Crime

ഭർത്താവ് കൊല്ലപ്പെട്ട നിലയില്‍, കുത്തേറ്റ്‌ മകന്‍; ഫോണില്‍ ‘തോണ്ടി’ അമ്മ തൊട്ടടുത്ത്‌! വനിതാ ഡോക്ടറുടെ ക്രൂരത!

കര്‍ണാടകയിലെ ധാര്‍വാഡില്‍ അപ്പാര്‍ട്ട്‌മെന്റ്‌ സമുച്ചയത്തില്‍ നാല്‍പ്പത്തിയഞ്ചുകാരനായ അനസ്‌തറ്റിസ്‌റ്റ് ഡോ. കിരണ്‍ ഹോണന്നവറെ രക്‌തത്തില്‍ കുളിച്ചു മരിച്ചനിലയില്‍ കണ്ടെത്തി. എട്ട്‌ വയസുള്ള മകന്‍ മറ്റൊരു മുറിയില്‍ പരുക്കേറ്റ്‌ കിടന്നു. ഭർത്താവ് മരിച്ചുകിടക്കുമ്പോഴും മകന് പരുക്കേറ്റിരിക്കുമ്പോഴും കുട്ടിയുടെ അമ്മ കട്ടിലിൽ കിടന്ന് ഫോൺ നോക്കുന്ന ദൃശ്യങ്ങളും ഇപ്പോൾ പുറത്തുവന്നിട്ടുണ്ട്.

ധാർവാഡ് കർണാടക യൂണിവേഴ്സിറ്റി റോഡിലെ റാങ്ക സ്റ്റെല്ലോ അപ്പാർട്ട്മെന്റിലാണ് ദാരുണമായ ഈ സംഭവം നടന്നത്. മണിക്കൂറുകളോളം ഫോണിൽ വിളിച്ചിട്ടും പ്രതികരണമില്ലാതിരുന്നതിനെ തുടർന്ന് ബന്ധുക്കൾ ഫ്ലാറ്റിന്റെ വാതിൽ തകർത്ത് അകത്തുകയറിയപ്പോഴാണ് ചോരയിൽ കുളിച്ചുകിടക്കുന്ന ഡോ. കിരണിനെ കണ്ടത്. തൊട്ടടുത്ത മുറിയിൽ മാരകമായി കുത്തേറ്റ നിലയിലായിരുന്ന മകന് ജീവനുണ്ടെന്ന് മനസിലായതോടെ അയൽക്കാരുടെ സഹായത്തോടെ ഉടൻ തന്നെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

സംഭവവുമായി ബന്ധപ്പെട്ട് കുട്ടിയുടെ അമ്മയും നേത്രരോഗ വിദഗ്ധയുമായ ഡോ. പ്രിയങ്കയെ പോലീസ് ചോദ്യം ചെയ്യാനായി കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അതിസുരക്ഷിതമായ ഈ അപ്പാർട്ട്മെന്റിലേക്ക് പുറത്തുനിന്ന് ആരും എത്തിയിട്ടില്ലെന്നാണ് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമാകുന്നത്. സംഭവസമയത്ത് ദമ്പതികളും മകനും മാത്രമാണ് ഫ്ലാറ്റിൽ ഉണ്ടായിരുന്നത്. പുറത്തുവന്ന ഒരു ദൃശ്യത്തിൽ ഷർട്ടില്ലാതെ ഡോ. കിരൺ തറയിൽ മരിച്ചുകിടക്കുമ്പോൾ, തൊട്ടടുത്ത മുറിയിൽ വസ്ത്രങ്ങൾ പുതപ്പിച്ച നിലയിലാണ് മകൻ കിടക്കുന്നത്. ഈ സമയം പ്രിയങ്ക യാതൊരു ഭാവവ്യത്യാസവുമില്ലാതെ കട്ടിലിൽ കിടന്ന് ഫോൺ ഉപയോഗിക്കുന്നത് ദൃശ്യങ്ങളിൽ വ്യക്തമാണ്.

ചൊവ്വാഴ്ച വൈകുന്നേരം മുതൽ ഡോ. കിരണിനെ ഫോണിൽ കിട്ടാതായതോടെയാണ് ബന്ധുക്കൾ അന്വേഷണം തുടങ്ങിയത്. എന്നാൽ പ്രിയങ്ക പലതവണ പരസ്പരവിരുദ്ധമായ മറുപടികളാണ് ഫോണിൽ നൽകിയത്. ഭർത്താവ് വിശ്രമിക്കുകയാണെന്നും പിന്നീട് അദ്ദേഹം പുറത്തുപോയെന്നും ഇവർ മാറ്റിപ്പറഞ്ഞു. സംശയം തോന്നിയ ബന്ധുക്കൾ അപ്പാർട്ട്മെന്റിലേക്ക് നേരിട്ടെത്തുകയായിരുന്നു. പോലീസ് എത്തുമ്പോൾ പ്രിയങ്ക കടുത്ത മാനസികാഘാതത്തിലായിരുന്നുവെന്നും പരസ്പരവിരുദ്ധമായാണ് സംസാരിച്ചതെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. പോലീസ് കേസ് രജിസ്റ്റർ ചെയ്ത് സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെയുള്ളവ പരിശോധിച്ച് വരികയാണ്. കുടുംബവഴക്കാണ് ഈ ദാരുണ സംഭവത്തിന് പിന്നിലെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.

Leave a Reply

Your email address will not be published. Required fields are marked *