ലളിതമായ ഒരു ചിന്തയിൽ നിന്നാണ് പല പ്രമുഖ ഭക്ഷ്യ ബ്രാൻഡുകളും ജനിക്കുന്നത്. തലമുറകളായി കൈമാറിവന്ന പാചകക്കൂട്ടുകളെ ആസ്പദമാക്കി തുടങ്ങിയ ചില സംരംഭങ്ങൾ രാജ്യമൊട്ടാകെ ശ്രദ്ധിക്കപ്പെടാറുണ്ട്. അത്തരത്തിൽ ബീഹാറിലെ ഒരു അമ്മയും മകനും ചേർന്ന് തുടക്കമിട്ട ‘മംസ് മെയ്ഡ്’ (Mom’s Made) എന്ന തെക്കുവ (Thekua) ബ്രാൻഡിന്റെ വിജയം നടൻ ആർ. മാധവൻ പങ്കുവെച്ചതോടെയാണ് വാർത്തകളിൽ ഇടംപിടിച്ചത്. ടെക് നിക്ഷേപകനായ ആദിത്യ സിംഗ് പങ്കുവെച്ച ഈ വീഡിയോയെക്കുറിച്ച് ദി ഇക്കണോമിക് ടൈംസ് റിപ്പോർട്ട് ചെയ്തിരുന്നു. നിലവിൽ 75 കോടി രൂപ മൂല്യമുള്ള കമ്പനിയായി ഇത് മാറിയെന്നാണ് റിപ്പോർട്ടുകൾ.
വീണ ദേവിയും മകൻ സമീറും ചേർന്ന് വെറും നാല് അടുപ്പുകളോടെയാണ് ഈ സംരംഭത്തിന് തുടക്കമിട്ടത്. എന്നാൽ ഇന്ന് പ്രതിദിനം ആയിരത്തോളം ഓർഡറുകൾ പൂർത്തിയാക്കുന്ന ഈ ബിസിനസിന്റെ വാർഷിക വരുമാനം 15 കോടിയോളം രൂപയാണ്. മൈദയ്ക്കും പഞ്ചസാരയ്ക്കും പകരം ഗോതമ്പുപൊടിയും ശർക്കരയുമാണ് ഇവർ ഉപയോഗിക്കുന്നത്. കൂടാതെ പാം ഓയിലോ കൃത്രിമ രാസവസ്തുക്കളോ ഇല്ലാതെ പരമ്പരാഗത രുചി നിലനിർത്താൻ ശ്രദ്ധിക്കുന്നു. ബീഹാറിലും ഝാർഖണ്ഡിലും സാധാരണയായി നിർമ്മിക്കുന്ന ഒരു മധുരപലഹാരമാണ് തെക്കുവ. ഛത്ത് പൂജയോടനുബന്ധിച്ചാണ് ഇത് കൂടുതലായി ഉണ്ടാക്കുന്നതെങ്കിലും വർഷം മുഴുവൻ ആൾക്കാർ ഇത് കഴിക്കാറുണ്ട്.
ഒരു ചെറിയ വീട്ടിൽ നിന്ന് തുടങ്ങിയ ഈ ബിസിനസ് ഇന്ന് ഇന്ത്യയിലുടനീളമുള്ള ഉപഭോക്താക്കളിലേക്ക് വളർന്നിരിക്കുകയാണ്. ഗുണനിലവാരത്തിലും രുചിയിലും മാറ്റം വരുത്താതെ ശ്രദ്ധയോടെ ബിസിനസ് മുന്നോട്ട് കൊണ്ടുപോയാൽ ഒരു സാധാരണ കുടുംബ പാചകക്കൂട്ടിനും വലിയ വിജയമാകാമെന്ന് ഈ അമ്മയുടെയും മകന്റെയും കഥ തെളിയിക്കുന്നു.




