Crime

ബുള്ളറ്റ് പ്രൂഫ് ധരിച്ചെത്തി; ജുവലറി തോക്കിൻമുനയിൽ കൊള്ളയടിച്ചു, ആകാശത്തേക്ക് വെടിയുതിർത്ത് സ്വര്‍ണം കൊണ്ടുപോയത് ചാക്കില്‍! വീഡിയോ

പട്ടാപ്പകല്‍ തോക്കുകളുമായി എത്തിയ ബുള്ളറ്റ് പ്രൂഫ് ജാക്കറ്റണിഞ്ഞ മൂന്ന് മുഖംമൂടി ധാരികൾ ജുവലറിയിൽ കയറി ജീവനക്കാരെയും ഉപഭോക്താക്കളെയും തോക്കിൻമുനയിൽ നിർത്തി സ്വർണാഭരണങ്ങളും പണവും കവർന്നു. രക്ഷപ്പെടുന്നതിനിടെ ഇവർ നിരവധി തവണ വെടിയുതിർക്കുകയും തുടർന്ന് ചാക്കില്‍ ​മോഷ്ടിച്ച സ്വര്‍ണ്ണവും പണവുമായി മോട്ടോർ സൈക്കിളിൽ കടന്നുകളയുകയുമായിരുന്നു. മഹാരാഷ്ട്രയിലെ പാൽഘർ ജില്ലയിലാണ് സംഭവം.

തിരക്കേറിയ വാഹന ഗതാഗതമുള്ള ഡഹാണു നഗരത്തിലെ ഇറാനി റോഡിലുള്ള ലക്ഷ്മി ജുവലേഴ്സിൽ തിങ്കളാഴ്ച വൈകുന്നേരം 4.30 ഓടെയായിരുന്നു സംഭവം. മൂന്ന് അപരിചിതർ ഒരു മോട്ടോർ സൈക്കിളിൽ ജുവലറിക്ക് മുന്നിലെത്തുകയും മുഖം മറച്ച് അകത്തു കടക്കുകയുമായിരുന്നുവെന്ന് പ്രാഥമിക അന്വേഷണ റിപ്പോർട്ടുകളെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്തു.

ഷോറൂമിനുള്ളിൽ പ്രവേശിച്ച ഇവർ ജീവനക്കാരെയും ഉപഭോക്താക്കളെയും തോക്കുകളും മറ്റ് മാരകായുധങ്ങളും കാട്ടി ഭീഷണിപ്പെടുത്തുകയും സ്വർണാഭരണങ്ങളും പണവും കവരുകയുമായിരുന്നു. എന്നാൽ കവർച്ച ചെയ്ത ആഭരണങ്ങളുടെയും പണത്തിന്റെയും കൃത്യമായ മൂല്യം ഇതുവരെ നിർണ്ണയിച്ചിട്ടില്ലെന്ന് അധികൃതർ അറിയിച്ചു. ആളുകൾ തങ്ങളെ പിന്തുടരുന്നത് തടയാനും തിരക്കേറിയ റോഡില്‍ നിന്ന് വേഗത്തിൽ രക്ഷപ്പെടാനുമാണ് പ്രതികൾ ഓടിപ്പോകുന്നതിനിടെ വെടിയുതിർത്തതെന്ന് പോലീസ് പറഞ്ഞു.

സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിൽ പ്രചരിക്കുന്നുണ്ട്. മുഖംമൂടി ധരിച്ച മൂന്ന് പേർ മാരകായുധങ്ങളുമായി ജുവലറിയിൽ പ്രവേശിക്കുന്നതും ജീവനക്കാരെയും ഉപഭോക്താക്കളെയും ഭീഷണിപ്പെടുത്തുന്നതും ഇതിൽ കാണാം. തൊട്ടുപിന്നാലെ, കൗണ്ടറുകളിൽ നിന്ന് വേഗത്തിൽ സാധനങ്ങൾ ശേഖരിച്ച് ഇവർ പുറത്തേക്ക് ഓടുന്നതും ദൃശ്യങ്ങളിലുണ്ട്.

വിവരമറിഞ്ഞ ഉടൻ തന്നെ ഡഹാണു പോലീസ് സ്റ്റേഷനിൽ നിന്നുള്ള സംഘം സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. തെരച്ചിൽ നടത്തിയെങ്കിലും പ്രതികളെ പിടികൂടാൻ കഴിഞ്ഞില്ല. പ്രതികളെ തിരിച്ചറിയുന്നതിനും അവർ രക്ഷപ്പെട്ട വഴി കണ്ടെത്തുന്നതിനുമായി ജുവലറിയിലെയും സമീപത്തെ റോഡുകളിലെയും സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു വരികയാണെന്ന് അന്വേഷണ ഉദ്യോഗസ്ഥർ അറിയിച്ചു. തെളിവുകൾ ശേഖരിക്കുന്നതിനായി ഫോറൻസിക് സംഘവും സ്ഥലത്തെത്തിയിട്ടുണ്ട്.

തിരക്കേറിയ മാർക്കറ്റ് പ്രദേശത്തുണ്ടായ ഈ വൻ കവർച്ച നാട്ടുകാർക്കും വ്യാപാരികൾക്കും ഇടയിൽ വലിയ പരിഭ്രാന്തി സൃഷ്ടിച്ചു. സിസിടിവി ദൃശ്യങ്ങൾ, ഫോറൻസിക് തെളിവുകൾ, സാക്ഷിമൊഴികൾ എന്നിവ കേന്ദ്രീകരിച്ചാണ് പോലീസ് അന്വേഷണം പുരോഗമിക്കുന്നത്. നിലവിൽ ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്നും കൂടുതൽ അന്വേഷണം നടന്നു വരികയാണെന്നും പോലീസ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *