ബംഗളൂരു മെട്രോപൊളിറ്റൻ ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ ബസ്സിൽ യാത്രക്കാരിയായ സ്ത്രീക്ക് നേരെ ലൈംഗിക അതിക്രമത്തിന് ശ്രമിച്ചയാളെ ബസ് ഡ്രൈവർ ചോദ്യം ചെയ്യുന്നതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുകയാണ്. ഈ സംഭവത്തോടെ പൊതുസുരക്ഷ, യാത്രക്കാരുടെ ഇടപെടൽ, നിയമപരമായ നടപടികളുടെ പ്രാധാന്യം എന്നിവയെക്കുറിച്ചുള്ള വലിയ ചർച്ചകൾ സോഷ്യൽ മീഡിയയിൽ വീണ്ടും സജീവമായിട്ടുണ്ട്.
റിപ്പോർട്ടുകൾ പ്രകാരം, ബെംഗളൂരുവിലെ തിരക്കേറിയ ഹെബ്ബാൾ – മാന്യത ടെക് പാർക്ക് റൂട്ടിൽ സർവീസ് നടത്തുന്ന ബസ്സിലാണ് ജൂലൈ 24-ന് സംഭവം നടന്നത്. യാത്രയ്ക്കിടെ തന്നോട് മോശമായി പെരുമാറിയ യാത്രക്കാരനെ സ്ത്രീ ബസ്സിന്റെ മുൻവശത്തു വെച്ച് ചോദ്യം ചെയ്യുകയും ഫോണിൽ ദൃശ്യങ്ങൾ പകർത്തുയും ചെയ്തു. മേൽവസ്ത്രമില്ലാതെ നിൽക്കുകയായിരുന്ന ഇയാളെ സ്ത്രീ ചോദ്യം ചെയ്യുന്നത് കണ്ടതോടെ മറ്റ് യാത്രക്കാരും വിഷയം ശ്രദ്ധിക്കാൻ തുടങ്ങി.
തർക്കം രൂക്ഷമായതോടെ ഡ്രൈവറായ പ്രവീൺ വിഷയത്തിൽ ഇടപെടുകയും, ഇയാൾ ബസ്സിൽ നിന്ന് ഇറങ്ങിപ്പോകാതിരിക്കാൻ തടഞ്ഞുവെക്കുകയും ചെയ്തു. ചോദ്യം ചെയ്യുന്നതിനിടെ ഇയാൾ ഡ്രൈവർക്ക് നേരെ തുപ്പിയതോടെ രംഗം കൂടുതൽ വഷളാവുകയും ഡ്രൈവർ ഇയാളെ മർദ്ദിക്കുകയും ചെയ്തു. ബ്രൗൺ ഷർട്ട് ധരിച്ച മറ്റൊരു യാത്രക്കാരനും ഇയാളെ പിടിച്ചുവെക്കാൻ ഡ്രൈവറെ സഹായിച്ചു. ഇയാൾ രക്ഷപ്പെടാതിരിക്കാൻ ബസ്സിന്റെ വാതിലുകൾ അടച്ചിട്ടിരിക്കുകയായിരുന്നു.
ഈ സംഭവത്തിൽ ഇതുവരെ പോലീസിൽ ഔദ്യോഗികമായി പരാതിയൊന്നും ലഭിച്ചിട്ടില്ല. ആരോപണങ്ങൾ അധികൃതർ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുമില്ല. പ്രതിയുടെ വിവരങ്ങൾ വെളിപ്പെടുത്തിയിട്ടില്ലെന്നും, വിഷയത്തിൽ ബി.എം.ടി.സി ആഭ്യന്തര അന്വേഷണം ആരംഭിച്ചിട്ടുണ്ടോ എന്ന കാര്യത്തിൽ വ്യക്തതയില്ലെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
സോഷ്യൽ മീഡിയയിൽ ഈ വീഡിയോയ്ക്ക് സമ്മിശ്ര പ്രതികരണങ്ങളാണ് ലഭിക്കുന്നത്. സ്ത്രീക്ക് പിന്തുണ നൽകാനും പ്രതിയെ തടയാനും ഉടൻ തന്നെ മുന്നോട്ടുവന്ന ഡ്രൈവറെ പലരും പ്രശംസിച്ചപ്പോൾ, ഇത്തരം സന്ദർഭങ്ങളിൽ കെയ്യേറ്റത്തിന് മുതിരാതെ കൃത്യമായ നിയമനടപടികളാണ് സ്വീകരിക്കേണ്ടതെന്ന് മറ്റ് ചിലർ ചൂണ്ടിക്കാണിക്കുന്നു.




