അധ്യാപികയോ ഐ.എ.എസ് ഉദ്യോഗസ്ഥയോ ആകുന്നതിന് മുൻപ് സ്ത്രീകൾ ആദ്യം നല്ലൊരു അമ്മയാകാൻ ശ്രദ്ധിക്കണമെന്ന ഉപദേശവുമായി ഉത്തർപ്രദേശ് ഗവർണർ ആനന്ദിബെൻ പട്ടേൽ. കാൻപൂർ യൂണിവേഴ്സിറ്റിയിൽ വെച്ച് നടന്ന ബിരുദദാന ചടങ്ങിലാണ് ഔദ്യോഗിക ജീവിതം തിരഞ്ഞെടുക്കുന്നതിനെക്കുറിച്ച് വിദ്യാർത്ഥിനികളോട് സംസ്ഥാന സർവകലാശാലകളുടെ ചാൻസലർ കൂടിയായ ഗവർണർ സംസാരിച്ചത്.
ഒരു ഐ.എ.എസ് ഉദ്യോഗസ്ഥയോ അധ്യാപികയോ ഒക്കെയാകുന്നതിന് മുൻപ്, ആദ്യം നല്ലൊരു അമ്മയാകാൻ ശീലിക്കണമെന്നാണ് ആനന്ദിബെൻ പട്ടേൽ പറഞ്ഞത്. വീട്ടിൽ എങ്ങനെ ആഹാരം പാചകം ചെയ്യണമെന്ന് എല്ലാവരും അറിഞ്ഞിരിക്കണമെന്നും കുടുംബത്തോടുള്ള ഉത്തരവാദിത്തങ്ങൾ മാറ്റിവെച്ചുകൊണ്ടാവരുത് ഔദ്യോഗിക ജീവിതത്തിൽ വിജയം നേടേണ്ടതെന്നും അവർ ഓർമ്മിപ്പിച്ചു. അതേസമയം, വിവാഹ ശേഷവും പെൺകുട്ടികൾ പഠനവും ജോലിയും തുടരണമെന്നും ഔദ്യോഗിക ജീവിതത്തോടൊപ്പം തന്നെ കുടുംബത്തിനും സമൂഹത്തിനും വേണ്ടി നല്ല കാര്യങ്ങൾ ചെയ്യാൻ ശ്രദ്ധിക്കണമെന്നും ഗവർണർ കൂട്ടിച്ചേർത്തു.
മക്കളെ വളർത്തുന്നതിൽ മാതാപിതാക്കളുടെ ഭാഗത്തുനിന്നുണ്ടാകുന്ന ചെറിയൊരു വീഴ്ച പോലും അവരുടെ ഭാവിയെ മോശമായി ബാധിച്ചേക്കാം. കുട്ടികൾ സ്കൂളുകളിലും കോളേജുകളിലും ചേർന്നതിന് ശേഷവും അവരുടെ കാര്യങ്ങളിൽ കൃത്യമായി ഇടപെടാൻ മാതാപിതാക്കൾ തയ്യാറാകണം. ബിരുദങ്ങൾ നേടുന്നവരുടെ എണ്ണം കൂടുകയും എന്നാൽ സമൂഹത്തിൽ ലഹരി പോലുള്ള കുറ്റകൃത്യങ്ങൾ തുടരുകയും ചെയ്യുന്നുണ്ടെങ്കിൽ, അത് നമ്മുടെ വിദ്യാഭ്യാസത്തിന്റെ യഥാർത്ഥ അവസ്ഥയെയാണ് കാണിക്കുന്നത്. അതുകൊണ്ട് പുസ്തക അറിവുകൾ പോലെ തന്നെ പ്രധാനമാണ് ധാർമ്മിക മൂല്യങ്ങളെന്നും ഗവർണർ പറഞ്ഞു.
നേരത്തെ മറ്റൊരു സാങ്കേതിക സർവകലാശാലയുടെ ബിരുദദാന ചടങ്ങിൽ സംസാരിക്കവെ, വിവാഹത്തിന് മുൻപ് വിദ്യാർത്ഥികൾ സാമ്പത്തികമായി സ്വന്തം കാലിൽ നിൽക്കണമെന്ന് ആനന്ദിബെൻ പട്ടേൽ ഉപദേശിച്ചിരുന്നു. നിങ്ങൾക്ക് ആരെെയെങ്കിലും ഇഷ്ടമാണെങ്കിൽ ആദ്യം സാമ്പത്തിക ഭദ്രത ഉറപ്പാക്കുക, അതിനുശേഷം മാത്രം വിവാഹം കഴിക്കുക എന്നായിരുന്നു അന്ന് ഗവർണർ പറഞ്ഞത്. താൻ പ്രണയവിവാഹങ്ങൾക്ക് എതിരല്ലെന്ന് വ്യക്തമാക്കിയ അവർ, യുവാക്കൾ സ്വന്തം ജീവിതത്തെക്കുറിച്ച് കൃത്യമായ ധാരണയോടെ തീരുമാനങ്ങൾ എടുക്കണമെന്നും ആവശ്യപ്പെട്ടിരുന്നു.




