ബെംഗളൂരു: പതിമൂന്ന് ദിവസം മാത്രം പ്രായമുള്ള പെൺകുഞ്ഞിനെ ഭൂഗർഭ ജലസംഭരണിയിൽ എറിഞ്ഞ് കൊലപ്പെടുത്തിയ പിതാവ് അറസ്റ്റിൽ. കർണാടകയിലെ ചിക്കബെല്ലാപൂരിലാണ് മനുഷ്യ മനഃസാക്ഷിയെ ഞെട്ടിച്ച ഈ സംഭവം നടന്നത്. രണ്ടാമതും പെൺകുഞ്ഞ് ജനിച്ചതിലുള്ള ആഗ്രഹഭംഗവും ദേഷ്യവുമാണ് കൊലപാതകത്തിന് കാരണമെന്നാണ് ലഭിക്കുന്ന വിവരം. സംഭവത്തിൽ കുഞ്ഞിന്റെ പിതാവായ ഇമ്രാനെ പൊലീസ് കസ്റ്റഡിയിലെടുത്തു.
നാലു വർഷം മുൻപായിരുന്നു ഇവരുടെ വിവാഹം. ഈ ദമ്പതികളുടെ ആദ്യ കുട്ടിയും പെൺകുട്ടിയാണ്. കഴിഞ്ഞ പതിമൂന്ന് ദിവസങ്ങൾക്ക് മുൻപാണ് യുവതി രണ്ടാമത്തെ പെൺകുഞ്ഞിന് ജന്മം നൽകുന്നത്. പ്രസവ ശേഷം കുഞ്ഞുമായി യുവതി സ്വന്തം വീട്ടിൽ വിശ്രമത്തിൽ കഴിഞ്ഞു വരികയായിരുന്നു.
കഴിഞ്ഞ ദിവസം രാത്രി ഭാര്യവീട്ടിലെത്തിയ ഇമ്രാൻ, എല്ലാവരും ഉറങ്ങിയ സമയം നോക്കി ഉറങ്ങിക്കിടന്ന പിഞ്ചുകുഞ്ഞിനെയുമെടുത്ത് പുറത്തെ ഭൂഗർഭ ജലസംഭരണിയിൽ എറിയുകയായിരുന്നു. കൊലപാതകത്തിന് ശേഷം ഒന്നുമറിയാത്ത ഭാവത്തിൽ ഇയാൾ തിരികെ വന്ന് കിടന്നുറങ്ങി. പുലർച്ചെ ഉണർന്നപ്പോൾ കുഞ്ഞിനെ കാണാതായതോടെ വീട്ടുകാർ തിരച്ചിൽ ആരംഭിച്ചു. കുഞ്ഞിനായുള്ള തിരച്ചിലിൽ നാടകം കളിച്ച് ഇമ്രാനും പങ്കുചേർന്നു. വീടിന് പുറത്തുള്ള ജലസംഭരണി പരിശോധിക്കാൻ മുൻകൈ എടുത്തതും ഇമ്രാൻ തന്നെയായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് കുഞ്ഞിന്റെ തൊപ്പിയും സോക്സും വെള്ളത്തിൽ പൊങ്ങിനിൽക്കുന്നത് കണ്ടത്.
ഉടൻ തന്നെ മോട്ടോർ ഉപയോഗിച്ച് വെള്ളം വറ്റിച്ച് കുഞ്ഞിനെ പുറത്തെടുത്തുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇത്രയും ചെറിയ കുഞ്ഞ് ഒറ്റയ്ക്ക് നടന്ന് ജലസംഭരണിയുടെ അടുത്തെത്തില്ലെന്ന് ഉറപ്പായതോടെ പൊലീസ് അന്വേഷണം ഊർജിതമാക്കി. തുടർന്ന് വീട്ടുകാരെയും ഇമ്രാനെയും വിശദമായി ചോദ്യം ചെയ്തതോടെയാണ് നാടിനെ നടുക്കിയ സത്യാവസ്ഥ പുറത്തുവന്നത്.
സംഭവത്തിൽ പൊലീസ് ഉടനടി ഇമ്രാന്റെ അറസ്റ്റ് രേഖപ്പെടുത്തി. ഇനിയൊരു പെൺകുട്ടിയെക്കൂടി വളർത്താൻ തനിക്ക് താല്പര്യമില്ലായിരുന്നുവെന്നാണ് ഇയാൾ പൊലീസിന് നൽകിയ മൊഴി.




