ഉഷ്ണകാലത്ത് കടുത്ത ചൂടില്‍ വിയര്‍ത്തു കുളിക്കുന്നസമയത്ത് നിങ്ങള്‍ ഫ്രിഡ്ജ് തുറക്കുന്നു. ശരീരഭാഗങ്ങളിലേയ്ക്ക് അടിച്ചു കയറുന്ന സുഖമുള്ള തണുപ്പ് അനുഭവിക്കുമ്പോള്‍ ഒരിക്കെലെങ്കിലും നിങ്ങള്‍ ചിന്തിച്ചിട്ടില്ലേ, കുറച്ചു സമയം ഇതിനുള്ളില്‍ കയറി ഇരുന്നലോ എന്ന്? ഇതാ അത്തരം ചിന്തകള്‍ യാഥാര്‍ത്ഥ്യമാകുന്നു.
വേനൽച്ചൂട് അതികഠിനമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ, ഉഷ്ണതരംഗത്തെ ചെറുക്കാൻ സഹായിക്കുന്നതിനായി ജപ്പാനിൽ കമ്പനികൾ പുതിയ സാങ്കേതികവിദ്യകൾ വികസിപ്പിച്ചെടുക്കുകയാണ്. അതിലൊന്നാണ് വ്യക്തിഗത ഉപയോഗത്തിനായുള്ള ഒരു കൂളിംഗ് ബൂത്ത്. നിർമ്മാതാക്കൾ ഇതിനെ “ഹ്യൂമൻ റഫ്രിജറേറ്റർ” അഥവാ മനുഷ്യർക്കുള്ള ഫ്രിഡ്ജ് എന്നാണ് വിശേഷിപ്പിക്കുന്നത്.
‘ദോ ഹിമോൺ ബോക്സ്’ (Do Hiemon Box) എന്ന് പേരിട്ടിരിക്കുന്ന ഈ കൂളിംഗ് ബൂത്ത്, ജാപ്പനീസ് റെഫ്രിജറേഷൻ കമ്പനിയായ എസ്.ഡി.ആർ.എസ് ആണ് വികസിപ്പിച്ചത്. ട്രസ്കോ നകായാമ എന്ന കമ്പനിയാണ് ഇത് വിപണിയിലെത്തിക്കുന്നത്. ജപ്പാനിലെ തണുപ്പിച്ച പാനീയങ്ങൾ നൽകുന്ന വെൻഡിംഗ് മെഷീനുകളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് മനുഷ്യശരീരത്തെ വേഗത്തിൽ തണുപ്പിക്കാൻ കഴിയുംവിധം ഈ ബൂത്ത് രൂപകൽപ്പന ചെയ്തിരിക്കുന്നത്.
ഈ ബൂത്തിനുള്ളിലെ താപനില 15 ഡിഗ്രി സെൽഷ്യസായി നിലനിൽക്കും. ഇതിനുള്ളിലെ കസേരയിൽ ഒരാൾ ഇരുന്നാൽ, തല, കഴുത്ത്, തോൾ, പുറംഭാഗം എന്നിവിടങ്ങളിലേക്ക് 5 ഡിഗ്രി സെൽഷ്യസിലുള്ള തണുത്ത കാറ്റ് നേരിട്ട് എത്തും. ഇത് ചൂടിൽ നിന്ന് ഉടനടി ആശ്വാസം നൽകും.
ഏകദേശം അഞ്ച് മിനിറ്റിനുള്ളിൽ തന്നെ ശരീരം നന്നായി തണുക്കുന്നതായി അനുഭവപ്പെടും. 10 മിനിറ്റ് വരെ ഇതിനുള്ളിൽ ചിലവഴിക്കുന്നത് ശരീരതാപനില വേഗത്തിൽ കുറയ്ക്കാനും ചൂടുമൂലമുണ്ടാകുന്ന തളർച്ച മാറ്റാനും സഹായിക്കും. നിർമ്മാണ മേഖലകൾ, ഫാക്ടറികൾ, ഗോഡൗണുകൾ, തുറസ്സായ സ്ഥലങ്ങളിലെ പരിപാടികൾ തുടങ്ങിയ ചൂടുള്ള അന്തരീക്ഷത്തിൽ ജോലി ചെയ്യുന്നവരെ ലക്ഷ്യമിട്ടാണ് ഇത് പ്രധാനമായും നിർമ്മിച്ചിരിക്കുന്നത്.
മൂന്ന് ഘട്ടങ്ങളിലുള്ള എയർഫ്ലോ ക്രമീകരണങ്ങളാണ് ഇതിലുള്ളത്. അമിതമായി തണുപ്പ് അടിക്കാതിരിക്കാൻ 20 മിനിറ്റിന് ശേഷം ഇത് താനേ ഓഫ് ആകും. സാധാരണ സ്‌പോട്ട് എയർ കണ്ടീഷണറുകൾ ഉപയോഗിക്കുന്ന വൈദ്യുതിയുടെ പകുതി മാത്രമേ ഇതിന് ആവശ്യമുള്ളൂ. പ്രത്യേകം ഫിറ്റ് ചെയ്യേണ്ട ആവശ്യമില്ലാത്ത ഇതിൽ ചക്രങ്ങൾ ഘടിപ്പിച്ചിട്ടുള്ളതിനാൽ വീടിനകത്തോ പുറത്തോ എളുപ്പത്തിൽ കൊണ്ടുപോകാനും സാധിക്കും.
അതീവ കഠിനമായ വേനൽച്ചൂടിലൂടെ ജപ്പാൻ കടന്നുപോകുന്ന സാഹചര്യത്തിലാണ് ഈ കണ്ടെത്തൽ. 40 ഡിഗ്രി സെൽഷ്യസിന് മുകളിൽ താപനില ഉയരുന്ന ദിവസങ്ങളെ സൂചിപ്പിക്കാൻ അടുത്തിടെ പുതിയ പദപ്രയോഗങ്ങൾ പോലും രാജ്യം അവതരിപ്പിച്ചിരുന്നു. ഉഷ്ണതരംഗം കാരണം ധാരാളം ആളുകളാണ് ആശുപത്രിയിലാകുന്നത്. ജൂലൈ 15-ന് മാത്രം ടോക്കിയോയിൽ 48 പേരെയാണ് അമിത ചൂടുമൂലം ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
വ്യാവസായിക ഉപകരണ വിതരണക്കാർ വഴി ദോ ഹിമോൺ ബോക്സ് ഇപ്പോൾ ജപ്പാനിൽ ലഭ്യമാണ്. നികുതി ഒഴിവാക്കി 1.5 മില്യൺ യെൻ (ഏകദേശം 15 ലക്ഷത്തോളം ജാപ്പനീസ് യെൻ) ആണ് ഇതിന്റെ വില. നിലവിൽ കമ്പനികളെയും സ്ഥാപനങ്ങളെയും ലക്ഷ്യമിട്ടാണ് ഇത് നിർമ്മിച്ചിരിക്കുന്നതെങ്കിലും, വേനൽച്ചൂട് വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ ഭാവിയിൽ പൊതുസ്ഥലങ്ങളിലും ഇത്തരം കൂളിംഗ് ബൂത്തുകൾ സാധാരണയായി മാറിയേക്കാമെന്നാണ് കമ്പനി കരുതുന്നത്.




