Featured Fitness

രണ്ടുവർഷം ചലനശേഷിയില്ലാതെ കിടപ്പില്‍, ഇന്ന് 27കിലോ ഭാരവുംപേറി മണിക്കൂറിൽ 847 പുഷ്-അപ്പുകൾ! വിസ്മയ പ്രകടനം- വീഡിയോ

സാധാരണക്കാരെ സംബന്ധിച്ചിടത്തോളം പുഷ്-അപ്പുകൾ എടുക്കുന്നത് തന്നെ ഏറെ ആയാസകരമാണ്. അപ്പോൾ കനത്ത ഭാരമുള്ള ബാഗും പുറത്തുവെച്ച് പുഷ്-അപ്പ് ചെയ്യുന്നത് ആലോചിക്കാൻ പോലും കഴിയില്ല. എന്നാൽ 41-കാരനായ രോഹ്താഷ് ചൗധരിയുടെ കാര്യം അങ്ങനെയല്ല. “ഇന്ത്യയുടെ പുഷ്-അപ്പ് മാൻ” എന്നറിയപ്പെടുന്ന അദ്ദേഹം, പുറത്ത് 27.21 കിലോഗ്രാം (60 പൗണ്ട്) ഭാരമുള്ള ബാഗും പേറി ഒരു മണിക്കൂറിൽ 847 പുഷ്-അപ്പുകൾ പൂർത്തിയാക്കി ഗിന്നസ് ലോക റെക്കോർഡ് സ്വന്തമാക്കിയിരിക്കുകയാണ്.

ന്യൂഡൽഹിയിലെ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ വെച്ചാണ് അദ്ദേഹം ഈ ചരിത്രനേട്ടം കൈവരിച്ചത്. 2023-ൽ സിറിയയുടെ സാമി ജോമ ഹസ്സൻ സ്ഥാപിച്ച ലോക റെക്കോർഡാണ് ഇതോടെ വഴിമാറിയത്.

ഗിന്നസ് വേൾഡ് റെക്കോർഡ്സിന്റെ ഔദ്യോഗിക ഇൻസ്റ്റാഗ്രാം പേജിൽ പങ്കുവെച്ച വീഡിയോയിൽ, കനത്ത ബാഗും ചുമന്ന് വേദയിലെത്തുന്ന രോഹ്താഷ് വളരെ കൃത്യതയോടെ പുഷ്-അപ്പുകൾ എടുക്കുന്നതും ഉദ്യോഗസ്ഥർ അത് എണ്ണുന്നതും കാണാം.

കേന്ദ്ര കായിക വകുപ്പ് മന്ത്രി മൻസുഖ് മാണ്ഡവ്യ ഈ റെക്കോർഡ് പ്രകടനത്തിന് നേരിട്ട് സാക്ഷ്യം വഹിക്കുകയും ഗിന്നസ് റെക്കോർഡ് ഉദ്യോഗസ്ഥയായ അയ്നി തുറബല്ലിക്കൊപ്പം അദ്ദേഹത്തിന് സർട്ടിഫിക്കറ്റ് കൈമാറുകയും ചെയ്തു. “റെക്കോർഡുകൾ തകർക്കാൻ മാത്രമല്ല, മനുഷ്യന്റെ കഴിവിന് അതിരുകളില്ലെന്ന് നമ്മെ ഓർമ്മിപ്പിക്കാൻ കൂടിയുള്ളതാണ്. നിങ്ങളിൽ വിശ്വസിക്കുകയും സ്ഥിരത പുലർത്തുകയും ചെയ്താൽ അസാധ്യമായതും നേടിയെടുക്കാം,” എന്ന് റെക്കോർഡ് നേട്ടത്തിന് ശേഷം രോഹ്താഷ് പ്രതികരിച്ചു.

ഈ നേട്ടത്തിനായി എല്ലാ ദിവസവും രാവിലെ ഭാരമുയർത്തിയുള്ള കർശനമായ പുഷ്-അപ്പ് പരിശീലനമാണ് അദ്ദേഹം നടത്തിയത്. ഇതിനോടൊപ്പം പ്രോട്ടീൻ സമ്പന്നമായ ഭക്ഷണക്രമവും മാനസികമായ കരുത്തും അദ്ദേഹം നിലനിർത്തി.

വർഷങ്ങൾക്ക് മുമ്പ് ഒരു വലിയ വാഹനാപകടത്തിൽപ്പെട്ട് രണ്ടു വർഷത്തോളം ചലനശേഷി നഷ്ടപ്പെട്ടിരുന്ന ആളാണ് രോഹ്താഷ് എന്ന വസ്തുത ഈ നേട്ടത്തിന്റെ മധുരം ഇരട്ടിയാക്കുന്നു. എന്നാൽ തളരാതെ തന്നിലെ ഇച്ഛാശക്തികൊണ്ട് തിരിച്ചുവന്ന അദ്ദേഹം പിന്നീട് റെക്കോർഡുകൾ ഓരോന്നായി തകർക്കാൻ തുടങ്ങി.

കഴിഞ്ഞ 10 വർഷമായി അദ്ദേഹം തുടർച്ചയായി ലോക റെക്കോർഡുകൾ തകർത്തുകൊണ്ടിരിക്കുകയാണെന്ന് ഗിന്നസ് അധികൃതർ പ്രസ്താവനയിൽ പറഞ്ഞു. യുവതലമുറയ്ക്ക് കായികക്ഷമതയുടെ പ്രാധാന്യം മനസ്സിലാക്കി കൊടുക്കാനാണ് താൻ ദിനവും പരിശീലനം നടത്തുന്നതെന്ന് രോഹ്താഷ് പറയുന്നു. കേന്ദ്ര സർക്കാരിന്റെ ‘ഫിറ്റ് ഇന്ത്യ’ പ്രസ്ഥാനത്തിന്റെ അംബാസഡർ കൂടിയാണ് അദ്ദേഹം.

Leave a Reply

Your email address will not be published. Required fields are marked *