വടകരയിൽ എം.ഡി.എം.എ. സാമ്പത്തിക ഇടപാട് കേസിൽ പേരാമ്പ്ര ബി.ആർ.സിയിലെ കൂടുതൽ അധ്യാപികമാർ ഉൾപ്പെടെയുള്ളവർ പിടിയിലായി. കുട്ടോത്ത് സ്വദേശി നീഷ്മ (30) അറസ്റ്റിലായതോടെ കേസിൽ കുടുങ്ങിയ അധ്യാപികമാരുടെ എണ്ണം മൂന്നായി. നേരത്തെ പിടിയിലായ അധ്യാപികമാരായ കീർത്തന, കാവ്യ എന്നിവരിൽ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് വടകര റൂറൽ എസ്.പിയുടെ പ്രത്യേക അന്വേഷണ സംഘം നീഷ്മയെ പിടികൂടിയത്. കേസിൽ കൂടുതൽ പേർക്ക് പങ്കുണ്ടെന്ന വിവരത്തെത്തുടർന്ന് അന്വേഷണം ശക്തമാക്കിയിരിക്കുകയാണ്.
നീഷ്മ നൽകിയ വിവരത്തെ തുടർന്ന് ഇരിട്ടി കൂട്ടുപുഴ സ്വദേശിയും ഡെലിവറി ബോയുമായ ജിജിൽ കുര്യാക്കോസ് (23) എന്ന യുവാവിനെയും പോലീസ് കസ്റ്റഡിയിലെടുത്തു. ഇയാളുടെ മൊബൈൽ ഫോണിലെ ഡിജിറ്റൽ തെളിവുകൾ വീണ്ടെടുക്കാൻ സൈബർ സെല്ലിന് കൈമാറിയിട്ടുണ്ട്. ലഹരി ഇടപാടുകളുമായി ബന്ധപ്പെട്ട കോളുകളും സാമ്പത്തിക വിവരങ്ങളും പരിശോധിച്ചതിൽ നിന്ന് വൻതോതിലുള്ള ഇടപാടുകൾ നടന്നതായി കണ്ടെത്തി.
പിടിയിലായ ജിജിൽ കുര്യാക്കോസ് കഴിഞ്ഞ ഒരു വർഷത്തിനിടെ മാത്രം ബാങ്ക് അക്കൗണ്ടുകൾ വഴി ഒരു കോടി രൂപയോളം കൈമാറിയതായി പോലീസ് വ്യക്തമാക്കി. ജില്ലാ പോലീസ് മേധാവിയുടെ നേരിട്ടുള്ള മേൽനോട്ടത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് കേസുമായി ബന്ധപ്പെട്ട ഈ നിർണായക നീക്കം നടത്തിയത്.
അധ്യാപികമാർക്ക് ബെംഗളൂരുവിൽ വച്ച് സുഹൃത്തുക്കൾ നൽകിയ എം.ഡി.എം.എ. ഉപയോഗിച്ചാണ് ലഹരി ഉപയോഗത്തിന്റെ തുടക്കം. പിന്നീട് പണത്തിനായി ഇവർ ഈ മാഫിയയുടെ കണ്ണികളാവുകയായിരുന്നു. ഇൻസ്റ്റഗ്രാം വഴി ബന്ധപ്പെട്ടിരുന്ന ഇവർ ആവശ്യക്കാരെ നേരിട്ട് കാണാതെ അക്കൗണ്ടുകൾ വഴിയാണ് ലക്ഷങ്ങളുടെ കൈമാറ്റം നടത്തിയത്. കേസിൽ വൻകിട ലഹരി മാഫിയകൾക്ക് പങ്കുണ്ടെന്നും വരും ദിവസങ്ങളിൽ കൂടുതൽ അറസ്റ്റുണ്ടാകുമെന്നും പോലീസ് അറിയിച്ചു.
മയക്കുമരുന്ന് വാങ്ങുന്നവർ ഇവരുടെ അക്കൗണ്ടുകളിലേക്ക് നേരിട്ടും ക്യൂആർ കോഡ് സ്കാൻ വഴിയും പണം അയച്ചുകൊടുക്കുകയായിരുന്നു. പ്രധാനമായും കീർത്തനയുടെ അക്കൗണ്ടിലേക്കാണ് തുക എത്തിയിരുന്നത്. പണം ലഭിച്ച ശേഷം ലഹരിമരുന്ന് വെച്ചിരിക്കുന്ന ലൊക്കേഷൻ ആവശ്യക്കാർക്ക് അയച്ചുകൊടുക്കുന്ന രീതിയാണ് ഇവർ പിന്തുടർന്നത്.
രണ്ടു ഗ്രാം എം.ഡി.എം.എയുമായി പിടിയിലായ സഫുവാൻ എന്നയാളുടെ ഫോൺ രേഖകളും ബാങ്ക് അക്കൗണ്ടുകളും പരിശോധിച്ചതാണ് അന്വേഷണത്തിൽ വഴിത്തിരിവായത്. വടകര, കുറ്റ്യാടി, നാദാപുരം മേഖലകളിലെ നിരവധി യുവാക്കളും വിദ്യാർഥികളും ഇവരുടെ ലഹരി ശൃംഖലയിലെ ഉപഭോക്താക്കളാണെന്നാണ് പോലീസ് സംശയിക്കുന്നത്.




