിരുന്ന രാധിക, പൊലീസ് നൽകിയ മൊബൈലിൽ അക്രമിയുടെ പേര് ടൈപ് ചെയ്ത് നൽകുകയായിരുന്നു. തുടർന്ന് പാർക്കിലെ സിസിടിവി ക്യാമറകൾ പരിശോധിച്ച പൊലീസിന് റിതേഷിന്റെ ദൃശ്യങ്ങൾ ലഭിക്കുകയും, അടുത്തുള്ള വനത്തിൽ നടത്തിയ തിരച്ചിലിനൊടുവിൽ പ്രതിയെ പിടികൂടുകയും ചെയ്തു.




