ഫെയ്സ്ബുക്ക് വഴി പരിചയപ്പെട്ട കാമുകിയെ നേരിൽ കാണാൻ വിസയില്ലാതെ പാകിസ്താനിലേക്ക് കടന്ന ഉത്തർപ്രദേശുകാരനായ യുവാവ് അറസ്റ്റിലായി. അലിഗഡ് സ്വദേശിയായ ബാദൽ ബാബുവാണ് അതിർത്തി കടന്ന് പാകിസ്താനിലെത്തി പിടിയിലായത്. നിലവിൽ ലാഹോറിലെ ജില്ലാ ജയിലിൽ കഴിയുന്ന യുവാവിനെ തിരികെ നാട്ടിലെത്തിക്കാനുള്ള ശ്രമത്തിലാണ് ഇപ്പോൾ കുടുംബം.
ഡൽഹിയിൽ തയ്യൽ ജോലി ചെയ്തിരുന്ന ബാബു ഫെയ്സ്ബുക്കിലൂടെയാണ് പാകിസ്താൻ സ്വദേശിനിയായ സനയെ പരിചയപ്പെടുന്നത്. പിന്നീട് ഇവർ പ്രണയത്തിലാവുകയായിരുന്നു. 2024 ഓഗസ്റ്റിൽ പാകിസ്താനിലേക്ക് കടക്കാൻ ബാബു ആദ്യമായി ശ്രമിച്ചെങ്കിലും അത് പരാജയപ്പെട്ടു. തുടർന്ന് ഒക്ടോബർ 15-ന് വീട്ടിലുണ്ടായിരുന്ന തിരിച്ചറിയൽ രേഖകളെല്ലാം ഉപേക്ഷിച്ച് വിസയില്ലാതെ ഇയാൾ അതിർത്തി കടന്ന് പാകിസ്താനിലെത്തുകയായിരുന്നു.
എന്നാൽ പാകിസ്താനിലെത്തിയ ബാബുവിനെ കാമുകി സന കൈയൊഴിഞ്ഞതായി കുടുംബം പറയുന്നു. തുടർന്ന് അവിടെത്തന്നെ തുടരാൻ തീരുമാനിച്ച ബാബു ബന്ധുക്കളുമായി ഫോണിൽ സംസാരിക്കാറുണ്ടായിരുന്നു. അവിടെ ആടുമേയ്ക്കുന്ന ജോലി ചെയ്തുവരികയായിരുന്ന ഇയാളെ ഡിസംബറിൽ പാകിസ്താൻ പോലീസ് പിടികൂടി. ബാബുവിന്റെ സംസാര ശൈലിയിൽ സംശയം തോന്നിയ നാട്ടുകാർ പോലീസിൽ വിവരമറിയിക്കുകയായിരുന്നു. ഇതിനിടെ, താൻ ഇപ്പോൾ മടങ്ങിവരില്ലെന്നും വിഷമിക്കേണ്ടെന്നും താൻ മതം മാറിയെന്നും കുടുംബത്തോട് പറയുന്ന ബാബുവിന്റെ ഒരു വീഡിയോയും പുറത്തുവന്നിട്ടുണ്ട്. ജയിലിൽ നിന്ന് അഭിഭാഷകർ മുഖേന നടത്തിയ വീഡിയോ കോളിലാണ് ഇയാൾ ഇക്കാര്യം പറഞ്ഞത്.
ബാദൽ ബാബു തന്റെ ജയിൽ ശിക്ഷാ കാലാവധി പൂർത്തിയാക്കിയെങ്കിലും, ഇയാളെ ഇന്ത്യയിലേക്ക് തിരികെ എത്തിക്കാനുള്ള ഔദ്യോഗിക നടപടികൾ വൈകുകയാണെന്നാണ് കുടുംബത്തിന്റെ പരാതി. ജയിലിൽ കഴിയുന്ന തങ്ങളുടെ മകനെ എത്രയും വേഗം നാട്ടിൽ തിരിച്ചെത്തിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥും അടിയന്തരമായി ഇടപെടണമെന്നാണ് ബാബുവിന്റെ മാതാപിതാക്കളായ കൃപാൽ സിങ്ങും ഗായത്രി ദേവിയും ആവശ്യപ്പെടുന്നത്.




