Crime

അറുതിയില്ലാത്ത ആർത്തി; 150 കോടിയുടെ സ്വത്തുകൂടിവേണം ; മകന്‍ അച്‌ഛനെ വെടിവച്ചുകൊന്നു

ലഖ്‌നൗ: ശതകോടികൾ വിലമതിക്കുന്ന സ്വത്തിനെച്ചൊല്ലിയുള്ള തർക്കത്തെത്തുടർന്ന് മകൻ സ്വന്തം പിതാവിനെ വെടിവെച്ചു കൊലപ്പെടുത്തി. ഉത്തർപ്രദേശിലെ ഗാസിയാബാദിലുള്ള മോഡിനഗറിൽ ബുധനാഴ്ച രാത്രിയുണ്ടായ ദാരുണമായ കൊലപാതകം നാടിനെ നടുക്കി.
പ്രദേശത്തെ ധനികനായ കർഷകനും ഏകദേശം 150 കോടിയോളം രൂപയുടെ സ്വത്തിന് ഉടമയുമായ ഹരിഓം ചൗധരി (52) ആണ് മരിച്ചത്. മദ്യപിച്ചെത്തിയ മൂത്ത മകൻ നിഖിൽ (32) തന്റെ പിസ്റ്റൾ ഉപയോഗിച്ച് പിതാവിന് നേരെ നാലിലധികം തവണ വെടിയുതിർത്ത ശേഷം സംഭവസ്ഥലത്തുനിന്ന് ഓടി രക്ഷപ്പെടുകയായിരുന്നു.

പ്രതിക്കായി പോലീസ് നാല് പ്രത്യേക അന്വേഷണ സംഘങ്ങൾ രൂപീകരിച്ച് ഊർജിതമായ തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്. ആക്രമണം നടത്തുമ്പോൾ നിഖിൽ കടുത്ത മദ്യലഹരിയിലായിരുന്നുവെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. മോഡിനഗർ പോലീസ് സ്റ്റേഷൻ പരിധിയിലുള്ള ബുദാന ഗ്രാമത്തിലെ താമസക്കാരനായ ഹരിഓം ചൗധരി ഭാര്യ അനിതയ്ക്കും ഇളയ മകൻ നീഷുവിനുമൊപ്പമായിരുന്നു കഴിഞ്ഞിരുന്നത്. മൂത്ത മകൻ നിഖിൽ സ്ഥിരമായി മദ്യപിക്കുന്നതിനെച്ചൊല്ലി പിതാവ് പലപ്പോഴും ഇയാളെ കർശനമായി ശകാരിക്കാറുണ്ടായിരുന്നുവെന്ന് മോഡിനഗർ എസ്‌.പി. മാധ്യമങ്ങളോട് പറഞ്ഞു.

മാർക്കറ്റിലെ ചില കടമുറികളും 25 ഏക്കറോളം വരുന്ന ഭൂമിയും ചൗധരി നേരത്തെ തന്നെ നിഖിലിന്റെ പേരിൽ എഴുതിക്കൊടുത്തിരുന്നു. എന്നാൽ ബാക്കിയുള്ള സ്വത്തുക്കൾ കൂടി തന്റെ പേരിലേക്ക് ഉടൻ മാറ്റണമെന്ന് ആവശ്യപ്പെട്ട് നിഖിൽ നിരന്തരം സമ്മർദ്ദം ചെലുത്തിവരികയായിരുന്നു. ലഭിക്കുന്ന സ്വത്തെല്ലാം മകൻ മദ്യത്തിനും ആഡംബര ജീവിതത്തിനുമായി ധൂർത്തടിച്ചു കളയുമെന്ന് ഭയന്ന പിതാവ് ഈ ആവശ്യം പൂർണ്ണമായും നിരസിക്കുകയാണുണ്ടായത്. ഇതിന്റെ തുടർച്ചയായാണ് ബുധനാഴ്ച രാത്രിയിൽ വീടിനുള്ളിൽ വെച്ച് കനത്ത തർക്കവും കൊലപാതകവും അരങ്ങേറിയത്.

ബുധനാഴ്ച രാത്രി ചൗധരിയും ഭാര്യയും ഇളയ മകനും ഒന്നിച്ച് അത്താഴം കഴിച്ചുകൊണ്ടിരിക്കെയാണ് മദ്യപിച്ച നിലയിൽ നിഖിൽ വീട്ടിലെത്തിയത്. മദ്യപാനത്തെച്ചൊല്ലി പിതാവ് വഴക്കുപറഞ്ഞതോടെ ഇരുവരും തമ്മിൽ രൂക്ഷമായ വാക്കുതർക്കമുണ്ടായി. ഇതിനിടയിൽ പ്രകോപിതനായ നിഖിൽ കയ്യിലുണ്ടായിരുന്ന തോക്കെടുത്ത് പിതാവിന് നേരെ വെടിയുതിർക്കുകയായിരുന്നു. മുഖത്ത് ആദ്യത്തെ വെടിയേറ്റ ഉടൻ തന്നെ ചൗധരി നിലത്തുവീണു. തുടർന്ന് പ്രതി കട്ടിലിൽ കിടന്ന പിതാവിന്റെ മുഖത്തും നെഞ്ചിലും വയറിലുമായി വീണ്ടും പലതവണ വെടിവെച്ചു. അദ്ദേഹത്തിന്റെ ശരീരത്തിൽ നാലുമുതൽ ആറുവരെ വെടിയുണ്ടകൾ തറച്ചുകയറിയ പാടുകളുണ്ടെന്ന് പോലീസ് സ്ഥിരീകരിച്ചു. മുൻപ് 2018-ലും ഇതേ പ്രതി കുടുംബ വഴക്കിനെ തുടർന്ന് തന്റെ ഇളയ സഹോദരൻ നീഷുവിന് നേരെ വെടിയുതിർത്തിരുന്നതായി വിവരമുണ്ട്. ഈ പഴയ കേസിനെക്കുറിച്ചും പോലീസ് ഇപ്പോൾ വിശദമായി അന്വേഷിക്കുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *